ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലായി 2.0…

 

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് 2.0. ഇന്നലെ പുറത്തിറങ്ങിയ രജനിയുടെ ബ്രഹ്മാണ്ഡ ചിത്രം ഒറ്റ ദിവസം കൊണ്ട് നേടിയത് 70 കോടിയോളം രൂപയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ആയിരിക്കുന്നത്. ആഫ്രിക്ക, ജര്‍മ്മനി, പാക്കിസ്ഥാന്‍, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, വിയെന്ന, നെതര്‍ലാന്‍ഡ്‌സ്, മലേഷ്യ, റഷ്യ, തുടങ്ങി നിരവധി രാജ്യങ്ങളില്‍ ലോകമെമ്പാടുമായി പുറത്തിറങ്ങിയ ചിത്രം 10500ാളം സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ബോളിവുഡില്‍ നിന്നും 20.25 കോടിയാണ് ചിത്രം ആദ്യ ദിനം വാരിക്കൂട്ടിയത്. അവധി ദിനങ്ങളൊ, ഉത്സവ കാലമൊ അല്ലാതിരുന്നിട്ടും ഹിന്ദി സിനിമയില്‍ ഇ കൊല്ലം പുറത്തിറങ്ങിയ ഏറ്റവും വലിയ മൂന്നാമത്തെ ഓപ്പണിങ്ങ് നേട്ടമാണിത്. ഇപ്പോഴത്തെ വിവരങ്ങള്‍ പ്രകാരം 85 കോടി ഇന്ത്യയില്‍ നിന്നും മാത്രമായും 110 കോടി ലോകമെമ്പാടുമായും ചിത്രം നേടിക്കഴിഞ്ഞു.

ചെന്നൈയില്‍ മാത്രമായി 2.64 കോടിയാണ് ചിത്രം വാരിയത്. വിജയ് ചിത്രമായ സര്‍ക്കാരിന്റെ റെക്കോര്‍ഡ് ആണ് ഇതിലൂടെ പിന്തള്ളപ്പെട്ടത്. 2.37 കോടിയായിരുന്നു സര്‍ക്കാരിന്റെ ആദ്യദിന കളക്ഷന്‍. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവടങ്ങളില്‍ നിന്നും 18.2 കോടിയും കര്‍ണാടകയില്‍ നിന്നും 8.25 കോടിയുമാണ് ആദ്യദിനം കൊണ്ട് ചിത്രം വാരിക്കൂട്ടിയത്. തമിഴ് നാടിനെക്കാള്‍ ചിത്രത്തിന് മറ്റു സംസ്ഥാനങ്ങളിലാണ് സ്വീകാര്യത കിട്ടിയതെന്നുള്ളതാണ് മറ്റൊരു കൗതുകമായ വാര്‍ത്ത. ആന്ധ്ര പ്രദേശില്‍ തെലുങ്കാനയിലുമായി 700 തിയ്യേറ്ററുകളിലാണ് ചിത്രം പുറത്തിറങ്ങിയിട്ടുള്ളത്. ഇതില്‍ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയെന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആന്ധ്രപ്രദേശിലും തെലുങ്കാനയിലുമാണ് ഏറ്റവുമധികം അഡ്വാന്‍സ് ബുക്കിങ്ങ് നടന്നിരിക്കുന്നതെന്നും 2.0 യുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വംസി കാക്ക പറഞ്ഞു.

രജനികാന്തും അക്ഷയ് കുമാറും നേര്‍ക്കുനേര്‍ എത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് 2.0 യുടെ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളിലും, സംവിധായകന്‍ ശങ്കറിന്റെയും, രജനികാന്തിന്റയും, അക്ഷയ് കുമാറിന്റെയും,നായിക ഏമി ജാക്‌സണ്‍ന്റെയും പേജുകളിലേക്ക് അഭിനന്ദന പ്രവാഹവുമായി എത്തിയിരിക്കുന്നത്. തമിഴ് സിനിമയിലെ മിക്ക ഡയറക്ടേഴ്‌സും ശങ്കറിന് അഭിനന്ദനങ്ങളുമായെത്തിയിട്ടുണ്ട്. വാക്കുകള്‍ കൊണ്ട് വര്‍ണിക്കാവുന്നതിലപ്പുറം മികച്ചതാണ് സിനിമയെന്നും എത്രയും പെട്ടെന്ന് തന്നെ ചിത്രം തിയേറ്ററുകളില്‍ പോയി കാണണമെന്നുമാണ് പലരും ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖരടക്കം ചിത്രത്തെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

തമിഴ്, ഹിന്ദി അടക്കമുള്ള ഭാഷകളില്‍ നിര്‍മ്മിച്ച ചിത്രത്തിന് ആദ്യദിനത്തില്‍ കേരളത്തിലും തകര്‍പ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 543 കോടി ചെലവില്‍ എത്തിയ ബ്രഹ്മാണ്ഡ ചിത്രം റിലീസിന് മുന്നേ 120 കോടി രൂപ അഡ്വാന്‍സ് ബുക്കിങ്ങ് വഴി നേടിയിരുന്നു.

ചിത്രത്തിലെ രാജാലി എന്ന ഗാനം കേള്‍ക്കാം…