അതുല്യ കലാകാരൻ ‘സച്ചി’യുടെ വേർപാടിന് അഞ്ചു വയസ്സ്

','

' ); } ?>

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വേര്‍പാടിന് ഇന്ന് അഞ്ച് വയസ്സ്. ഒരു പിടി നല്ല സിനിമകൾ മലയാളികൾക്ക് നൽകിയും, ഒരു പിടി മികച്ച സിനിമകൾ ബാക്കി വെക്കുകയും ചെയ്താണ് സച്ചി എന്ന അതുല്യ കലാകാരൻ അകാലത്തിൽ പൊലിഞ്ഞത്. 2020 ജൂൺ 18നാണ് ഹൃ​ദയാഘാതത്തെ തുടർന്ന് സച്ചി വിടപറയുന്നത്. സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം അയ്യപ്പനും കോശിയും വലിയ വിജയമായി മാറിയതിന് പിന്നാലെയായിരുന്നു മരണം. മലയാള സിനിമയ്ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് സച്ചിയുടെ വേർപാട്.

പതിമൂന്ന് വർഷം സിനിമയിൽ നിന്ന സച്ചി സംവിധാനം ചെയ്‍തിട്ടുള്ളത് രണ്ട് സിനിമകളാണ്. ഒന്നിനൊന്ന് വേറിട്ട അനാര്‍ക്കലിയും അയ്യപ്പനും കോശിയും. സിനിമയെ അറിയുന്ന തിരക്കഥാകൃത്ത്. തിരക്കഥയില്‍ ഷോട്ടിന്റെ ദൈര്‍ഘ്യം വരെ എഴുതിവച്ചിട്ടുണ്ടാകും. സ്വന്തം തിരക്കഥ എങ്ങനെ സിനിമയാകണമെന്നതില്‍ നല്ല ധാരണയുള്ള കലാകാരൻ.

2007 ലാണ് ആദ്യമായി സച്ചി-സേതു എന്ന പേര് പ്രത്യക്ഷപ്പെട്ടത്. അഭിഭാഷകരായ രണ്ട് യുവാക്കളുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു ആ നിമിഷം. ചോക്ലേറ്റ് എന്ന ചിത്രം വെറുമൊരു തുടക്കമായിരുന്നു. റോബിൻ ഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്‌സ് തുടങ്ങി സച്ചി-സേതു കൂട്ടുകെട്ടിൽ പിറന്ന സിനിമകളുടെ നിര നീണ്ടു കിടക്കുകയാണ്. സിനിമയിലെ കലയും വ്യവസായവും ചേർന്നുള്ള സങ്കൽപ്പങ്ങൾ രണ്ടാണെന്ന് തിരിച്ചറിഞ്ഞതോടെ ആ കൂട്ടുകെട്ട് അവസാനിച്ചു.

ചാനൽ ജീവിതത്തിൻ്റെ പിന്നാമ്പുറ കഥപറഞ്ഞ റൺ ബേബി റണ്ണിലൂടെ സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായി. ചേട്ടായീസ്, ഷെർലക് ടോംസ്, രാമലീല, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങൾക്ക് സ്വതന്ത്രമായി തിരക്കഥയൊരുക്കി. ഇതിനിടയ്ക്ക് ചേട്ടായീസ് എന്ന ബിജുമേനോൻ ചിത്രത്തിലൂടെ സച്ചി നിർമാതാവിൻറെ റോളിലുമെത്തി. 2015ൽ അനാർക്കലി എന്ന ചിത്രത്തിലൂടെ സച്ചിയെന്ന സംവിധായകനും പിറന്നു. മലയാള സിനിമയിൽ വലിയ ചർച്ചയായ ചിത്രമായിരുന്നു അനാർക്കലി. പൃഥ്വിരാജ് – ബിജുമേനോൻ കൂട്ടുകെട്ട് അസാധാരണമായ വഴക്കത്തോടെ പ്രേക്ഷകരെ കയ്യിലെടുത്തു. സാധാരണമായൊരു പ്രണയകഥ ദ്വീപ് പശ്ചാത്തലത്തിൽ പറഞ്ഞ് പ്രേക്ഷകരെ തിയേറ്ററിൽ എത്തിച്ചതോടെ മലയാള സിനിമ പുതിയൊരു തുടക്കം അറിഞ്ഞു.

ഡ്രൈവിങ് ലൈസൻസിൻ്റെ തിരക്കഥ പൂർത്തിയായ സമയത്ത് വരാനിരിക്കുന്ന അയ്യപ്പനും കോശിയും, അതിനിടെ ചർച്ച നടക്കുന്ന വിലായത്ത് ബുദ്ധയുമായിരുന്നു സച്ചിയുടെ മനസ്സ് നിറയെ. പിന്നീട് അയ്യപ്പനും കോശിയിലൂടെയും മികച്ച സംവിധായകനുള്ള അവാർഡ് സച്ചി സ്വന്തമാക്കി. എന്നാൽ അത് വാങ്ങാൻ സച്ചിയുണ്ടായിരുന്നില്ല. മരണം കൊണ്ട് അളക്കാനാവാത്ത വിധം ഒരു ജന്മത്തെ കല കൊണ്ടും കഴിവ് കൊണ്ടും പൂർണമാക്കിയ കലാകാരനാണ് സച്ചി. സിനിമയുള്ള കാലത്തോളം അയാൾ ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും. അയാളുടെ സംഭാവന ലോകം അംഗീകരിച്ചു കൊണ്ടേയിരിക്കും.