നിഖില്‍ എസ് പ്രവീണ്‍…..ക്യാമറയെ ഹൃദയത്തില്‍ ചേര്‍ത്ത, വെള്ളിത്തിര സ്വപ്നം കാണുന്ന ഒരു മലയാളിയും ഈ പേര് മറക്കരുത്. കാരണം ഏതൊരു ചെറുപ്പക്കാരനും കൊതിക്കുന്ന കാല്വെപ്പുമായാണ് നിഖില്‍ എന്ന ഛായാഗ്രാഹകന്‍ തന്നെ സിനിമാ ലോകത്ത് അടയാളപ്പെടുത്തിയിട്ടത്. കേവലം 25ാമത്തെ വയസ്സില്‍ തന്റെ ആദ്യ സിനിമയിലൂടെ ദേശീയ പുരസ്കാരത്തിന് അര്‍ഹനാവുക എന്ന സൗഭാഗ്യം ലഭിച്ചത് യാദൃശ്ചികതയല്ലെന്ന് നിഖിലിനെ അറിയുന്ന കോട്ടയത്തുകാര്‍ക്കറിയാം. മോനിഷയ്ക്ക് പതിനഞ്ച് വയസ്സുള്ളപ്പോള്‍ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്കാരം ലഭിച്ചിരുന്നു. എന്നാല്‍ സാങ്കേതിക പരിജ്ഞാനം വേണ്ടുവോളം ആവശ്യമുള്ള അതിനുമപ്പുറം അനുഭവ സമ്പത്തും, ഭാവനാശേഷിയും ഒത്തുചേര്‍ന്ന ഒരാള്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ് ഛായാഗ്രഹണം. പുരസ്കാരങ്ങളുടെ താരപ്രഭ വേണ്ടുവോളമുള്ള ഒരു സംവിധായകന് വേണ്ടിയാണ് ക്യാമറ ചലിപ്പിക്കേണ്ടതെന്ന് കൂടി കേള്‍ക്കുമ്പോള്‍ പറയേണ്ടതില്ലല്ലോ?. എന്നാല്‍ സംവിധായകനൊപ്പം തന്നെ ഛായാഗ്രഹണത്തിനും ദേശീയ പുരസ്കാരം ഒരേ വേദിയില്‍ വെച്ച് ഏറ്റുവാങ്ങിയാണ് നിഖില്‍ തന്റെ സംവിധായകനോടുള്ള കടപ്പാട് അറിയിച്ചത്.
നിഖിലിന്റെ കഥ
ചെറുപ്പത്തിലേ വരയ്ക്കുമായിരുന്ന നിഖില്‍ പണ്ടേ ചെറിയ ക്യമറയില്‍ ദൃശ്യങ്ങളെടുക്കുമായിരുന്നു. പിന്നീടാണ് അത് ഒരു പ്രൊഫഷനാക്കി മാറ്റാമെന്ന് തീരുമാനിച്ചത്. സംവിധാനം, ഛായാഗ്രഹണം, നിര്‍മാണം എല്ലാം കൂടി ഒന്നായ ഒരു മേഖലയുണ്ട്. ഒരിയ്ക്കലും റീ ടേക്ക് സാധ്യമല്ലാത്ത മേഖല. അവിടെ താരമായിരുന്നു നിഷ്കളങ്കത താടിയിലൊളിപ്പിച്ച അലസമായ ഈ നീളന്‍ മുടിക്കാരന് അങ്ങിനെയാണ് വെള്ളിത്തിരയിലെ വെളിച്ചത്തിന്റെ ചുക്കാന്‍ പിടിച്ചത്. കോട്ടയത്തെ മിടുക്കനായ വിവാഹ വീഡിയോഗ്രഫര്‍. ഒന്നാന്തരം സിനിമകളെ വെല്ലുന്ന വീഡിയോ ചിത്രീകരണത്തിനായി വവ്വാല് ആംഗിളും മറ്റും പരീക്ഷിക്കുന്നതിനും മുന്‍പേ അതേ പാതയിലായിരുന്നു നിഖിലും. ചേട്ടനുമൊന്നിച്ച് നിഖില്‍ ചിത്രീകരണത്തിന്റെ ഭാരിച്ച ചിലവുകളെ മറികടക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ ഒരുപാട് നടത്തിയിട്ടുണ്ട്. ചിത്രീകരണത്തിനാവശ്യമായ യന്ത്ര സാമഗ്രികള്‍ കുറഞ്ഞ ചെലവിലും മറ്റും വെല്‍ഡ് ചെയ്ത് സ്വന്തമായി നിര്‍മ്മിച്ചെടുത്തിരുന്നു എന്നറിയുമ്പോഴാണ് ഫോട്ടോഗ്രാഫിയോട് എത്ര മാത്രമാണ് നിഖിലിന് പാഷന് എന്ന് ബോധ്യപ്പെടുക. പ്ലസ്ടു പഠനത്തിന് ശേഷംകൊച്ചിന് മീഡിയ സ്കൂളില്‍ ഒരു വര്‍ഷത്തെ കോഴ്സ് കഴിഞ്ഞാണ് ഹ്രസ്വ സിനിമകളിലും, ഡോക്യുമെന്ററിയിലും, ചേട്ടന്റെ തന്നെ സംഗീത ആല്‍ബങ്ങളുമെല്ലാം ചെയ്ത് ഈ രംഗത്ത് സജീവമാകുന്നത്.
