
വെട്രിമാരൻ- ചിമ്പു കൂട്ടുകെട്ടിൽ വരുന്ന ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് സംവിധായകൻ വെട്രിമാരൻ.
ഒരേ ടൈം പിരീയഡിൽ ആയത് കൊണ്ട് വടചെന്നൈയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ സിനിമയിലും ഉണ്ടാകുമെന്നാണ് വെട്രിമാരൻ പറയുന്നത്.
‘ഇത് വട ചെന്നൈ 2 അല്ല, വട ചെന്നൈ സിനിമയെക്കുറിച്ച് എന്ത് ചിന്തിക്കുമ്പോഴും അൻബു(ധനുഷിന്‍റെ കഥാപാത്രം)
വിനെ മാറ്റിവെക്കാൻ പറ്റില്ല, ധനുഷ് തീർച്ചയായും ആ ചിത്രത്തിലുണ്ടാകും. എന്നാൽ സിമ്പു നായകനാകുന്ന ചിത്രം ഇതും വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നത്. ആ ടൈം പീരിയഡിലായത് കൊണ്ട് തന്നെ വടചെന്നൈയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ സിനിമയിലും ഉണ്ടാകും,’ വെട്രിമാരൻ പറഞ്ഞു.
2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. ഈ സിനിമയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു ധനുഷ്. അതുകൊണ്ട് തന്നെ സിനിമയുടെ എൻ ഒ സി നൽകാൻ ധനുഷ് പണം ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നയൻതാരയുടെ ഡോക്യുമെന്ററി വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ അഭ്യൂഹങ്ങൾ പടർന്നിരുന്നത്. എന്നാൽ സിനിമയുടെ എൻ ഒ സി നൽകാൻ ധനുഷ് ഒരു രൂപ പോലും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സിനിമ ചെയ്യാൻ പൂർണ പിന്തുണ നൽകിയെന്നും വെട്രിമാരൻ പറഞ്ഞു.
ചിത്രത്തിന്റെ സീക്വലുണ്ടാകുമെന്ന് സംവിധായകൻ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അതിനെക്കുറിച്ച് പ്രഖ്യാപനമൊന്നും ഉണ്ടായിരുന്നില്ല. നിരവധി വേദികളിൽ വെച്ച് വെട്രിമാരനോടും ധനുഷിനോടും വടചെന്നൈ 2 വിനെപ്പറ്റി ആരാധകർ ചോദിച്ചെങ്കിലും അപ്ഡേറ്റ് ഒന്നും ഉണ്ടായിരുന്നില്ല.