
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ധനുഷ് നായകനാകുമെന്ന് റിപ്പോർട്. വിജയ് നായകനാകുന്ന ജനനായകൻ എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ധനുഷിന്റെ നിലവിലുള്ള സിനിമകൾ പൂർത്തിയാക്കിയ ശേഷം ഈ സിനിമയുടെ വർക്കുകൾ ആരംഭിക്കുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 7 സ്ക്രീൻ സ്റ്റുഡിയോയായിരിക്കും ഈ സിനിമ നിർമിക്കുക എന്നും സൂചനകളുണ്ട്.
നിലവിൽ ധനുഷിന്റേതായി കുബേര എന്ന സിനിമ റിലീസിന് ഒരുങ്ങുന്നുണ്ട്. മിഴിലും തെലുങ്കിലും ഒരേ സമയം റിലീസ് ചെയ്യുന്ന സിനിമ ശേഖർ കമ്മുലയാണ് സംവിധാനം ചെയ്യുന്നത്. നാഗാർജുന, രശ്‌മിക മന്ദാന എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂൺ 20 നാണ് കുബേര തിയേറ്ററുകളിലെത്തുക.
ചുരുക്കം സിനിമകൾ കൊണ്ട് തമിഴകത്ത് വ്യക്തമായ സ്ഥാനം നേടിയ സംവിധായകനാണ് എച്ച് വിനോദ്. അതേസമയം ജനനായകന്റെ വർക്കുകൾ പുരോഗമിക്കുകയാണ്. വിജയ്‌യുടെ ജന്മദിനമായ ജൂൺ 22 ന് ജനനായകന്റെ ടീസറോ ആദ്യ ഗാനമോ പുറത്തുവിടുമെന്ന റിപ്പോർട്ടുകളുണ്ട്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.