“പേട്രിയറ്റിന് ശേഷം നിതീഷ് സഹദേവ് സിനിമയുടെ സെറ്റിലേക്ക്”; സിനിമയിൽ സജീവമാവാനൊരുങ്ങി മമ്മൂട്ടി

','

' ); } ?>

ആരോഗ്യ നില തൃപ്തികരമെന്ന വാർത്തകൾക്ക് പിന്നാലെ സിനിമയിൽ സജീവമാവാനൊരുങ്ങി നടൻ മമ്മൂട്ടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ആയിരുന്നു മമ്മൂട്ടി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടവേള എടുത്തത്. വൈകാതെ തന്നെ അദ്ദേഹം ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഇതിന് ശേഷം നിതീഷ് സഹദേവ് സിനിമയുടെ സെറ്റിലേക്ക് മമ്മൂട്ടി എത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ചിത്രത്തിൽ മമ്മൂട്ടിയിടെ കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ വ്യത്യസ്തമായ ഒരു സ്ലാങ്ങിൽ ആവും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയും, കാവ്യാ ഫിലിംസും ചേർന്നാണ്. ഈ വർഷം ആദ്യമായിരുന്നു മമ്മൂട്ടിയ്‌ക്കൊപ്പം സിനിമ ചെയ്യുന്നതായി നിതീഷ് സഹദേവ് അറിയിച്ചത്. സൂപ്പർഹിറ്റ് കോമഡി റോഡ് മൂവി ഫാലിമിക്ക് ശേഷം നിതിഷ് ഒരുക്കുന്ന സിനിമയാണിത്. കളങ്കാവലാണ് മമ്മൂട്ടിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

നടന്റെ ആരോഗ്യം തൃപ്തികരമാണെന്ന് അറിയിച്ചു കൊണ്ടുള്ള നിർമാതാവ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് പുറകെ ആവേശത്തിലാണ് ആരാധകർ. മമ്മൂട്ടിയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു. ദൈവമേ നന്ദി, ആനന്ദി, നന്ദി”, എന്നാണ് ആന്റോ ജോസഫ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ മറ്റു സൂചനകളൊന്നും നല്‍കിയിരുന്നില്ല.

“സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി!”.എന്ന് മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ജോര്‍ജ് എസ് തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചതിനു പിന്നാലെയാണ് ജോർജിന്റെ പോസ്റ്റും സോഷ്യൽ മീഡിയയിൽ നിറയുന്നത്.

മോഹൻലാലടക്കമുളള താരങ്ങളും സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചത്. മലയാളികൾ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു മോഹൻലാലിന്റേത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു.