സുകുമാരന്റെ ഓര്‍മ്മകള്‍ക്ക് 23

','

' ); } ?>

മലയാളചലച്ചിത്രരംഗത്തെ പ്രമുഖ നടന്‍ സുകുമാരന്റെ ഓര്‍മ്മകള്‍ക്ക് 23 വയസ്സ്. 250ഓളം സിനിമകളില്‍ അഭിനയിച്ചു. ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. ‘കേരളാ സ്‌റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷ’ന്റെ മുന്‍ ചെയര്‍മാന്‍ ആയിരുന്നു അദ്ദേഹം.1997 ജൂണ്‍ മാസത്തില്‍ മൂന്നാറിലെ വേനല്‍ക്കാല വസതിയിലേക്ക് യാത്ര പോയ സുകുമാരന് അവിടെ വച്ച് പെട്ടെന്ന് ഒരു നെഞ്ചുവേദന വന്നു. ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം 1997 ജൂണ്‍ 16ന് ഈ ലോകത്തോട് വിടപറഞ്ഞു. വിടവാങ്ങുമ്പോള്‍ 49 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

1948 മാര്‍ച്ച് 18ന് കേരളത്തില്‍ മലപ്പുറം ജില്ലയിലെ എടപ്പാള്‍ എന്ന സ്ഥലത്താണ് സുകുമാരന്‍ ജനിച്ചത്. പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുകുമാരന്‍ തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇംഗ്ലീഷ് സാഹിത്യത്തിന് പഠിക്കാന്‍ ചേര്‍ന്നു. അവിടെനിന്ന് സ്വര്‍ണ്ണമെഡലോടെയാണ് അദ്ദേഹം പാസ്സായത്. തുടര്‍ന്ന് കാസര്‍ഗോഡ് ഗവര്‍ണ്മെന്റ് കോളേജ്, നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.

സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്നതിനിടയിലാണ് സുകുമാരന് ‘നിര്‍മ്മാല്യം’ എന്ന ചിത്രത്തില്‍ അഭിനയിയ്ക്കാന്‍ ക്ഷണം വന്നത്. എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാര്‍ഡ് കൊണ്ടുവന്ന ഈ ചിത്രത്തിനുശേഷം സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. അഭിനയം വിട്ട് അധ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്നുവരെ അദ്ദേഹം ആലോചിച്ചിരുന്നു. അതിനിടയിലാണ് 1977ല്‍ പുറത്തുവന്ന ‘ശംഖുപുഷ്പം’ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷം അദ്ദേഹത്തിന് ലഭിച്ചത്. ഈ ചിത്രത്തോടെ സുകുമാരന്‍ താരങ്ങളില്‍ മുന്‍നിരയിലേയ്ക്ക് കടന്നുവന്നു. പിന്നീട് ഒരുപാടുകാലം മലയാളസിനിമയില്‍ അദ്ദേഹം തിളങ്ങിനിന്നു. നിരവധി വേഷങ്ങള്‍ അദ്ദേഹം ചെയ്തു.
പ്രശസ്ത ചലച്ചിത്രനടി മല്ലിക സുകുമാരനെ 1978 ഒക്ടോബര്‍ 17ന സുകുമാരന്‍ വിവാഹം കഴിച്ചു. മലാളത്തില്‍ തിളങ്ങി നില്‍ക്കുന്ന ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ താരങ്ങളിലൂടെ അഭിനയ സൗകുമാര്യത്തിന്റെ തുടര്‍ച്ച മലയാളികള്‍ ആസ്വദിച്ച് കൊണ്ടിരിക്കുന്നു. മക്കള്‍ അച്ഛന്റെ ഓര്‍മ്മദിനത്തില്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത് താഴെ കാണാം….