രജനികാന്ത്-ലോകേഷ് കനകരാജ് ചിത്രം “കൂലി”; ബജറ്റ് 400 കോടി, രജനിയുടെ പ്രതിഫലം മാത്രം 280 കോടി!

','

' ); } ?>

രജനി ആരാധകരും തമിഴ് സിനിമാ ലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം “കൂലി” യുടെ ബജറ്റ് വിശദാംശങ്ങളും താരങ്ങളുടെ പ്രതിഫലവും സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തു വിട്ടു. ലോകേഷ് കനകരാജ് – സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആദ്യമായി ഒരുമിക്കുന്ന ഈ ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന പ്രതീക്ഷയിലാണ് തമിഴ് സിനിമാ ലോകം.

മണി കണ്‍ട്രോളിന്റെ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്റെ മൊത്തം ബജറ്റ് 400 കോടി രൂപയാണ്. ഇതില്‍ വലിയൊരു പങ്ക് രജനികാന്തിന്റെ പ്രതിഫലമായിരിക്കും. 260 മുതല്‍ 280 കോടി രൂപ വരെയാണ് രജനികാന്ത് ചിത്രത്തിനായി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 60 കോടി രൂപയാണ് സംവിധായകന്‍ ലോകേഷ് കനകരാജ് പ്രതിഫലമായി കൈപ്പറ്റുന്നതെന്ന് സൂചനയുണ്ട്.

സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരൻ നിര്‍മ്മിക്കുന്ന “കൂലി” ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തും. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണെങ്കില്‍, ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു.

ഇതുവരെ രജനികാന്ത്-ലോകേഷ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം എന്ന നിലയില്‍ തന്നെ “കൂലി” ആരാധകരില്‍ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനോടൊപ്പം തന്നെ “ജയിലര്‍ 2” എന്ന ചിത്രവും നെല്‍സൺ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ രജനികാന്തിനൊപ്പം വരാനിരിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ‘ജയിലർ 2’ന്റെ അട്ടപ്പാടി ഷെഡ്യൂൾ പൂർത്തിയായി, ഇനി സിനിമയുടെ ലൊക്കേഷൻ കോഴിക്കോട് ആകുമെന്നാണ് സൂചന. മെയ് 9 മുതൽ തുടങ്ങുന്ന ചിത്രീകരണം ഏകദേശം 20 ദിവസം നീളുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിനിടെ, സംവിധായകൻ നെൽസൺ ‘ഹൃദയപൂർവ്വം’ എന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന്റെ സെറ്റിൽ എത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ‘ജയിലർ 2’ൽ മോഹൻലാൽ വീണ്ടും പ്രത്യക്ഷപ്പെടുമോ എന്ന കാര്യത്തിൽ ചർച്ചകൾ നടന്നതായാണ് റിപ്പോർട്ടുകൾ. ഒന്നാം ഭാഗത്തിൽ മാത്യുവായി അഭിനയിച്ച മോഹൻലാൽ രണ്ടാം ഭാഗത്തും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കൂടാതെ, തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണയും ‘ജയിലർ 2’യിൽ കാമിയോ വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രീകരണത്തിനായി ബാലകൃഷ്ണ ഒരു ആഴ്ച സമയം അനുവദിച്ചിട്ടുണ്ടെന്നും, ഉടൻ തന്നെ സെറ്റിൽ ജോയിൻ ചെയ്യുമെന്നുമാണ് സൂചന.

2024 ജനുവരിയിലായിരുന്നു ‘ജയിലർ 2’ന്റെ ഔദ്യോഗിക പ്രഖ്യാപനം. ഒരു പ്രൊമോ വീഡിയോയിലൂടെയായിരുന്നു പ്രഖ്യാപനം. തുടർന്ന് മാർച്ചിൽ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഒന്നാം ഭാഗത്തേതുപോലെ അനിരുദ്ധ് തന്നെ ആണ്. ചിത്രം നിർമിക്കുന്നത് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ്.