
ദൃശ്യം 3 ന്‍റെ ചിത്രീകരണം സെപ്റ്റംബറില്‍ തുടങ്ങും. ചിത്രത്തിന്‍റെ തിരക്കഥയില്‍ നിന്നുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ജീത്തു ജോസഫ് ഇതിന്‍റെ സൂചന ഏതാനും ദിവസം മുന്‍പ് നല്‍കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് സൂചന. ഈ കഴിഞ്ഞ ഫെബ്രുവരി 20 നായിരുന്നു ദൃശ്യം 3 ന്റെ പ്രഖ്യാപനം.
ഹിന്ദിയിലും ദൃശ്യം 3 ഒരുങ്ങുന്നുണ്ട്. നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ആണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഫയല്‍ ചെയ്ത വിവരങ്ങളില്‍ ദൃശ്യം 3 ന്‍റെ കാര്യവും ഉള്‍പ്പെടുത്തിയിരുന്നത്. ദൃശ്യം 3 സജീവ നിര്‍മ്മാണത്തില്‍ ആണെന്നും അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആയിരിക്കും നായകനെന്നും നിര്‍മ്മാണ കമ്പനി നല്‍കിയ വിവരത്തില്‍ ഉണ്ടായിരുന്നു. 2022 ല്‍ പുറത്തെത്തിയ ദൃശ്യം 2 ഹിന്ദി റീമേക്കിന്‍റെയും സംവിധാനം അഭിഷേക് പതക് ആയിരുന്നു.
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ നിരവധി ഭാഷകളില്‍ റീമേക്ക് നടന്ന ഒരു ചിത്രമാണ് ദൃശ്യം. അത് കൊണ്ട് തന്നെ ദൃശ്യം 2 ന് ഉള്ള കാത്തിരിപ്പ് ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. പ്രൈം വീഡിയോയിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ദൃശ്യം 2 പാന്‍ ഇന്ത്യന്‍ പ്രതികരണങ്ങളാണ് നേടിയത്. അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം 2 റീമേക്ക് ബോക്സ് ഓഫീസ് വിജയവും നേടിയിരുന്നു. ഒറിജിനല്‍ ദൃശ്യം 2 ഒരു തിയറ്റര്‍ റിലീസ് ആവാതെ പോയതിന്‍റെ നിരാശ മലയാളി സിനിമാപ്രേമികള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവെക്കാറുണ്ട്. ദൃശ്യം 3 ആ കുറവ് നികത്തുമെന്ന പ്രത്യാശയും അവര്‍ പങ്കുവെക്കാറുണ്ട്.