മലയാളത്തിന്റെ എവർഗ്രീൻ നായിക “ആനി”ക്ക് ജന്മദിനാശംസകൾ

','

' ); } ?>

മലയാളത്തനിമ ഒട്ടും ചോരാതെ ശകതമായ കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ച എവർഗ്രീൻ നായികയാണ് “ആനി”. തൊട്ടടുത്ത വീട്ടിലെ പെൺകുട്ടിയെപോലെ മലയാളികൾ നെഞ്ചോട് ചേർത്ത പ്രിയപ്പെട്ട നായിക. വിവാഹത്തിന് ശേഷം കുടുംബിനിയായി ഒതുങ്ങിയ ആനിയുടെ ടെലിവിഷനിലൂടെയുള്ള തിരിച്ചുവരവും വലിയ ശ്രദ്ധ നേടി. മികച്ച അവതാരകയായി, ആനി സഞ്ചരിച്ച വഴികളിലൂടെ പുനസ്സമീപിക്കുമ്പോൾ, അതൊരു സ്ത്രീയുടെ കഠിനാധ്വാനത്തിന്റെയും, കഴിവിന്റെയും അടയാളമായി തെളിഞ്ഞു നിൽക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട നായികയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ.

1975 ജൂലൈ 21-ന് പാലായിലാണ് ആനിയുടെ ജനനം. എങ്കിലും വളർന്നത് തിരുവല്ലയിലാണ്. ജോബി–മറിയാമ്മ ദമ്പതികളുടെ നാലു മക്കളിൽ ഏറ്റവും ഇളയവളാണ് ആനി. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയെ നഷ്ടപ്പെടുന്നത്. ബാല്യത്തിലെ ആ നഷ്ടം ജീവിതത്തെ കൂടുതൽ ദൃഢമാക്കാനും ശക്തമാക്കാനുമാണ് ആനിയെ പഠിപ്പിച്ചത്. തിരുവനന്തപുരത്തെ ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ആനിയുടെ വിദ്യാഭ്യാസം. പിന്നീട് ഓൾ സെയിന്റ്സ് കോളേജിൽ ബിരുദം. അവിടെ വെച്ചാണ് ആനിക്ക് സിനിമയിലേക്കുള്ള വാതിലുകൾ തുറക്കപ്പെടുന്നത്.

1993-ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘അമ്മയാണെ സത്യം’ എന്ന ചിത്രത്തിലൂടെയാണ് ആനി സിനിമയിലെത്തുന്നത്. ആദ്യചിത്രത്തിൽതന്നെ ശ്രദ്ധേയമായ പ്രകടനം കാണിച്ച ആനി തുടർന്നും മികച്ച ചിത്രങ്ങളിലൂടെ തിളങ്ങി. മഴയെത്തും മുൻപേ (1995) എന്ന ചിത്രത്തിലെ ശ്രുതിയുടെ വേഷം ആനിയെ കൊണ്ടല്ലാതെ മറ്റാർക്കും കഴിയില്ലെന്ന് അടിവരയിടും വിധം മികച്ചതാക്കി. പിടിവാശിക്കാരിയായ കോളേജ് പെൺകുട്ടിയിൽ നിന്നും, കുറ്റബോധത്തിന്റെ ഭാരം പേറുന്ന ഭാര്യയായും, അമ്മയായും ആനി തകർത്തഭിനയിച്ചു. ആ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും സ്വാതമാക്കി.

