നിമിഷയും ടൊവിനോയും- ‘അദൃശ്യ ജാലകങ്ങള്‍’ ഫസ്റ്റ് ലുക്ക്

ടൊവിനോ തോമസ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം അദൃശ്യ ജാലകങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഡോ.ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സും പ്രധാന കഥാപാത്രമാണ്.

ഒരു കുപ്രസിദ്ധ പയ്യന് ശേഷം നിമിഷയും ടൊവിനോയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. എല്ലാനാര്‍ ഫിലിംസിന്റെ ബാനറില്‍ രാധിക ലാവുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, മൈത്രി മൂവി മേക്കേഴ്സ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. യദു രാധാകൃഷ്ണനാണ് ഛായാഗ്രാഹണം. എഡിറ്റര്‍ ഡേവിസ് മാന്വല്‍.

ടൊവിനോ നായകനായെത്തിയ നാരദനാണ് താരത്തിന്റേതായി അടുത്തിടെ തീയേറ്ററുകളിലെത്തിയ ചിത്രം. ആഷിക് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണിത്. അതേസമയം തല്ലുമാല, വാശി, ഡിയര്‍ ഫ്രണ്ട് എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോ ചിത്രങ്ങള്‍. ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വാശി’ . കോടതി പശ്ചാത്തലമാക്കി ഒരു നിയമപോരാട്ടത്തിന്റെ കഥ പറയുന്ന ‘വാശി’യില്‍, ഒരു കേസില്‍ ഏറ്റുമുട്ടുന്ന അഡ്വ. എബിന്‍, അഡ്വ. മാധവി എന്നീ അഭിഭാഷകരായാണ് ടൊവിനോയും കീര്‍ത്തിയും എത്തുന്നത്.

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രം ആഷിക് ഉസ്മാന്‍ ആണ് നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തുറമുഖമാണ് നിമിഷയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ജൂണ്‍ 10നാണ് തുറമുഖം പ്രേക്ഷകരിലേക്ക് എത്തുന്നത്. നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം.