തമിഴ് നടനും സംവിധായകനുമായ രാഘവ ലോറന്‍സ് ട്രാന്‍സ്ജന്റേഴ്സിനായി വീടൊരുക്കുന്നു. ട്രാന്‍സ്ജെന്റേഴ്സ് ദിനത്തില്‍ അവര്‍ക്ക് പിന്തുണയുമായെത്തിയ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീടൊരുക്കുന്ന കാര്യം അറിയിച്ചത്. അടുത്ത ഈ ദിവസമാകുമ്പോഴേയ്ക്കും അത്തരത്തിലൊന്ന് ദൈവാനുഗ്രഹത്താല്‍ സംഭവിക്കുമെന്ന് അറിയിച്ച് കൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് തമിഴ് നടനും സംവിധായകനുമായ രാഘവ ലോറന്‍സ് മൂന്ന് കോടി രൂപ ധനസഹായം നലികിയിരുന്നു. പുതിയ ചിത്രമായ ചന്ദ്രമുഖി 2ന് ലഭിച്ച അഡ്വാന്‍സ് തുക മുഴുവനും നല്കുകയായിരുന്നാണ് ലോറന്‍സ് പറഞ്ഞത്.
ക്ഷേത്രങ്ങളെല്ലാം ