മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണ ചുമതല കൊച്ചി സിറ്റി ഡിസിപിക്ക് കൈമാറി

','

' ); } ?>

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണ ചുമതല കൊച്ചി സിറ്റി ഡിസിപി (അഡ്മിനിസ്‌ട്രേഷൻ ആൻഡ് ക്രൈംസ്) വിനോദ് പിള്ളയ്ക്ക് കൈമാറി. കേസിൽ ക്രമക്കേട് നടന്നതായി പറയുന്ന തുകയുടെ വ്യാപ്തിയും, അന്വേഷണത്തിലെ വിശ്വാസ്യതയ്ക്കെതിരേ പരാതിക്കാരന്റെ അഭിഭാഷകൻ നിയമനടപടി സ്വീകരിച്ചതും കണക്കിലെടുത്താണ് പുതിയ ഉത്തരവ്. മരട് പോലീസ് അന്വഷിച്ചിരുന്ന കേസാണ് ഡിസിപിക്ക് കൈമാറിയത്. സംഘത്തിൽ മുൻപ് കേസിന്റെ അന്വേഷണച്ചുമതല വഹിച്ചിരുന്ന എസിപി പി. രാജ്കുമാർ, എസിപി ലത്തീഫ് എന്നിവരും ഉണ്ടാകും.

‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമാ നിർമാതാക്കൾക്ക് ലാഭവിഹിതം നൽകാതെ പറ്റിച്ച കേസിലെ പ്രതികളെ സഹായിക്കുന്ന തരത്തിൽ നടൻ സൗബിൻ ഷാഹിർ ഉൾപ്പെട്ട കേസിൽ കാലതാമസം ഉണ്ടാക്കി പ്രതികളെ സഹായിക്കുന്നതിനായി ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകൾ ഫയലിൽ നിന്നെടുത്തുമാറ്റിയതായും പരാതി ഉയർന്നിരുന്നു. കേസിന്റെ പുരോഗതി വിലയിരുത്താൻ ഫയൽ വിളിച്ചുവരുത്തി ഡിസിപി പരിശോധന നടത്തിയ സമയത്താണ് ക്രമക്കേട് കണ്ടത്. തുടർന്ന് കേസിൽ പ്രതികളെ സഹായിക്കുന്ന തരത്തിൽ നടപടിയെടുത്തെന്ന പരാതിയിൽ മരട് എസ്ഐയെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ടായിരുന്നു.

കേസില്‍ സൗബിന്‍ ഷാഹിര്‍, സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ സിറാജ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രതികൾക്ക് ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെ എന്നായിരുന്നു സിറാജിന്റെ പരാതി.

എന്നാൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ “പരാതിക്കാരന് പണം മുഴുവൻ താൻ നൽകിയെന്നും എന്നാൽ ചിത്രത്തിന്റെ ലാഭ വിഹിതം മാത്രമാണ് നൽകാൻ ഉള്ളതെന്നും” നടൻ സൗബിൻ ഷാഹിർ മൊഴി നൽകിയിരുന്നു. കൂടാതെ ലാഭം വിഹിതം നൽകാൻ താൻ പണം കണ്ടു വെച്ചിട്ടുണ്ടെന്നും അത് നൽകാൻ ഇരിക്കെ ആണ് പരാതി  നൽകിയതെന്നും സൗബിൻ പ്രതികരിച്ചിരുന്നു.

പ്രതികൾക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഇവരുടെ മുൻകൂർ ജാമ്യം കോടതി തള്ളിയെങ്കിലും രണ്ടാമത്തെ തവണ നിബന്ധനകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികൾ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ വിളിക്കുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിബന്ധനയോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇരുന്നൂറ്‌ കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയ ബോക്സോഫീസ് കളക്ഷൻ. 2024ൽ ഇറങ്ങിയ ചിത്രം കേരളത്തിനകത്തും പുറത്തും വലിയ സ്വീകാര്യത നേടിയിരുന്നു.