
ടൊറൊന്റോ രാജ്യാന്തരചലച്ചിത്രമേളയിലേക്ക് ഈ വർഷം മൂന്ന് ഇന്ത്യൻ ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ അമ്പതാം പിറന്നാളാഘോഷിക്കുന്ന ചലച്ചിത്രമേളയിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 74 പ്രധാനചിത്രങ്ങളുടെ പട്ടികയിലാണ് മൂന്ന് ഇന്ത്യൻ ചിത്രങ്ങൾ ഇടം നേടിയിട്ടുള്ളത്. കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നീരജ് ഗയാവാന്റെ ‘ഹോംബൗണ്ട്’, അനുരാഗ് കാശ്യപിന്റെ ‘മങ്കി ഇന്‍ എ കെയ്ജ്’, രമേഷ് സിപ്പിയുടെ ‘ഷോലെ’ (പുതിയ പതിപ്പിന്റെ പ്രദര്‍ശനം) എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ. സെപ്റ്റംബര്‍ 4 മുതല്‍ 14 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ഇവിടെനിന്നു തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളാണ് സാധാരണയായി ഓസ്കര് വേദികളിൽ പരിഗണിക്കുക.
നീരജ് ഗയാവാന്റെ ആദ്യമായാണ് ടൊറോന്റോയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഇഷാന് ഖട്ടര്‍, വിശാല്‍ ജെത്വ, ജാൻവി കപൂര്‍ എന്നിവരാണ് ‘ഹോംബൗണ്ടി”ലെ പ്രധാന കഥാപാത്രങ്ങൾ. രണ്ടു ബാല്യകാലസുഹൃത്തുക്കളുടെ കഥപറയുന്ന ഈ ചിത്രം നീരജ് ഗയാവാന്റെ രണ്ടാമത്തെ കഥാചിത്രമാണ്. വിക്കി കൗശലും റിച്ചാ ഛദ്ദയും അഭിനയിച്ച, ആദ്യചിത്രമായ ‘മസാന്’ 2015 ലെ കാന്‍ ചലച്ചിത്രമേളയില്‍ ഫിപ്രസി ഉള്‍പ്പടെ രണ്ട് പുരസ്ക്കാരങ്ങള്‍ നേടിയിരുന്നു.
നടനും സംവിധായകനുമായ അനുരാഗ് കാശ്യപിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മങ്കി ഇന്‍ എ കെയ്ജ്’ ന്റെ ആഗോളപ്രദര്‍ശനോദ്ഘാടനം ടൊറോന്റോ മേളയിലായിരിക്കും. ഇന്ത്യയില്‍ അമ്പതാം വാര്‍ഷികമാഘോഷിക്കുന്ന രമേഷ് സിപ്പിയുടെ ‘ഷോലെ’ യ്ക്ക് ആദരമെന്നോണം ആ ചിത്രത്തിന്റെ പുതിയ ഡിജിറ്റല്‍ പ്രിന്റാണ് ടൊറോന്റോ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്. വരുന്ന ദിവസങ്ങളില്‍ മറ്റ് ഇന്ത്യന്‍ ഭാഷാചിത്രങ്ങളുടെ പേരുകളില്‍ ചിലതുകൂടി പുറത്തുവരുമെന്നുള്ള റിപ്പോർട്ടുകളുമുണ്ട്.
കാനഡയിലെ ‘ഉത്സവങ്ങളുടെ ഉത്സവ’മായാണ് ടൊറൊന്റോ രാജ്യാന്തരചലച്ചിത്രോത്സവം അറിയപ്പെടുന്നത്. നഗരത്തിലെ മുപ്പതിലധികം വേദികളിലായി പ്രദര്‍ശിപ്പിക്കപ്പെടുന്ന നാനൂറില്‍ താഴെ വരുന്ന ചിത്രങ്ങള്‍ കാണാനായി ലോകത്തിന്റെ പലഭാഗത്തുനിന്നുമായി എത്തിച്ചേരുന്നത് പ്രതിവര്‍ഷം അഞ്ചുലക്ഷത്തോളം പേരാണ്. രണ്ടായിരത്തോളം മാധ്യമപ്രതിനിധികളാണ് ഇതിനായി ഇവിടേയ്ക്കെത്തുന്നത്. രണ്ടായിരത്തഞ്ഞൂറോളം വോളന്റിയര്‍മാരും മേളയുടെ സുഗമമായ നടത്തിപ്പിനായി വേദികളിലുണ്ടാവും.