
നടൻ മധുവിന്റെ ജന്മദിനത്തില് ഗായകന് ജി. വേണുഗോപാല്‍ പങ്കുവച്ച കുറിപ്പിനെതിരെ വിമർശനം അറിയിച്ച് മകൾ ഉമ ജയലക്ഷ്മി. “യാഥാർത്ഥ്യമറിയാതെ അച്ഛനെ കുറിച്ചെഴുതിയ കുറിപ്പ് കണ്ട് ഞെട്ടിയെന്നും, ഇത്രയും അന്തസ്സോടെ 92 വർഷം ജീവിച്ചയാളെ തരം താഴ്ത്തി കണ്ടപ്പോൾ കണ്ടപ്പോൾ ദുഃഖം തോന്നിയെന്നും ഉമ ജയലക്ഷ്മി പറഞ്ഞു. മധുവിനെ പുകഴ്ത്തുകയാണെന്ന മട്ടില്‍ ജി. വേണുഗോപാല്‍ പങ്കുവച്ച കുറിപ്പ് അങ്ങേയറ്റം ഇകഴ്ത്തുന്നതാണെന്ന് ശ്രീകുമാരന്‍ തമ്പിയും പോസ്റ്റ് പങ്കു വെച്ചിരുന്നു ഈ പോസ്റ്റിനു താഴെയാണ് ഉമ ജയലക്ഷ്മി തന്റെ പ്രതികരണം അറിയിച്ചത്.
“യാഥാർത്ഥ്യമറിയാതെ എന്റെ അച്ഛനെക്കുറിച്ച് ഗായകൻ വേണുഗോപാൽ എഴുതിയ ആ പോസ്റ്റിൻ്റെ അവസാന ഭാഗം വായിച്ചപ്പോൾ മകളായ ഞാൻ ഞെട്ടിപ്പോയി. ഇത്രയും അന്തസ്സോടെ 92 വർഷം ജീവിച്ചയാളിനെ ഇങ്ങനെ വേണുഗോപാൽ തരം താഴ്ത്തി കണ്ടപ്പോൾ വലിയ ദുഃഖം തോന്നി. ഞാൻ അതിനു മറുപടിയായി ഒരു പോസ്റ്റ് ഇടണം എന്ന് ആലോചിച്ചു. അപ്പോഴാണ് തമ്പിയങ്കിളിന്റെ പേജിൽ ഈ പോസ്റ്റ് കണ്ടത്”. ഉമ ജയലക്ഷ്മി കുറിച്ചു.
“എനിക്ക് പറയാൻ കഴിയുന്നതിനേക്കാൾ ഭംഗിയായി അച്ഛനെ ഏറ്റവും അടുത്തറിയാവുന്ന തമ്പി അങ്കിൾ എഴുതിയിരിക്കുന്നു. അത് കണ്ടു ഞങ്ങൾക്കെല്ലാം ആശ്വാസമായി. അദ്ദേഹത്തിൻ്റെ മകൾ എന്ന നിലയ്ക്ക് ഒരു കാര്യം എനിക്ക് ഉറപ്പായും പറയാൻ കഴിയും. വേണുഗോപാലിന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ല. തമ്പിയങ്കിൾ ഉചിതമായ രീതിയിൽ അതിനെതിരെ പ്രതികരിച്ചതിൽ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു. അങ്കിളിൻ്റെ ഈ പോസ്റ്റ് ഞാൻ ഷെയർ ചെയ്തുകൊള്ളട്ടെ”, ഉമ ജയലക്ഷ്മി കൂട്ടിച്ചേർത്തു.
മധുവിന്റെ 92ാം പിറന്നാള്‍ ദിനത്തില്‍ ഗായകന് ജി. വേണുഗോപാല്‍ പങ്കുവച്ച കുറിപ്പ് വലിയ തോതില്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിരുന്നു. വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്ന സ്വഭാവം വേണുഗോപാലിനുണ്ടെന്നും തനിക്കും ചില അനുഭവങ്ങളുണ്ടെന്നും ആരോപിച്ച് ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയതോടെയാണ് ഗായകന്റെ കുറിപ്പ് വിവാദമായത്.
തിരുവനന്തപുരത്ത് കണ്ണമ്മൂലയുടെ കാതലായ ഭാഗം മുഴുവന്‍ ഭൂപ്രഭുക്കളായിരുന്ന മധുവിന്റെ കുടുംബ സ്വത്തായിരുന്നു. ഇന്ന് അദ്ദേഹം ഏകനായി താമസിക്കുന്ന ഒരു ചെറിയ വീട് മാത്രമാണ് ബാക്കിയുള്ളത്. സിനിമയില്‍ നിന്ന് കിട്ടിയതും കുടുംബ സ്വത്തും സിനിമയ്ക്ക് കൊടുത്തു എന്നുമായിരുന്നു വേണുഗോപാലിന്റെ കുറിപ്പ്. എന്നാല്‍, മധുവിന്റെ ജന്മദിനത്തില് അദ്ദേഹത്തെ പുകഴ്ത്തുകയാണെന്ന മട്ടില്‍ ജി. വേണുഗോപാല്‍ പങ്കുവച്ച കുറിപ്പ് അങ്ങേയറ്റം ഇകഴ്ത്തുന്നതാണെന്ന് ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചു .