ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ചിത്രീകരണം തടഞ്ഞു. ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ട സ്ഥലത്ത് ചിത്രീകരിച്ചതിനാണ് നടപടി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ചിത്രീകരണം നിര്‍ത്തിവെച്ചത്. തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലാണ് സിനിമ ഷൂട്ടിങ്ങിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. എന്നാല്‍ ഷൂട്ടിങ്ങിന് കലക്ടറുടെ അനുമതി ഉണ്ടെന്ന് സിനിമാക്കാര്‍ പറയുന്നു. പ്രദേശത്ത് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് തൊടുപുഴ പൊലീസ് എത്തി ഷൂട്ടിങ് നിര്‍ത്തിെവപ്പിച്ചു.
ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളി സിനിമയുടെ ഷൂട്ടിങിനായി പണിത സെറ്റ് സിനിമാ പ്രവര്‍ത്തകര്‍ തന്നെ പൊളിച്ചുനീക്കിയത് നേരത്തെ വിവാദമായിരുന്നു. 2020 ജൂണിലായിരുന്നു സംഭവം. രാഷ്ട്രീയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ സെറ്റ് തകര്‍ത്തത് വന്‍ വിവാദമായിരുന്നത്. സംഭവത്തില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നത് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയു ചെയ്തിരുന്നു. വിവിധ സിനിമാ സംഘടനകളും മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും നല്‍കിയ പരാതികളില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ മലയാറ്റൂര്‍ സ്വദേശി രതീഷ് കൊലപാതകം ഉള്‍പ്പെടെ 29 കേസുകളിലെ പ്രതിയാണ്. പിന്നീട് ആലുവ ക്ഷേത്രത്തിന്റെ അരികില്‍ പണിത ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റാണ് പൊളിച്ച് മാറ്റിയത്. കാലടി മണപ്പുറം ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യപ്രകാരം സിനിമാപ്രവര്‍ത്തകരാണ് സെറ്റ് പൊളിച്ചുമാറ്റിയത്. കാലവര്‍ഷം തുടങ്ങിയതിനാല്‍ മണപ്പുറത്ത് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു നടപടി.
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മിന്നല്‍ മുരളി. ഇതിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. ലോക്ഡൗണ്‍ കാരണം ചിത്രീകരണം നടന്നിരുന്നില്ല. വീക്കെന്‍ഡ് ബ്ലോക്ബസ്‌റ്റേര്‍സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് മിന്നല്‍ മുരളിയുടെ നിര്‍മാണം.