മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്കിന് ഒരുങ്ങുന്നു.ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’ മാറിയെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.ജക്കാര്‍ത്തയിലെ പിടി ഫാല്‍ക്കണ്‍ കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയില്‍ അവതരിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം,
‘ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’ മാറിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. ജക്കാര്‍ത്തയിലെ പിടി ഫാല്‍ക്കണ്‍ കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയില്‍ അവതരിപ്പിക്കുന്നത്. ഇതിനോടകം 4 ഇന്ത്യന്‍ ഭാഷകളിലും 2 വിദേശ ഭാഷകളിലും ‘ദൃശ്യം’ റീമേക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും ‘ദൃശ്യ’മാണ്. മോഹന്‍ലാല്‍ സര് അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത, ‘ദൃശ്യം’ ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ചു മുന്നേറുമ്പോള്‍, ഈ ചിത്രം നിര്‍മ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങള്‍ ഓരോരുത്തരുമായും ഈ നിമിഷത്തില്‍ പങ്കു വെക്കുന്നു’.
50കോടി ക്ലബിലെത്തിയ ആദ്യ മലയാള ചിത്രമെന്ന ഖ്യാതി ദൃശ്യത്തിന് സ്വന്തമാണ്. മലയാളത്തിലെ വമ്പന്‍ വിജയത്തിന്ശേഷം ചിത്രം ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഇന്ത്യന്‍ ഭാഷകളിലും ചൈനീസ്, സിംഹളീസ് എന്നീ വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു.തുടര്‍ന്ന് ദൃശ്യത്തിന്റെ രണ്ടാം ഭാഗവും മലയാളത്തില്‍ ഇറങ്ങി.അതും പല ഭാഷകളിലായി റീമേക്ക് നടക്കുകയാണ്.ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിരുന്നു.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.