
പ്രശസ്ത നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ ആദായ നികുതിവകുപ്പ് നോട്ടീസ് അയച്ചു. ‘കടുവ’, ‘ജനഗണമന’, ‘ഗോള്‍ഡ്’ എന്നീ സിനിമകളുമായി ബന്ധപ്പെട്ട പ്രതിഫല വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഉല്‍പ്പാദന കമ്പനിയുടെ പേരിലാണ് പ്രതിഫലം സ്വീകരിച്ചതെന്നും അതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണമെന്നുമാണ് വകുപ്പിന്റെ നിർദ്ദേശം.
2022 ഡിസംബറില്‍ നടന്റെ ഓഫീസിലടക്കം ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. ആ സമയത്ത് പൃഥ്വിരാജ് അഭിനയിച്ച സിനിമകളിൽ എത്ര രൂപയാണ് നടൻ പ്രതിഫലമായി കൈപ്പറ്റിയതെന്നുള്ളതും അതിന് ആദായനികുതി അടച്ചിട്ടുണ്ടെന്നോ എന്നുള്ള കാര്യങ്ങളെപ്പറ്റിയുമായിരുന്നു അന്ന് പരിശോധന നടന്നത്. അന്നത്തെ പരിശോധനയുടെ തുടർച്ചയായി 2025 മാര്‍ച്ച് 29ന് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസില്‍ നിന്നാണ് പുതിയ നോട്ടീസ് അയച്ചത്. ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാന്’ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നോട്ടീസ് വന്നത്. എന്നാല്‍ അതുമായി ബന്ധപ്പെട്ടതല്ല ഇത്തവണയുള്ള നടപടി എന്ന് വ്യക്തമാക്കുന്നു. സാധാരണയായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നോട്ടീസെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.