ചലച്ചിത്ര അക്കാദമിയില്‍ നിന്ന് വലതുപക്ഷ മുഖ്യധാര സനിമാക്കാരെ മാറ്റണം;സമാന്തര സിനിമ കൂട്ടായ്മ

ചലച്ചിത്ര അക്കാദമിയില്‍ നിന്ന് വലതുപക്ഷ മുഖ്യധാര സനിമാക്കാരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമാന്തര സിനിമ കൂട്ടായ്മ. പ്രിയനന്ദനനും സലിം അഹമ്മദും മനോജ് കാനയും ഡോ.ബിജുവും ഷെറിയും ഉള്‍പ്പെടെയുള്ള ചലച്ചിത്ര കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന കമ്മിറ്റിക്കും ഇക്കാര്യത്തില്‍  കത്ത് നല്‍കി.

അടൂര്‍ ഗോപാലകൃഷ്ണനും ഷാജി എന്‍ കരുണും കെ ആര്‍ മോഹനുമടക്കമുള്ള ലോകമറിയുന്ന ചലച്ചിത്രകാരന്മാര്‍ നയിച്ച അക്കാഡമിയുടെ നേതൃത്വം പിന്നീട് മുഖ്യധാരാ സിനിമാക്കാര്‍ ഏറ്റെടുത്തതോടെ അക്കാഡമിയുടേയും ചലച്ചിത്ര മേളയുടേയും രാഷ്ട്രീയ സാംസ്‌കാരിക സ്വഭാവം അട്ടിമറിയുകയായിരുന്നു. കൂടാതെ മലയാളത്തിലെ സമാന്തര സിനിമാക്കാര്‍ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പൂര്‍ണമായും അകന്നു പോയെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ദൗര്‍ഭാഗ്യവശാല്‍ 2016 ലെ പുനസംഘടനയിലും കടുത്ത വലത്പക്ഷ നിലപാടുകളുള്ള മുഖ്യധാരാ ചലച്ചിത്രകാരന്മാര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലടക്കം ഇടം പിടിക്കുകയും അക്കാഡമിയുടെ രാഷ്ട്രീയ സ്വഭാവം കീഴ്‌മേല്‍ മറിയപ്പെടുകയും ചെയ്തു. ലോക സിനിമയുടെ പുതിയ ചലനങ്ങള്‍ നന്നായറിയുന്ന വലിയ ചലച്ചിത്രകാരന്മാര്‍ ഈ ഘട്ടത്തില്‍ അക്കാഡമി നേതൃത്വത്തിലേക്ക് വരികയുണ്ടായാല്‍ മാത്രമേ മലയാളത്തില്‍ നാളെ സിനിമ നിലനില്‍ക്കൂ എന്നും കത്തില്‍ പറയുന്നു.

സമാന്തര ചലച്ചിത്ര കൂട്ടായ്മ മുഖ്യമന്ത്രിക്ക് അയച്ച കത്ത്:

ഇടത് പക്ഷം നേടിയ ചരിത്ര വിജയത്തില്‍ സാംസ്‌കാരിക മേഖലയില്‍ ( വിശിഷ്യാ സിനിമാ മേഖലയില്‍ ) ക്രിയാത്മക ഇടപെടലുകളാണ് കേരളം പ്രതീക്ഷിക്കുന്നത്. രാജ്യവും ലോകവും ശ്രദ്ധിക്കുന്ന കേരളാ ചലച്ചിത്ര അക്കാഡമിയുടെ നയങ്ങളില്‍ വലിയ കീഴ്മറിയലുകളുണ്ടായത് 2011 ലെ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ്. അടൂര്‍ ഗോപാലകൃഷ്ണനും ഷാജി എന്‍ കരുണും കെ ആര്‍ മോഹനുമടക്കമുള്ള ലോകമറിയുന്ന ചലച്ചിത്രകാരന്മാര്‍ നയിച്ച അക്കാഡമിയുടെ നേതൃത്വം പിന്നീട് മുഖ്യധാരാ സിനിമാക്കാര്‍ ഏറ്റെടുത്തതോടെ അക്കാഡമിയുടേയും ചലച്ചിത്ര മേളയുടേയും രാഷ്ട്രീയ സാംസ്‌കാരിക സ്വഭാവം അട്ടിമറിയുകയായിരുന്നു.

