അന്തരിച്ച കന്നട സൂപ്പര്‍ താരം പുനീത് രാജ്കുമാര് വിദ്യാഭ്യാസ ചിലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍പഠനം ഏറ്റെടുത്ത് തമിഴ് നടന് വിശാല്‍. പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ മേഖലയുടെ മാത്രം നഷ്ടമല്ല. സമൂഹത്തിനു തന്നെ തീരാനഷ്ടമാണെന്ന് വിശാല്‍ പറഞ്ഞു. എനിമി സിനിമയുടെ പ്രീ റിലീസ് ചടങ്ങില്‍ വെച്ചാണ് വിശാല്‍ 1800 കുട്ടികളുടെ തുടര്‍പഠനം ഏറ്റെടുക്കുമെന്ന് അറിയിച്ചത്.
വിശാലിന്റെ വാക്കുകള്‍,
‘പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇന്‍ഡസ്ട്രിയുടെ മാത്രം നഷ്ടമല്ല. സമൂഹത്തിനു തന്നെ തീരാനഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ അദ്ദേഹം ഏറ്റെടുത്തിരുന്നു. അതു ഞാന്‍ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുന്നു. അദ്ദേഹത്തിനായി അവരുടെ വിദ്യാഭ്യാസം ഞാന്‍ ഏറ്റെടുക്കും. പുനീത് നല്ലൊരു നടന് മാത്രമല്ല, സുഹൃത്ത് കൂടിയായിരുന്നു. സൂപ്പര്‍സ്റ്റാറുകളില്‍ ഇത്രയും വിനയം വച്ചുപുലര്‍ത്തുന്ന മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. ഞാനും അതു തുടരും.’
കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടനായും വിജയ നായകനായി തുടരുന്നതിനിടയിലാണ് പുനീത് രാജ്കുമാറിന്റെ അകാല വിയോഗം. പ്രശസ്ത നടന് രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്. ബാലതാരമായാണ് സിനിമാ പ്രവേശം. ബെട്ടാഡ ഹൂവിലെ അപ്പു എന്ന കഥാപാത്രത്തിന് പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.
സന്തോഷ് അനന്ദ്രത്തിന്റെ യുവരത്ന എന്ന ചിത്രമാണ് പുനീതിന്റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. കന്നട സിനിമയിലെ ഇതിഹാസതാരം രാജ്കുമാറിന്റെയും പര്‍വതാമ്മാ രാജ്കുമാറിന്റെയും അഞ്ചു കുട്ടികളില്‍ ഇളയവനായി 1975 ലാണ് പുനീത് രാജ്കുമാര് ജനിച്ചത്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിതാവിന്റെ പ്രേമദ കനികെ എന്ന ചിത്രത്തില്‍ പുനീത് മുഖം കാണിച്ചിരുന്നു. പിന്നീട് ബാല്യകാലത്തുടനീളം രാജ്കുമാര് നായകനായ ചിത്രങ്ങളില്‍ പുനീത് വേഷമിട്ടു. വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.
ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനാക്കി. 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി നായകവേഷത്തിലെത്തിയത്. അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തില്‍ വിജയകരമായ ചിത്രങ്ങളിലൂടെ സൂപ്പര്‍താരപദവിയിലെത്തി. കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായിരുന്നു പുനീത്.