അല്ലു അര്‍ജുന്‍ നായകനാവുന്ന പുതിയ ചിത്രം പുഷ്പ പുറത്തിറങ്ങുന്നത് രണ്ട് ഭാഗങ്ങളായി. രണ്ടര മണിക്കൂറില്‍ കഥ പറഞ്ഞു തീര്‍ക്കാന്‍ പ്രായാസമായതിനാലാണ് ചിത്രം രണ്ടു ഭാഗങ്ങളായി പുറത്തിറക്കുന്നത്. സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പത്ത് ശതമാനത്തോളം ഷൂട്ടിങ്ങ് പൂര്‍ത്തികരിച്ച് കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ.
രണ്ട് ഭാഗങ്ങളായി എടുക്കുന്നത് കൊണ്ട് ചിത്രീകരണത്തിനൊപ്പം എഡിറ്റിങ്ങും നടന്നു കൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം പുനരാരംഭിക്കാനാണ് തീരുമാനം. 250 കോടി രൂപ ചിലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022ല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആന്ധ്രയിലെ ചന്ദനകടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടുയാണിത്.തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.
ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്.
ഏറ്റവും വേഗത്തില്‍ 50 മില്യണ്‍ ആളുകള്‍ കണ്ട ടീസര്‍ എന്ന റെക്കോര്‍ഡും പുഷ്പയുടെ ടീസര്‍ നേടിയിരുന്നു . ഒരു ലക്ഷത്തില്‍ അധികം കമന്റുകളും 1.2 മില്യണ്‍ ലൈക്കുകളും ടീസറിന് ലഭിച്ചു. രാജമൗലി ചിത്രങ്ങളായ ആര്‍. ആര്‍. ആര്‍, ബാഹുബലി എന്നിവയുടെയും ബോളിവുഡ് ചിത്രങ്ങളായ രാധേശ്യാമിന്റെയെല്ലാം റെക്കോര്‍ഡുകളാണ് പുഷ്പ തകര്‍ത്തത്. ടോളിവുഡില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട വീഡിയോയും പുഷ്പയുടെ ക്യാരക്ടര്‍ ടീസര്‍ ആണ്.