കൊച്ചിയില്‍ വഴി തടഞ്ഞുള്ള കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച് നടന്‍ ജോജു ജോര്‍ജ്

ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരേ സിനിമാ നടന്‍ ജോജു ജോര്‍ജിന്റെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ വൈറ്റിലയില്‍ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധിച്ചതിന് പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാര്‍ അടിച്ചുതകര്‍ത്തു.

കോണ്‍ഗ്രസിന്റെ ഉപരോധം കാരണം വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ മണിക്കൂറുകളായി റോഡില്‍ കുടുങ്ങികിടക്കുകയാണ്.

തിങ്കളാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങളുമായെത്തി ഉപരോധ സമരം ആരംഭിച്ചത്. വാഹനങ്ങള്‍ റോഡില്‍ പലയിടങ്ങളിലായി നിര്‍ത്തി താക്കോല്‍ ഊരി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വൈറ്റില മുതല്‍ ഇടപ്പള്ളി വരെ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെയാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട നടന്‍ ജോജു ജോര്‍ജ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയരീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ഇതിന് ജോജു നല്‍കിയ മറുപടി.

ഒരു ഇടവേളയ്ക്ക് ചെയ്ത് തീയറ്ററുകള്‍ തുറന്നപ്പോള്‍ ജോജു ജോര്‍ജ് നായകനായെത്തിയ സ്റ്റാര്‍ ആണ് പ്രദര്‍ശനത്തിനെത്തിയ ആദ്യ മലയാള ചിത്രം.ഡോമിന്‍ ഡി സില്‍വയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചില വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ത്രില്ലെര്‍ ആണ് ചിത്രം.