
സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും,വ്ലോഗ്ഗറുമായ ജാസ്മിൻ ജാഫർ ഗുരുവായൂർ ക്ഷേത്ര കുളത്തിൽ വെച്ച് റീലെടുത്ത സംഭവത്തിൽ പ്രതികരിച്ച് സീരിയൽ ആർട്ടിസ്റ്റ് ക്രിസ് വേണുഗോപാൽ. “സംഭവത്തിൽ ശരിയോ തെറ്റോ എന്നൊന്നില്ല എന്നും, ചെയ്യാൻ പാടില്ല എന്ന് പറയുന്ന കാര്യം ചെയ്യുന്നതല്ല പരിഷ്കാരമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നാളെ താനൊരു പള്ളിയിൽ പോയി ഗണപതി ഹോമം ചെയ്താൽ പരിഷ്കാരികൾ അംഗീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഗുരുവായൂർ ക്ഷേത്ര കുളത്തിൽ വെച്ച് റീലെടുത്ത സംഭവത്തിൽ ശരിയോ തെറ്റോ എന്ന് പറയുന്നില്ല. ചെയ്യാൻ പാടില്ല എന്ന് പറയുന്ന കാര്യം ചെയ്യുന്നതല്ല പരിഷ്കാരം. അങ്ങനെയാണെങ്കിൽ നാളെ ഞാനൊരു പള്ളിയിൽ പോയി ഗണപതി ഹോമമോ, ഗോ പൂജയോ ചെയ്താൽ ഈ പറയുന്ന പരിഷ്കാരികൾ അംഗീകരിക്കുമോ?. ഒരിക്കലുമില്ല. ഇവിടെ എത്രയോ കുളങ്ങളുണ്ടായിട്ടും, ആ കുളത്തിൽ തന്നെ പോയി റീല്‍ എടുത്തത് താൻ എന്തോ വലുതായിട്ട് ചെയ്തു എന്ന് കാണിക്കാൻ വേണ്ടിയിട്ടാണ്”. ക്രിസ് വേണുഗോപാൽ പറഞ്ഞു.
ക്ഷേത്രത്തിൻ്റെ ഭാഗം എന്ന നിലയിൽ ക്ഷേത്രക്കുളത്തിലും വീഡിയോ ചിത്രീകരണത്തിനും വിലക്കേർപ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് ജാസ്മിൻ ജാഫർ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തീര്‍ഥക്കുളത്തില്‍ കാല് കഴുകിയുള്ള റീല്‍സ് ചിത്രീകരിച്ചത്. റീൽസ് ചിത്രീകരണത്തിൽ ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ ടെമ്പിൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ജാസ്മിൻ ജാഫർ വീഡിയോ നീക്കം ചെയ്തിരുന്നു. പിന്നാലെ ക്ഷേത്രത്തില്‍ 6 ദിവസത്തെ പൂജകളും ശീവേലിയും നടത്താനും തീരുമാനിച്ചു. എന്നാൽ ഇത് മനുഷ്യത്വ രഹിതമാണെന്നും, മതത്തിന്റെ പേരിൽ ആരെയും മാറ്റി നിർത്താൻ പാടില്ലെന്നും പറഞ്ഞ് നിരവധി പേരാണ് രംഗത്ത് വന്നിരുന്നത്.