
മമ്മൂട്ടിയ്ക്കായി വഴിപാട് കഴിപ്പിച്ചതിനെക്കുറിച്ചും പ്രാര്‍ത്ഥിച്ചതിനെക്കുറിച്ചുമൊക്കെ തുറന്നു സംസാരിച്ച് നടൻ മോഹൻലാൽ. ഏറ്റവും അടുപ്പമുള്ളെരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും, അതിനെ തെറ്റിദ്ധരിക്കുന്നതിൽ സങ്കടമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ന്യുസ് 18 ന് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അടുപ്പമുള്ള രണ്ട് പേര് എങ്ങനെയാകണമെന്ന് ഞാന്‍ കാണിച്ചു തരേണ്ട ആവശ്യമില്ലല്ലോ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള, ഏറ്റവും അടുപ്പമുള്ളെരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് കുഴപ്പം? അതിനെ തെറ്റിദ്ധരിക്കുക എന്ന് പറയുന്നതിലാണ് സങ്കടം. ഒരാളെ സ്നേഹിക്കാനോ അയാള്‍ക്ക് വേണ്ടി എന്തെങ്കിലും പറയാനോ ചിന്തിക്കാനോ വേണ്ടി മതം നോക്കേണ്ട കാര്യമില്ല. സിനിമയില്‍ അങ്ങനെയൊന്നുമില്ല. കഥാപാത്രം ചെയ്യുമ്പോള്‍ മതം നോക്കിയാണോ ചെയ്യുന്നത്?’ മോഹൻലാൽ ചോദിച്ചു.
അദ്ദേഹത്തോട് ഞാന്‍ പലപ്പോഴും സംസാരിക്കാറുണ്ട്. ഒരു സംശയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ അതെല്ലാം മാറി. കാര്‍മേഘം മാറിയത് പോലെ. അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായിരിക്കുന്നു. എല്ലാ ദിവസവും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്. ആ പ്രാര്‍ത്ഥന ദൈവം കേട്ടു. ഞാന്‍ മാത്രമല്ല ലക്ഷക്കണക്കിന് ആളുകളും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. അത് ഫലം കണ്ടു. എന്റെ കൂടെയാണ് അദ്ദേഹം വീണ്ടും അഭിനയിക്കാന്‍ പോകുന്നത്. ഞങ്ങള്‍ ഒരുമിച്ചുള്ള കുറച്ച് ഭാഗങ്ങള്‍ ബാക്കിയുണ്ട്. അതിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം സെപ്തംബര്‍ ആദ്യ വാരം തന്നെ മമ്മൂട്ടി ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങിയെത്തും. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മഹേഷ് നാരായണന് ചിത്രത്തിന്റെ സെറ്റിലേക്കായിരിക്കും താരം ആദ്യമെത്തുക. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേ മാസങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മെഗാ സ്റ്റാര്‍. തന്റെ ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്ത് മമ്മൂട്ടി തിരികെ വരുന്നുവെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് സിനിമാ ലോകവും ആരാധകരും ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയയിലെങ്ങും മമ്മൂട്ടിയ്ക്ക് വേണ്ടിയുള്ള കുറിപ്പുകളായിരുന്നു.
നേരത്തെ മമ്മൂട്ടിയ്ക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ പോയതും പൂജ കഴിപ്പിച്ചതുമെല്ലാം വാര്‍ത്തയായിരുന്നു. മമ്മൂട്ടി രോഗമുക്തനായ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തെ ചുംബിക്കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കിട്ടതും വൈറലായി മാറി.