പിറന്നാള്‍ നിറവില്‍ നില്‍ക്കുന്ന മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിക്ക് ആശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഏറ്റവും സിംപിളായ മനുഷ്യനാണ് വാപ്പിച്ചിയെന്നതില്‍ സന്തോഷമുണ്ടെന്നും കുടുംബമായി ചേര്‍ത്തുവച്ചതിന് കടപ്പെട്ടിരിക്കുന്നുവെന്നും ദുല്‍ഖര്‍ കുറിച്ചു. ‘ഞാന്‍ തോറ്റു. എങ്ങനെയാണ് നോക്കുമ്പോഴെല്ലാം ഒരേ ഫ്രെയിമില്‍ ഒരു മാറ്റവുമില്ലാതെ ഒരാള്‍ക്ക് തുടരാന്‍ കഴിയുക? വാക്കുകള്‍ക്കതീതമായി, അനന്തതയോളം സ്‌നേഹിക്കുന്നു വാപ്പീ. എപ്പോഴും നന്ദിയുള്ളവനും അനുഗ്രഹീതനുമായിരിക്കും. ഒന്നിച്ചായിരിക്കാന്‍ കഴിയുന്നതിനാല്‍ തന്നെ ഏറ്റവും ഭാഗ്യം ചെയ്ത കുടുംബമാണ് ഞങ്ങള്‍. ചുറ്റുമുള്ള ലോകം വാപ്പിയെ ആഘോഷിക്കുന്നത് കാണുമ്പോഴെല്ലാം അതെനിക്ക് ഓര്‍മ വരും. പിറന്നാളുകളിലേറ്റവും മനോഹരമാകട്ടെ ഇത്. പതിവുപോലെ പ്രായം പിന്തിരിഞ്ഞ് നടക്കട്ടെ’.ദുല്‍ഖര്‍ പറയുന്നു. എന്റേത്, ഞങ്ങളുടേത്, എല്ലാവരുടേതും എന്ന ഹാഷ്ടാഗിനൊപ്പം ഇന്നും ഏറ്റവും സിംപിളായ മനുഷ്യനാണ് വാപ്പയെന്നും ദുല്‍ഖര്‍ കുറിക്കുന്നു.
മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായിവിജയനെഴുതിയ കുറിപ്പ് താഴെ.
പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള്‍. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി. താരമായല്ല, അഭിനേതാവ് എന്ന നിലയില്‍ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നില്‍ക്കുന്ന ഉയരത്തില്‍ എത്താന്‍ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്. ആത്മാര്‍ഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് അദ്ദേഹം സമ്മാനിക്കുന്നത്. തന്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാല്‍ തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ. ഹൃദയപൂര്‍വ്വം എല്ലാ ഭാവുകങ്ങളും നേരുന്നു. അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചു.
കോണ്‍ഗ്രസ്സ് നേതാവ് ഉമ്മന്‍ചാണ്ടിയെഴുതിയ ആശംസാകുറിപ്പ് താഴെ.
വ്യക്തിപരമായി ഏറെ സ്‌നേഹമുള്ള മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.
കഠിനാധ്വാനം കൊണ്ടും നിരന്തരമായ പരിശ്രമം കൊണ്ടുമാണ് നാല് പതിറ്റാണ്ടിലേറെയായി മമ്മൂട്ടിയെന്ന മഹാനടന്‍ വെള്ളിത്തിരയില്‍ ശോഭിച്ചു നില്‍ക്കുന്നത്. ഏറ്റെടുക്കുന്ന കാര്യങ്ങളില്‍ മമ്മൂട്ടി കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും പഠിക്കാവുന്ന മാതൃകയാണ്; ജീവകാരുണ്യത്തിന്റെ ഉദാത്ത മാതൃക കൂടി മമ്മൂട്ടി കാണിച്ചു തരുന്നു. 70 വയസ്സിലും താരമായി, വെള്ളിത്തിരയില്‍ തിളങ്ങിനില്‍ക്കുന്ന മമ്മൂട്ടിയുടെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാവിധ സ്‌നേഹാശംസകളും നേരുന്നു.