ദൗര്‍ഭാഗ്യവശാല്‍ 2016 ലെ പുനസംഘടനയിലും കടുത്ത വലത്പക്ഷ നിലപാടുകളുള്ള മുഖ്യധാരാ ചലച്ചിത്രകാരന്മാര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലടക്കം ഇടം പിടിക്കുകയും അക്കാഡമിയുടെ രാഷ്ട്രീയ സ്വഭാവം കീഴ്‌മേല്‍ മറിയപ്പെടുകയും ചെയ്തു. മലയാളത്തിലെ സമാന്തര സിനിമാക്കാര്‍ ചലച്ചിത്ര അക്കാഡമിയില്‍ നിന്ന് പൂര്‍ണമായും അകന്ന് കഴിഞ്ഞ കാലം കൂടിയായിരുന്നു ഇത്. സംസ്ഥാന അവാര്‍ഡിലും ചലച്ചിത്ര മേളയിലും തീര്‍ത്തും തഴയപ്പെട്ട ഒട്ടേറെ സിനിമകള്‍ ലോകം ശ്രദ്ധിക്കുകയും വിദേശ മേളകളില്‍ വലിയ അംഗീകാരങ്ങള്‍ നേടിയെടുക്കുകയുമുണ്ടായി ഇക്കാലയളവില്‍ എന്നത് തന്നെ ചലച്ചിത്ര മേള കഴിഞ്ഞ അഞ്ചു വര്‍ഷം പുലര്‍ത്തിയ പ്രതിലോമ സംസ്‌കാരത്തിന്റെ വലിയ തെളിവ് ആണ്. മലയാളത്തിലെ സമാന്തര സ്വതന്ത്ര സിനിമാധാരയുടെ നിലനില്‍പ് അക്ഷരാര്‍ത്ഥത്തില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

ലോക സിനിമയുടെ പുതിയ ചലനങ്ങള്‍ നന്നായറിയുന്ന വലിയ ചലച്ചിത്രകാരന്മാര്‍ ഈ ഘട്ടത്തില്‍ അക്കാഡമി നേതൃത്വത്തിലേക്ക് വരികയുണ്ടായാല്‍ മാത്രമേ മലയാളത്തില്‍ നാളെ സിനിമ നിലനില്‍ക്കൂ എന്നും ഉറപ്പ്.

അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍, കെ പി കുമാരന്‍ തുടങ്ങിയ രാജ്യവും ലോകവും ആദരിക്കുന്ന ചലച്ചിത്രകാരന്മാരെ ചലച്ചിത്ര അക്കാഡമിയുടേയും ചലച്ചിത്ര മേളാ നടത്തിപ്പിന്റെയും തലപ്പത്ത് കൊണ്ട് വരണമെന്നും വര്‍ഷങ്ങളായി ഒരേ സ്ഥാനത്തിരുന്ന് നിയന്ത്രിക്കുന്നവര്‍ മാറി പുതിയവര്‍ തല്‍സ്ഥാനങ്ങളില്‍ വരണമെന്നും മലയാളത്തിലെ സമാന്തര സ്വതന്ത്ര സിനിമക്കാര്‍ പുതിയ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുന്നു.

അഭ്യര്‍ത്ഥനയില്‍ പങ്കു ചേരുന്നവര്‍

പ്രിയനന്ദന്‍

സലിം അഹമ്മദ്

ഡോക്റ്റര്‍ ബിജു

മനോജ് കാന

സജിന്‍ ബാബു

സുവീരന്‍

ഷെറി

വി സി അഭിലാഷ്

പ്രകാശ് ബാര

ഇര്‍ഷാദ്

സന്തോഷ് കീഴാറ്റൂര്‍

അനൂപ് ചന്ദ്രന്‍

ഷെറീഫ് ഈസ

ഡോ എസ് സുനില്‍

ദീപേഷ്

വിനോദ് കൃഷ്ണന്‍

സിദ്ദിഖ് പറവൂര്‍