ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ (98) അന്തരിച്ചു. ന്യൂമോണിയയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ജൂണ്‍ ആറിനാണ് ദിലീപ് കുമാറിനെ ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതോടെ ജൂണ്‍ 11 ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആറു പതിറ്റാണ്ട് ബോളിവുഡില്‍ നിറഞ്ഞു നിന്ന ദിലീപ് കുമാര്‍ 62 സിനിമകളില്‍ അഭിനയിച്ചു. 1944 ല്‍ പുറത്തിറങ്ങിയ ജ്വാര്‍ ഭട്ടയാണ് ആദ്യ സിനിമ. 1998 ലിറങ്ങിയ കിലയാണ് അവസാന ചിത്രം. ദേവ്ദാസ്, മുഗള്‍ അസം, നായ ദൗര്‍, രാം ഓര്‍ ശ്യാം, അന്താസ്, മധുമതി, ഗംഗ ജമുന എന്നിവ ഇദ്ദേഹം അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്. ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടനാണ് ദിലീപ് കുമാര്‍. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. പത്മഭൂഷണും ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മലയാള സിനിമ.പൃഥ്വിരാജ്, ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ് ഉള്‍പ്പടെയുള്ള താരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ അനുശോചനം രേഖപ്പെടുത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി ,രാഹുല്‍ ഗാന്ധി,ശരി തരൂര്‍,അമിത ബച്ചന്‍ തുടങ്ങി നിരവധി സാംസ്‌കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖരും അദ്ദേഹത്തിന് അനുശോചനമറിയിച്ചിട്ടുണ്ട്.
അഭിനയപൂര്‍ണതക്ക് സത്യജിത് റേ മുഴുവന്‍ മാര്‍ക്കും നല്‍കിയ ദിലീപ് കുമാര്‍. ലോകസിനിമയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ പ്രതിഭയെ ഹോളിവുഡ് ഇതിഹാസം മര്‍ലിന്‍ ബ്രാണ്ടോയ്ക്കും മേലെ പ്രതിഷ്ഠിച്ചപ്പോഴും ആരും അതിശയപ്പെട്ടില്ല. അതിഭാവുകത്വത്തില്‍ നിന്ന് സ്വാഭാവികതയിലേക്ക് നായകസങ്കല്‍പ്പത്തെ പരുവപ്പെടുത്തിയ നടന്‍.