
മോഹൻലാലും മമ്മൂട്ടിയും കമൽ ഹാസനും ഒന്നിച്ച് ഒരു സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി കമൽഹാസൻ. ഒരു സ്റ്റാർ കോമ്പിനേഷനു വേണ്ടി നിങ്ങൾക്ക് അത്തരം മികച്ച അഭിനേതാക്കളെ പാഴാക്കാൻ കഴിയില്ലെന്നും, മോഹൻലാൽ ഒത്ത് സിനിമ ചെയ്തിട്ടുണ്ടെന്നും എന്നാൽ മമ്മൂട്ടിയാണ് മിസ്സ് ആയിക്കൊണ്ടിരിക്കുന്നതെന്നും കമൽ ഹാസൻ പറഞ്ഞു.
‘മമ്മൂട്ടി സാറുമായിട്ടുള്ളതാണ് മിസ് ആയിക്കൊണ്ടിരിക്കുന്നത്. മോഹൻലാലും ഞാനുമായി സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷെ അത് പോരാ എന്നുള്ളതാണ് സത്യം. ഞങ്ങൾ ഇനിയും സിനിമകൾ തീർച്ചയായും ചെയ്യും. ഞാൻ അതിന് തയ്യാറാണെന്ന് അവർക്കറിയാം. അതുമാത്രമല്ല നല്ല കഥ വേണം, അവർ മികച്ച നടന്മാരാണ്. ഒരു സ്റ്റാർ കോമ്പിനേഷനു വേണ്ടി നിങ്ങൾക്ക് അത്തരം മികച്ച അഭിനേതാക്കളെ പാഴാക്കാൻ കഴിയില്ല,’ കമൽ ഹാസൻ പറഞ്ഞു.
മണിരത്നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. സിനിമയുടെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലും സിനിമയുടെ പ്രമോഷൻ നടന്നിരുന്നു. അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയാണ് നടൻ.
അതേസമയം, ജൂൺ അഞ്ചിനാണ് തഗ് ലൈഫ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്വന്, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.