
പ്രദർശനാനുമതി നൽകിയ സിനിമകളെ സെൻസർ ബോർഡ് തിരിച്ചുവിളിച്ചതുമായി ബന്ധപ്പെട്ട് വിശദാംശങ്ങളില്ലെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. കഴിഞ്ഞ അഞ്ച് വർഷമായി എത്ര സിനിമകളാണ് തിരിച്ചുവിളിച്ചത്, ഏതൊക്കെയാണ് അവ, ബോർഡിന് അതിനുള്ള നിയമവകാശമുണ്ടോ തുടങ്ങിയ സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മന്ത്രാലയം വ്യക്തമല്ലാത്ത മറുപടികൾ നൽകിയത്.
1952-ലെ സിനിമാട്ടോഗ്രാഫി നിയമത്തിലെ പുനഃപരിശോധനാ വ്യവസ്ഥ 2023-ലെ നിയമത്തിൽ നിന്ന് ഒഴിവാക്കിയതായി വാർത്താവിതരണ സഹമന്ത്രി എൽ. മുരുകൻ രേഖാമൂലം നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, 2024-ലെ പുതിയ നിയമപ്രകാരം അപേക്ഷകനും ചെയർമാനും പുനഃപരിശോധനയ്ക്കുള്ള അവകാശം നിലനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റുള്ള വിവരങ്ങളൊന്നും നൽകിയിട്ടില്ല. വിവരങ്ങളുടെ അഭാവം സെൻസർ ബോർഡിന്റെ ലക്ഷ്യംവെച്ച നടപടികളേയും ഏകപക്ഷീയതയേയും ചൂണ്ടിക്കാണിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.