വിജയ് ബാബുവിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. വിദേശത്ത് നിന്ന് തിരികെ എത്തിയാലുടന്‍ പൊലീസോ ഇമിഗ്രേഷന്‍ വിഭാഗമോ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുത്.
നാട്ടിലെത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വിജയ് ബാബു ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രതിയെ ചോദ്യം ചെയ്യാം. എന്നാല്‍ അറസ്റ്റ് പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്.നാളെ ദുബായില്‍ നിന്ന് വിജയ് ബാബു നാട്ടിലെത്തും. ഇതിന്റെ യാത്രാ രേഖകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്ര വിദേശകാര്യ വകുപ്പ് റദ്ദാക്കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയേയും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേസെടുക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നാണ് പൊലീസിന്റെ വാദം. അതേസമയം, വിജയ് ബാബുവിന് ജാമ്യം നല്‍കുന്നതിനെ നടി എതിര്‍ത്തു. വിജയ് ബാബു ഇന്ന് കൊച്ചിയില്‍ എത്തുമെന്നായിരുന്നു അഭിഭാഷകന് നേരത്തെ അറിയിച്ചിരുന്നത്.പരാതിക്കാരിയായ നടിയുമായി താന്‍ സൗഹൃദത്തിലായിരുന്നുവെന്നും പരസ്പര സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചത്. വാട്സ് ആപ് ചാറ്റുകളുടെ പകര്‍പ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. താന്‍ നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് വിജയ് ബാബു ഉപഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
ഏപ്രില്‍ 24നാണ് ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ വിജയ് ബാബു ബെംഗളുരു വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്. പരാതി നല്കിയ നടിയുടെ പേര് ലൈവിലൂടെ വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസുണ്ട്. ഇതിനിടെ വുമണ്‍ എഗയ്ന്സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന പേജിലൂടെ മറ്റൊരു ലൈംഗികാതിക്രമ ആരോപണവും വിജയ് ബാബുവിനെതിരെ ഉയര്‍ന്നിരുന്നു.