നിഖിലിന്റെ ചേട്ടന്റെ തന്നെ ദീപം എന്ന് പറഞ്ഞൊരു ഷോര്‍ട്ട് ഫിലിമാണ് സിനിമാജീവിതത്തില്‍ വഴിതിരിവായത്. ഫിലിം ഒരു മത്സരത്തിനിടെ സംവിധായകന് പ്രദീപ് എം നായര്‍ കാണാനിടയായി. അങ്ങിനെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന് വേണ്ടി ഒരു ഡോക്യുമെന്ററി ചെയ്യാനായി അദ്ദേഹം നിഖിലിനെ ക്ഷണിച്ചു. അതാണ് നിഖില്‍ ഗൗരവത്തോടെ ആദ്യമായി സമീപിച്ച സിനിമ. അതിന് ശേഷം പ്രദീപ് എം നായരുടെ തന്നെ ക്രോസ് റോഡ് എന്ന സിനിമയില്‍ കൊഡേഷ്യന്‍ എന്ന ആന്തോളജി മൂവി ചെയ്തു. ജയരാജ് രചന നിര്‍വ്വഹിച്ച ആ സിനിമയിലൂടെയാണ് നിഖില്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. പിന്നീട് ജയരാജിന്റെ തന്നെ റീബര്‍ത്ത് എന്ന ഡോക്യുമെന്ററി ആയിരുന്നു. അതിന് ശേഷം പ്രകൃതി എന്ന വിഷയത്തെ മുന്‍നിര്‍ത്തി കുട്ടനാടിന്റെ പശ്ചാതലത്തില്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു. അതിന് ശേഷമാണ് ഭയാനകത്തിലേക്കെത്തുന്നത്. 1937 പോലുള്ള കാലഘട്ടം ചിത്രീകരിക്കേണ്ട സാഹചര്യമായിരുന്നു ഭയനാനകത്തില് അപ്പോള്‍ അതാനാവശ്യമായ എല്ലാ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷമാണ് നിഖില്‍ ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ലൈവ് സൗണ്ട് റിക്കോര്‍ഡിങ് ആയതിനാല്‍ ഉപയോഗിച്ചതു മുഴുവന്‍ എല്‍ഇഡി ലൈറ്റുകളും ബാറ്ററി യൂണിറ്റും. ക്യാമറ ഫോക്കസ് പുള്ളര്‍ മുതല്‍ ലൈറ്റ് ബോയ് വരെ മനസ്സറിഞ്ഞു തനിക്കൊപ്പം ഒന്നിച്ചുനീങ്ങിയതിന്റെ ഫലമാണ് ഈ ദേശീയ അവാര്‍ഡ് എന്നും നിഖില്‍ പറയുന്നു.
ജയരാജ് എന്നസംവിധായകന്റെ രീതികളും ശൈലികളും എന്താണെന്ന് ഷോര്‍ട്ട് ഫിലിമില്‍ തന്നെ നിഖിലിന് വ്യക്തമായിരുന്നു. വളരെ സൗഹാര്‍ദപരമായ ഇടപെടലുകളിലൂടെയാണ് തിരക്കഥയും മറ്റും ജയരാജ് നിഖിലിനോട് വിശദീകരിച്ചത്. ഒരു ഛായാഗ്രാഹകന്‍ വേണ്ട സ്വാതന്ത്ര്യം കിട്ടിയതും നിഖിലിന് കാര്യങ്ങള്‍ എളുപ്പമാക്കി. ക്യാമറയെ സംബന്ധിച്ചോ സാങ്കേതിക നിലവാരത്തെ സംബന്ധിച്ചോ നിഖിലിന് യാതൊരു പിടിവാശിയുമില്ല. ക്യാമറ ഒരായുധം മാത്രമാണെന്ന് ഈ ഛായാഗ്രാഹകന്‍ വിശ്വസിക്കുന്നു. നമുക്ക് വേണ്ടത് എന്താണ് അല്ലെങ്കില്‍ പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടത് എന്താണ് എന്ന് തീരുമാനിക്കേണ്ടത് ഒരു സംവിധായകനും ക്യാമറാമാനും ചേര്‍ന്നാണ് എന്ന ബോധ്യമാണ് നിഖിലിനുള്ളത്.
പുറത്തിറങ്ങാനിരിക്കുന്ന ജയരാജിന്റെ തന്നെ ‘ശബ്ദിക്കുന്ന കലപ്പ’എന്ന ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത് നിഖിലാണ്. ഭയാനകത്തിന് ശേഷം ജോഷി മാത്യുവിന്റെ ‘അങ്ങ് ദൂരെ ഒരു ദേശത്ത് എന്ന സിനിമ ചെയ്തു. സമ്പത്ത് സംവിധാനം ചെയ്ത ‘വിശ്വ വിഖ്യാതമായ ജനാല’ എന്നീ സിനിമകളും ചെയ്തു. സംഗീത സംവിധായകനായ ചേട്ടന് അഖിലും അച്ഛനും അമ്മയുമടങ്ങുന്നതാണ് നിഖിലിന്റെ കുടുംബം. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിക്കാന്‍ നിഖിലിന് ഏറെ ഇഷ്ടം.