ഫഹദ് ഫാസിലിന്റെ അഭിനയ മികവ് , അദ്ദേഹത്തിന്റെ കണ്ണുകള്‍ കൊണ്ടുളള ആക്ടിങ് തന്നേയും അത്ഭുതപ്പെടുത്തിയെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. വിക്രം സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിലീസ് ആയി രണ്ടാം വാരം എത്തുമ്പോഴേക്കും വന്‍ കളക്ഷനുമായി മുന്നേറുകയാണ് ‘വിക്രം’. കേരളം ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ തീയേറ്ററുകളില്‍ ഇപ്പോഴും ഹൗസ് ഫുളായാണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്. അടുത്ത കാലത്തെ തമിഴിലെ ഏറ്റവും വലിയ വിജയമായി വിക്രം മാറിയിരുന്നു. 10 ദിവസം കൊണ്ട് കേരളത്തില്‍ നിന്നു മാത്രം ചിത്രം 31 കോടിയാണ് നേടിയത്. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 300 കോടി പിന്നിട്ടിരിക്കുകയാണ്. 2019നു ശേഷം ഒരു തമിഴ് ചിത്രം ആദ്യമായാണ് 300 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. ഇന്ത്യയില്‍ നിന്നു മാത്രം 210 കോടിയാണ് ചിത്രത്തിന്റെ നേട്ടം. തമിഴ്‌നാട്ടില്‍ നിന്നു മാത്രം 127 കോടിയാണ് വിക്രം ഇതിനകം നേടിയിരിക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 25 കോടി, കര്‍ണാടകത്തില്‍ നിന്ന് 18.75 കോടി, ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് 8.25 കോടി എന്നിങ്ങനെയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ കണക്കുകള്‍.
ഉലകനായകന്‍ കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. കൈതി,മാസ്റ്റര്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യ്ത ചിത്രമാണിത്. മികച്ച ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ തന്നെയാണ് ‘വിക്രം’ . കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്,കാളിദാസ് ജയറാം, നരേന്‍, തുടങ്ങി നിരവധി താരനിര തന്നെ ചിത്രത്തിലുണ്ട്. ഗസ്റ്റ് റോളില്‍ സൂര്യയും ചിത്രത്തിലെത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. എഡിറ്റിംഗ് -ഫിലോമിന്‍ രാജാണ്. അനിരുദ്ധിന്റെതാണ് സംഗീതം.