
ഇന്ത്യൻ ഇതിഹാസം രാമായണത്തിനാസ്പദമായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം “രാമായണയുടെ”ബജറ്റ് നാലായിരം കൂടിയാണെന്ന നിർമ്മാതാവ് നമിത് മൽഹോത്രയുടെ പരാമർശത്തിൽ സംശയം പ്രകടിപ്പിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍. ഇത് അവിശ്വസനീയമാണെന്നാണ് സംവിധായകരും നിര്‍മാതാക്കളും അഭിപ്രായപ്പെടുന്നത്.
നിരവധിപേരാണ് നമിത് മൽഹോത്രയെ പരോക്ഷമായും അല്ലാതെയും പരിഹസിച്ച് രംഗത്ത് വന്നിട്ടുള്ളത്. ‘മാട്രിക്സ്, ലോര്‍ഡ് ഓഫ് ദ റിങ്സ്, അവതാര്‍, ഡ്യൂണ്‍, സ്റ്റാര്‍ വാര്‍സ്, തുടങ്ങിയവയെല്ലാം മുമ്പെങ്ങുമില്ലാത്ത വിഷ്വല്‍ എഫക്റ്റുകളുള്ള സിനിമകളായിരുന്നു. റിലീസിന് മുമ്പ് ആരും അതിനെക്കുറിച്ച് സംസാരിച്ചില്ല. അവര്‍ തങ്ങളുടെ സൃഷ്ടിയെ സ്വയം സംസാരിക്കാന്‍ അനുവദിച്ചു’, എന്നായിരുന്നു സംവിധായകന് സഞ്ജയ് ഗുപ്തയുടെ കുറിപ്പ്.
‘4000 കോടിയോ? തമാശ പറയുകയാണോ? ഇത് അവിശ്വസനീയമാംവിധം പെരുപ്പിച്ചുകാട്ടിയ, ചിരിക്കാന്‍ വക നല്കുന്ന കണക്കാണ്. ബോധമുള്ള ഏതെങ്കിലും നിര്‍മാതാവോ അദ്ദേഹത്തിന്റെ നിക്ഷേപകരോ ഇത്രയും വലിയ തുകയ്ക്ക് റിസ്ക് ഏറ്റെടുക്കില്ല. രാമായണത്തിന്റെ കാര്യമെടുത്താല്‍, ഏറ്റവും ഒടുവില്‍ അത് വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ (ആദിപുരുഷിലൂടെ), നിര്‍മാതാക്കളായ ടി- സീരീസിന് 650 കോടി രൂപയുടെ നിക്ഷേപത്തില്‍ ഏകദേശം 200 കോടിയുടെ നഷ്ടമുണ്ടായി’,മറ്റൊരു പ്രമുഖ സംവിധായകൻ കുറിച്ചു.
നിതീഷ് തിവാരിയാണ് ചിത്രത്തിന്റെ സംവിധായകൻ. വമ്പൻ താരനിരയും ബഡ്ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് ‘രാമായണ’ ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നേരത്തെ ചിത്രത്തിന്റെ ബജറ്റ് 800 കോടിയെന്നും 1600 കോടിയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒന്നിച്ച് എത്തുന്നു എന്നതാണ് ടീസറിന് പിന്നാലെ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. രാമ രാവണയുദ്ധം തന്നെയാണ് സിനിമയുടെ പ്രമേയം. രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂർപണഖയുമായി അഭിനയിക്കും. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.