
അർജുൻ അശോകൻ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ‘തലവര’യെ പ്രശംസിച്ച് നടി മംമ്ത മോഹൻ ദാസ്. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഏറെക്കാലമായി കാത്തിരുന്ന സൂപ്പർ ഹീറോയിൻ ചിത്രങ്ങളെ ആഘോഷിക്കുന്നതിനിടെ നിരവധി സൂപ്പർ ഹീറോകളുടെയും ഹീറോയിനുകളുടെയും ജീവിതത്തെ പ്രതിനിധീകരിക്കുന്ന, ദിനേന യഥാർഥ പോരാട്ടം നടത്തുന്നവരുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഹീറോയിലേക്കുകൂടി നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ ആഗ്രഹിക്കുന്നു. തലവര ചെയ്യാൻ തീരുമാനിച്ച അർജുൻ അശോകനും പുതുമുഖ സംവിധായകൻ കൂടിയായ അഖിൽ അനിൽകുമാറിനും നന്ദി.ആരുടെയും വികാരങ്ങളെ വേദനിപ്പിക്കാതെ ലളിതവും ആസ്വാദ്യകരവുമായി ചിത്രം എടുത്തതിനെ അഭിനന്ദിക്കുന്നു.നമുക്ക് ചുറ്റും ജീവിക്കുന്ന എല്ലാ പാണ്ടകൾക്കും കൂടുതൽ കരുത്ത് ലഭിക്കട്ടെ’. മംമ്ത മോഹൻദാസ് കുറിച്ചു.
വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് നടി മംമ്ത മോഹൻദാസ് നേരത്തേ പറഞ്ഞിട്ടുണ്ട്. ലോക വിറ്റിലിഗോ ദിനത്തിൽ തൊലിയുടെ നിറംമാറിയ തന്റെ കൈയിന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. ഷെബിൻ ബക്കറും മഹേഷ് നാരായണനും ചേർന്ന് നിർമിച്ച് അഖിൽ അനിൽകുമാറിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘തലവര’. പാലക്കാടിൻറെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രത്തിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിൻറെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് അർജുൻ അശോകൻ അവതരിപ്പിച്ചിരിക്കുന്നത്.
‘പാണ്ട’ എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകൾ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്.