“അമ്മയിലെ ഹാർഡ് ഡിസ്ക്ക് വിവാദം തെരഞ്ഞെടുപ്പ് തന്ത്രം”; മാലാ പാർവതി

','

' ); } ?>

അമ്മയിലെ ഹാർഡ് ഡിസ്ക്ക് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് തുറന്നടിച്ച് നടി മാലാ പാർവതി. സിനിമ മേഖലയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച മീറ്റിങിന്‍റെ ഹാര്‍ഡ് ഡിസ്ക് കുക്കു പരമേശ്വരന്‍റെ കൈവശമുണ്ടെന്ന നടി പൊന്നമ്മ ബാബുവിന്റെ ആരോപണത്തെയാണ് മാലാ പാർവതി ശക്തമായി എതിർത്തിരിക്കുന്നത്. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും വിഷയം ഉന്നയിച്ചിട്ടില്ലെന്നും ഐസി അംഗമായിരുന്ന തന്‍റെ മുന്നിലും പരാതി വന്നിരുന്നില്ലെന്നും മാലാ പാര്‍വതി പറഞ്ഞു. കൂടാതെ ഹേമാ കമ്മറ്റിക്ക് മുന്നിലും ഇങ്ങനെയൊരു പ്രശ്നം പറഞ്ഞതായി കണ്ടില്ലെന്നും മാല പാർവതി കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രസ്താവന.

” 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇത്തരമൊരു വിഷയം ആരും ഉന്നയിച്ചിട്ടില്ല. അമ്മയുടെ ഐസി അംഗമായിരുന്ന എന്റെ അടുത്തും, ഹേമാ കമ്മറ്റിക്ക് മുന്നിലും ഇത്തരം പരാതിയുമായി ആരും വന്നിട്ടില്ല. പൊന്നമ്മ ബാബു പറയുന്നത് നടിമാർ ദുരനുഭവങ്ങൾ പറഞ്ഞ വീഡിയോ അടങ്ങിയ മെമ്മറി കാർഡ് കുക്കു പരമേശ്വരന്‍റെ കയ്യിലാണ് എന്നാണ്. എന്നാൽ, കുക്കു പരമേശ്വരൻ അന്ന് ഒരു കമ്മറ്റിയിലും ഉണ്ടായിരുന്നില്ല. ആരോപണ വിധേയനായതുകൊണ്ട് ബാബുരാജ് മാറി നിൽക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു. അന്നേ പണി വരുന്നുണ്ട് എന്ന് തോന്നി. ശക്തര്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ ഭീഷണികള്‍ സ്വാഭാവികമാണ്. എന്നാൽ ഇപ്പോഴത്തെ ആരോപണം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുക്കു പരമേശ്വരനെ തോൽപ്പിക്കാനാണ്”. മാലാ പാർവതി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നടി പൊന്നമ്മ ബാബു ആരോപണവുമായി രംഗത്തെത്തുന്നത്. ഹേമ കമ്മറ്റി രൂപീകരിക്കുന്നതിന് മുൻപ് താരസംഘടനയായ A.M.M.A യിലെ സ്ത്രീകൾ ഒരുമിച്ചുകൂടി അവതരിപ്പിച്ച മീറ്റിങ്ങിന്റെ ഹാര്‍ഡ് ഡിസ്കാണത്. ആ ഹാർഡ് ഡിസ്ക് കുക്കു പരമേശ്വരന്റെ കയ്യിലാണെന്ന് ആ മീറ്റിൽ പങ്കെടുത്ത എല്ലാവരും ഉറച്ച് വിശ്വസിക്കുന്നുണ്ടെന്നും വിഷയത്തിൽ ഇനി പിന്നോട്ടില്ലെന്നും പൊന്നമ്മ ബാബു പ്രതികരിച്ചു. A.M.M.A തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെയാണ് വിമര്‍ശനവുമായി താരങ്ങള്‍ രംഗത്ത് എത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പ് കുക്കു പരമേശ്വരന്‍റെ നേതൃത്വത്തില്‍ സ്ത്രീകളുടെ യോഗം നടന്നിട്ടുണ്ടായിരുന്നു. അതിന്റെ മെമ്മറി കാർഡ് ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേർന്നായിരുന്നു സൂക്ഷിച്ചത്. എന്നാൽ മെമ്മറി കാർഡ് പിന്നീട് നശിപ്പിച്ചെന്നാണ് കുക്കു പരമേശ്വരന്‍ പറഞ്ഞത്.

മെമ്മറി കാർഡ് ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ടെന്നും, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി വന്നാൽ ഇതുവെച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും പൊന്നമ്മ ബാബു നേരത്തെ പറഞ്ഞിരുന്നു. നേരത്തെ നടി പ്രിയങ്കയും കുക്കു പരമേശ്വരന് എതിരെ രംഗത്ത് വന്നിരുന്നു. യോഗത്തില്‍ കാമറ ഉണ്ടായിരുന്നെന്നും ഒരു തെളിവിന് വേണ്ടിയാണ് കാമറ വെച്ചതെന്നായിരുന്നു കുക്കൂ പരമേശ്വരന്‍ പറഞ്ഞതെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. എന്നാല്‍ യോഗത്തില്‍ ഒരാള്‍ പറഞ്ഞ കാര്യം അടുത്തിടെ ലീക്കായെന്നും പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.

ഓഗസ്റ്റ് 15 നാണ് താരസംഘടനയുടെ പുതിയ കമ്മറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കമ്മറ്റി പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സംഘടനയുടെ പ്രവര്‍ത്തനം.