രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് അശ്വതി ശ്രീകാന്ത്. രണ്ടാമതും അമ്മയായ വാര്‍ത്ത നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് തന്നെയാണ് പങ്കുവെച്ചത്.
കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് അശ്വതി കുഞ്ഞിന് ജന്മം നല്‍കിയത്. ‘അമ്മയ്ക്കും കുഞ്ഞിനും സുഖം. അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം,’ എന്നാണ് ക്യാപ്ഷന്‍.
ഏറെ നാളുകളായി തന്റെ രണ്ടാമത്തെ കണ്മണി വരുന്നതിന്റെ വിശേഷവും പേറിയുള്ള കാത്തിരിപ്പിലാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തും ഭര്‍ത്താവും മകളും. സെപ്റ്റംബര്‍ മാസത്തില്‍ കുഞ്ഞുപിറക്കും എന്ന് കരുതിയെങ്കിലും, അതിലും വളരെ മുന്‍പ് തന്നെ ആളിങ്ങെത്തി. മൂത്തമകള്‍ പത്മയ്ക്കു കൂട്ടായി കുഞ്ഞനുജത്തിയാണ് പിറന്നിരിക്കുന്നത്. ഗര്‍ഭിണിയായിരിക്കെ ഏറ്റവും ഒടുവില്‍ നടന്ന ആഘോഷം അശ്വതിയുടെ ഒന്‍പതാം വിവാഹ വാര്ഷികത്തിന്റേതാണ്. ഒന്‍പതാം വിവാഹ വാര്‍ഷികത്തില്‍ രസകരമായ ,അതേസമയം തന്നെ ജീവിതഗന്ധിയായ, ഒരു പോസ്റ്റുമായാണ് അശ്വതി എത്തിയത്
‘9 വര്‍ഷം മുന്‍പ് ഈ നേരത്ത് ഞങ്ങള്‍, വിയര്‍ത്ത് കുളിച്ചിട്ടും എക്സ്പ്രഷന്‍ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യില്‍ കിട്ടിയാല്‍ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയില്‍ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫര്‍ ഈ രംഗത്ത് ‘ഇത്തിരി നാണം പെണ്ണിന് കവിളിന്’ എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും. കാറില്‍ കയറിയാലുടനെ നേരത്തെ വാങ്ങി വച്ച മൈഗ്രേയ്നിന്റെ ഗുളിക കഴിക്കണം എന്ന് ഞാന്‍ ഓര്‍ക്കുകയായിരുന്നിരിക്കണം. 9 വര്‍ഷത്തിനിപ്പുറം ഇപ്പോള്‍ കെട്ടിയോന് ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിയ്ക്ക് മുളക് പുരട്ടുന്നു. ഉപ്പ് നീയിട്ടാലേ ശരിയാകുവെന്ന് പറഞ്ഞ്, ഗര്‍ഭം മുതലെടുത്ത് മൊബൈലില്‍ കുത്തിക്കൊണ്ട് സെറ്റിയില്‍ ഇരിക്കുന്ന എന്നെ നീട്ടി വിളിക്കുന്നു… ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാന്‍… ജീവിതമല്ലേ…പാകം തെറ്റാതെ നോക്കേണ്ടത് രണ്ട് പേരുടെയും കൂട്ട് ഉത്തരവാദിത്വം ആണല്ലോ…’
ആര്.ജെയായി കരിയര്‍ തുടങ്ങിയ അശ്വതി പിന്നീടാണ് ടെലിവിഷനില്‍ അവതാരകയായെത്തിയത്. പിന്നീട് ചക്കപ്പഴം എന്ന സീരിയലിലും അഭിനയിച്ചു. അശ്വതിയുടെ കവിതാ സമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്.