ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് ഹര്‍ജി. മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷകനായ അലി കാഷിഫ് ഖാന്‍ ദേശ്മുഖാണ് കങ്കണയ്‌ക്കെതിരെ ക്രിമിനല്‍ റിട്ട് ഫയല്‍ ചെയ്തത്. ട്വീറ്ററില്‍ വിദ്വേഷം പരത്തുന്ന സന്ദേശങ്ങള്‍ അയച്ച് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കങ്കണയ്ക്കെതിരെയുള്ള ആരോപണം.
കര്‍ഷക പ്രക്ഷോഭത്തിന് എതിരെയുള്ള കങ്കണയുടെ ട്വീറ്റുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടണമെന്ന ആവശ്യം ഉയര്‍ന്നത്. വിദ്വേഷം പരത്തുന്നതിനൊപ്പം അധിക്ഷേപം നിറഞ്ഞ ട്വീറ്റുകള്‍ കൊണ്ട് കങ്കണ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. സിആര്‍പിസി 482 വകുപ്പ് ചേര്‍ത്താണ് കേസ്. പരാതിക്കാരന്‍ ട്വിറ്ററിനെ എതിര്‍കക്ഷിയായും ചേര്‍ത്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നയിക്കുന്ന സമരത്തിന് പിന്തുണയുമായി എത്തിയ’ഷഹീന്‍ബാഗ് ദാദി’യെ അധിക്ഷേപിച്ച കങ്കണയുടെ ട്വീറ്റ് വലിയ വിവാദമായിരുന്നു. 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നായിരുന്നു കങ്കണയുടെ പ്രസ്താവന.