
വിഷു റിലീസ് സിനിമകളുടെ കേരളത്തിലെ കളക്ഷൻ റിപ്പോർട്ട് പുറത്തു വിട്ടു. നസ്ലെന് ചിത്രമായ ആലപ്പുഴ ജിംഖാന, മമ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നിസ് ഒരുക്കിയ ബസൂക്ക, ബേസിൽ ജോസഫ് ചിത്രം മരണമാസ് എന്നിവയാണ് വിഷു റിലീസിനെത്തിയ സിനിമകൾ. ഇതിൽ ആലപ്പുഴ ജിംഖാനയാണ് കളക്ഷനിൽ ഒന്നാമത് നിൽക്കുന്നത്. 38.30 കോടിയാണ് ചിത്രം കേരളത്തിൽ നിന്നും നേടിയത്. അതേസമയം, ആഗോള തലത്തിൽ സിനിമയ്ക്ക് 72.15 കോടി നേടാനായി എന്നാണ് റിപ്പോർട്ട്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഖാലിദ് റഹ്മാൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
രണ്ടാം സ്ഥാനത്തുള്ളത് മമ്മൂട്ടി ചിത്രം ബസൂക്കയാണ്. 13.50 കോടിയാണ് സിനിമയുടെ ഫൈനൽ കേരള കളക്ഷൻ. സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥയ്ക്കും തിരക്കഥയ്ക്കും വിമർശനങ്ങൾ ലഭിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസിൽ ചിത്രം 27.29 കോടി നേടി.
ബേസിൽ ജോസഫ് ചിത്രം മരണമാസ്സിന് കേരളത്തിൽ നിന്ന് നേടാനായത് 12.70 കോടിയാണ്. ഒരു പക്കാ ഫൺ റൈഡ് തന്നെയാണ് മരണമാസ്സ് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ്സ് സിനിമയുടെ കഥ ഒരുക്കിയത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ രചിച്ചത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് സിനിമയുടെ നിർമാണം. 18.96 കോടിയാണ് സിനിമയുടെ ആഗോള നേട്ടം.
സൂപ്പർതാര സിനിമകൾ ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി സിനിമകളാണ് ഇത്തവണ വിഷു റിലീസായി തിയേറ്ററിലെത്തിയത്. മികച്ചതും സമ്മിശ്രവുമായ പ്രതികരണങ്ങൾ സ്വന്തമാക്കി ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റം നടത്തി ഈ സിനിമകൾ കുതിച്ചു.