
സിനിമ നിർമ്മാണരംഗത്തെ കുറിച്ചുള്ള തന്റെ പരാമർശങ്ങളെ മാധ്യമങ്ങൾ വളച്ചൊടിച്ചാണ് റിപ്പോർട്ട് ചെയ്തതെന്ന് പ്രതികരിച്ച് നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാം. “പത്തുപതിനഞ്ചു കോടി രൂപ മുടക്കി ഞാൻ സിനിമയുണ്ടാക്കി എനിക്ക് നഷ്ടം വന്നു, വീട് പണയം വെക്കേണ്ടിവന്നു” എന്ന തരത്തിൽ വാർത്തകൾ വന്നത് ശരിയായ രീതിയല്ലെന്ന് ഷീലു എബ്രഹാം പറഞ്ഞു. റിപ്പോർട്ടർ ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
“മാധ്യമങ്ങൾ വാർത്തകൾ നൽകുന്നതിന് മുൻപ് സത്യസന്ധമാണോ എന്ന് ചോദിച്ച് എന്നെ സമീപിച്ചിട്ടില്ല. തമാശരൂപേണ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. എന്റെ രണ്ട് സിനിമകൾക്ക് നഷ്ടം വന്നിട്ടുണ്ടെന്ന് ഞാൻ പറഞ്ഞത്, സിനിമ നിർമ്മാണം എന്ന ബിസിനസ്സ് എത്രത്തോളം അപകടകരമാണെന്ന് പുതിയ നിർമ്മാതാക്കൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയായിരുന്നു. ഞാൻ അനുഭവിച്ച അതേ വിഷമങ്ങൾ മറ്റു നിർമ്മാതാക്കൾക്കും ഉണ്ടാകാതിരിക്കാനാണ് ഞാൻ അത്തരമൊരു പരാമർശം നടത്തിയത്”. ഷീലു എബ്രഹാം പറഞ്ഞു.
“സിനിമയെക്കുറിച്ച് യാതൊരു ധാരണയുമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ സിനിമയിൽ വന്നതിന് ശേഷം ഞാൻ അഹങ്കാരിയായി മാറി. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരുപാട് അറിവുകൾ ലഭിച്ചു. സിനിമയിലെ നഷ്ടം ഒരു നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്നമാണ്”. ഷീലു എബ്രഹാം കൂട്ടിച്ചേർത്തു.