‘അയാൾ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കും, പേടിക്കണ്ട’; ദൃശ്യം 3 നെ കുറിച്ച് മോഹൻലാൽ

','

' ); } ?>

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം മൂന്നാം ഭാഗത്തിനെ കുറിച്ച് സംസാരിച്ച് മോഹൻലാൽ. വീണ്ടും ജോർജ് കുട്ടിയിലേക്ക് എത്തുമ്പോൾ എന്തെങ്കിലും വെളിപ്പെടുത്തലുകൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മോഹൻലാൽ. ‘അയാൾ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കും, പേടിക്കണ്ട’ എന്നായിരുന്നു തമാശരൂപേണയുള്ള മോഹൻലാലിൻറെ മറുപടി. കൂടാതെ ആദ്യ രണ്ട് ഭാഗങ്ങൾ സ്വീകരിച്ചത് പോലെ മൂന്നാം ഭാഗവും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കട്ടെ എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

‘ഈ സിനിമ ഒരു തടസ്സവും കൂടാതെ ഷൂട്ടിംഗ് ആരംഭിക്കണം എന്ന് മാത്രമല്ല ഈ ചിത്രം ഒരു സൂപ്പർഹിറ്റ് ആകണമേ എന്നാണ് ഞാനും പ്രാർത്ഥിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളും മനസിലേറ്റിയ പ്രേക്ഷകർ ഈ മൂന്നാം ഭാഗത്തെയും സ്വീകരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ജോർജ് കുട്ടി എന്തെങ്കിലും ഒക്കെ കുഴപ്പം ഉണ്ടാക്കും, പേടിക്കണ്ട. പ്രേക്ഷകർക്കുള്ള ഈ എക്സൈറ്റ്മെൻ്റ് ആണ് ദൃശ്യത്തിന്റെ വിജയം’. മോഹൻലാൽ പറഞ്ഞു.

ഒരു സാധാരണ സിനിമയാണ് ദൃശ്യം 3 എന്നും അമിത പ്രതീക്ഷയോടെ ആരും വരരുതെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ ജീത്തു ജോസഫ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിക്കാനായി മോഹൻലാൽ ഡൽഹിയിലേക്ക് പോകും. മോഹൻലാൽ ഉൾപ്പെടെയുള്ളവർ ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയിട്ടുണ്ടായിരുന്നു. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കു കൂട്ടൽ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’.