മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി ഇന്ന് എഴുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ്.താരത്തിന് പിറന്നാല്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത് നിരവധി പേരാണ്.മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ഉലകനായകന് കമലഹാസനും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. മമ്മൂട്ടിക്ക് എഴുപത് വയസായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ പ്രായമോ അല്ലെങ്കില്‍ തന്നേക്കാള്‍ പ്രായം കുറവാണെന്നോ ആണ് കരുതിയത്. മുതിര്‍ന്ന പൗരന് എല്ലാ ആശംസകള്‍ നേരുന്നു എന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലാണ് താരം ആശംസകള്‍ അറിയിച്ചത്.
‘മമ്മൂട്ടി സാറിന് എഴുപത് വയസായി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. എന്റെ പ്രയമുള്ള ആളാണ് അല്ലെങ്കില്‍ എന്നെക്കാള്‍ പ്രായം കുറഞ്ഞ ആളാണ് എന്നാണ് കരുതിയത്. ക്ഷമിക്കണം. വയസ് കൂടീയാലും ഞാന്‍ വന്നതിന് ശേഷമാണ് അദ്ദേഹം വന്നത്. അതുകൊണ്ട് ജൂനിയര്‍ എന്നു പറയാം. അതുമാത്രമല്ല കണ്ണാടിയില്‍ നോക്കിയാലും എന്റെ ഇളയത് ആണെന്നേ തോന്നൂള്ളൂ. ഈ ഊര്‍ജവും ചെറുപ്പവും എന്നും കാത്ത് സൂക്ഷിക്കാന്‍ കഴിയട്ടെ. മുതിര്‍ന്ന പൗരന് ആശംസകള്‍ നേരുന്നു എന്ന് മറ്റൊരു മുതിര്‍ന്ന പൗരന്’- എന്നാണ് കമലഹാസന് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം മമ്മൂട്ടിയുടെ പിറന്നാളിന് ഇതിനോടകം തന്നെ നിരവധി പേര് ആശംസകള്‍ അറിയിച്ച് രംഗത്തെത്തി. സിനിമ രംഗത്തു നിന്നും രാഷ്ട്രീയ രംഗത്തു നിന്നും നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നത്. നടന് മോഹന്‍ലാലും പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.
1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെയാണ് സാന്നിദ്ധ്യമറിയിച്ചത്. എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തിയത്. ഒരു നല്ല മനുഷ്യന് മാത്രമേ നല്ല നടനാകാന്‍ കഴിയൂ എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന താരമാണ് മമ്മൂട്ടി. അഭിനയത്തിനുമപ്പുറം ജീവകാരുണ്യ മേഖലയിലോ, കുടുംബത്തിലോ എവിടെയുമാകട്ടെ സഹജീവികളോടുള്ള കരുതലും മറയില്ലാത്ത ജീവിതവും തന്നെയാണ് നടനെന്നതിലുമപ്പുറം മമ്മൂട്ടിയെ ഇത്രമേല്‍ ജനകീയനാക്കുന്നത്.