ശേഷം കൈ നിറയെ ചിത്രങ്ങൾ, രുദ്രാക്ഷം, പാർവതി പരിണയം, ടോം & ജെറി, പുതുക്കോട്ടയിലെ പുതുമണവാളൻ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, എന്നിങ്ങനെ 16 ഓളം ചിത്രങ്ങൾ. ചെയ്ത ചിത്രങ്ങളിലെല്ലാം തന്നെ നായകന് പിന്നിൽ ഓടിമറഞ്ഞിരിക്കുന്ന നായികയേക്കാളപ്പുറത്ത് തന്റെ ശബ്ദത്തിന് വിലയുള്ള കഥാപാത്രങ്ങൾ. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മുകേഷ്, ജയറാം, റഹ്മാൻ തുടങ്ങിയ നായകന്മാർക്കൊപ്പമെല്ലാം ചേർന്ന് നിൽക്കുന്ന പ്രകടനം. ഒരു ഇടവേളയ്ക്ക് ശേഷം ടെലിവിഷനിലേക്ക് വന്ന ആനിയെ തേടിയെത്തിയതോ 2016 ലെ മികച്ച ടെലിവിഷൻ ഹോസ്റ്റിനുള്ള വയലാർ അവാർഡും. 2015-ൽ അമൃത ടിവിയിലെ ‘ആനീസ് കിച്ചൺ’ എന്ന കുക്കറി-ചാറ്റ് ഷോയിലൂടെയാണ് ആനി വീണ്ടും സ്‌ക്രീനിൽ സജീവമായത്. അതിനു ശേഷം . ‘കോമഡി സ്റ്റാറുകൾ’, ‘സകലകലാവല്ലഭൻ’, ‘സൂപ്പർ ജോഡി’, ‘റെഡ് കാർപെറ്റ്’, ‘ജനനായകൻ’, ‘സൂപ്പർ അമ്മയും മകളും’, തുടങ്ങിയ പരിപാടികളിൽ ഹോസ്റ്റായും ജഡ്ജായും ആനി പ്രശംസ നേടി. 2024-ൽ ‘അമൃത കേക്ക് കാർണിവൽ’ പോലുള്ള ക്രിസ്മസ് സ്പെഷ്യൽ ഷോകളിലൂടെയും അവർ സജീവമായിരുന്നു.

2020-ൽ ‘ആനീസ് കിച്ചൺ’ പരിപാടിയിൽ നിമിഷ സജയനുമായി നടത്തിയ ഒരു സംഭാഷണത്തെ തുടർന്ന്, സ്ത്രീകളെ കുറിച്ചുള്ള ചില പരാമർശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കി. പുരുഷാധിപത്യത്തെയും യാഥാസ്ഥിതികതയെയും കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ, വിമർശനങ്ങളെ മറികടന്നും ആനി തന്റെ നിലപാടുകളിൽ ഉറച്ച് തന്നെ നിന്നു.

1996-ൽ, ആനി പ്രശസ്ത സംവിധായകനായ ഷാജി കൈലാസിനെ വിവാഹം ചെയ്തു. കലാരംഗത്തുള്ള ഒരാൾക്കൊപ്പം ജീവിതം പങ്കുവയ്ക്കുമ്പോൾ ഉണ്ടാകാവുന്ന പുതിയ വെല്ലുവിളികളെ അതിജീവിച്ചു കൊണ്ട് ആനി തന്റേതായ വ്യക്തിത്വം നിലനിർത്തി. വിവാഹത്തിനു ശേഷം ഹിന്ദുമതം സ്വീകരിച്ച്, ‘ചിത്ര ഷാജി കൈലാസ്’ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. കുടുംബജീവിതത്തിൽ ആനിയെ കാണുന്നവര്‍ക്ക് ഒരമ്മയായി മാത്രമല്ല, ആത്മാർത്ഥ കൂട്ടുകാരിയുടെയും ശക്തമായ സ്വഭാവം ഉള്ള സ്ത്രീയുടെയും പ്രതീകമായി അവരെ കാണാൻ സാധിക്കും. 2023-ൽ ‘ഒറ്റയ്ക്ക്’ എന്ന സിനിമയിൽ ശബ്ദവേഷം നൽകി വീണ്ടും സിനിമയെ സമീപിക്കാൻ ആനി ശ്രമിച്ചുവെന്നത് ശ്രദ്ധേയമാണ്.