
റീറിലീസിൽ എഐയുടെ സഹായത്തോടെ സിനിമയുടെ ക്ലൈമാക്സ് മാറ്റി പ്രദർശിപ്പിക്കാനൊരുങ്ങുന്നതിനെതിരെ അതിരൂക്ഷ വിമർശനവുമായി സംവിധായകൻ ആനന്ദ് എൽ. റായ്. ധനുഷിനെ നായകനാക്കി ആനന്ദ് എൽ. റായ് സംവിധാനം ചെയ്ത രാഞ്ഝണാ എന്ന ചിത്രത്തിന്റെ കഥയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. “യഥാർത്ഥ കഥയിൽ ഇത്രയും വലിയൊരു മാറ്റം വരുത്തുന്നതിന് മുൻപ് നിർമാതാക്കളായ ഇറോസ് ഇന്റർനാഷണൽ തന്നോട് ആലോചിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് സഹനിർമാതാവുകൂടിയായ ആനന്ദ് എൽ. റായ് വ്യക്തമാക്കി. ചിത്രം 12 വർഷങ്ങൾക്ക് ശേഷമാണ് റീ റിലീസിനൊരുങ്ങുന്നത്.
വളരെ ഇമോഷണൽ ആയിട്ടുള്ള ക്ലൈമാക്സ് എ ഐയുടെ സഹായത്തോടെ ഒരു ഹാപ്പി എൻഡിങ് ആക്കുകയാണ്. ഈ വിവരം രണ്ടുദിവസം മുൻപ് സോഷ്യൽ മീഡിയയിലൂടെയാണ് ഞാൻ അറിഞ്ഞത്. എന്തിനാണ് ആ ക്ലൈമാക്സ് മാറ്റുന്നതെന്ന് ചോദിച്ച് ആളുകൾ എനിക്ക് സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണ്. എനിക്കിത് ഉൾക്കൊള്ളാനേ കഴിയുന്നില്ല. ഇക്കാര്യം സംസാരിക്കാൻ നിർമാണക്കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ അവരെന്റെ വാക്കുകൾ കേൾക്കാൻ പോലും തയ്യാറാകുന്നില്ല.ആനന്ദ് എൽ. റായ് പറഞ്ഞു.
“എനിക്കിത് മനസ്സിലാകുന്നില്ല. അവർക്കിത് എങ്ങനെ ചെയ്യാൻ കഴിയും? ജനങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട ഒരു ക്ലൈമാക്സാണത്. സംവിധായകനെ കേൾക്കുന്നില്ലെങ്കിൽ, പ്രേക്ഷകരുടെയെങ്കിലും അഭിപ്രായം കേൾക്കണം. എന്താണ് ഒരു ശുഭപര്യവസാനം? അതൊരു ദുരന്തമാണ്, അതൊരു വികാരമാണ്. നിങ്ങൾക്ക് എങ്ങനെയാണ് വികാരങ്ങളെ തടസ്സപ്പെടുത്താൻ കഴിയുന്നത്? ആ സിനിമയുടെ ശബ്ദം ആ ക്ലൈമാക്സിലാണ്.” ഇതിൽ നിന്നും ഞാനൊരു പാഠം പഠിച്ചു. കരാറുകളിൽ ഒപ്പിടുമ്പോൾ ഞാൻ വളരെ ശ്രദ്ധിക്കണമായിരുന്നു. ഒരു സ്റ്റുഡിയോക്ക് കഥയെക്കുറിച്ച് യാതൊരു ചിന്തയുമില്ല. കുറച്ച് കോടികൾ സമ്പാദിക്കാൻ വേണ്ടി, അവർ ഒരു എഴുത്തുകാരന്റെയും സംവിധായകന്റെയും നടന്റെയും സൃഷ്ടിയെ തകർക്കുകയാണ്”.ആനന്ദ് എൽ. റായ് കൂട്ടിച്ചേർത്തു.