രജനികാന്ത് – ലോകേഷ് കനകരാജ് ചിത്രം പ്രഖ്യാപിച്ച് സണ്‍ പിക്ചേഴ്സ്. സണ്‍ പിക്ചേഴ്സിന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.തലൈവര്‍ 171 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആരും പ്രതീക്ഷിക്കാത്ത പ്രഖ്യാപനത്തിനാണ് തിങ്കളാഴ്ച സോഷ്യല്‍ മീഡിയ സാക്ഷ്യംവഹിച്ചത്. ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്ന ചിത്രം സണ്‍ പിക്ചേഴ്സാണ് നിര്‍മിക്കുന്നത്. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ നിര്‍മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനിരുദ്ധാണ് സംഗീതസംവിധാനം. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അന്‍പറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നു.
ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നുവെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഈ ചിത്രം രജനികാന്തിന്റെ അഭിനയജീവിതത്തിലെ അവസാനചിത്രമായിരിക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലുള്‍പ്പെട്ട ചിത്രമായിരിക്കുമോ ഇതെന്നും ആരെല്ലാമായിരിക്കും തലൈവര്‍ 171-ലെ മറ്റുതാരങ്ങളെന്നുമുള്ള ചര്‍ച്ചയിലാണ് സംവിധായകന്റെയും സൂപ്പര്‍താരത്തിന്റെയും ആരാധകര്‍ ഇപ്പോള്‍.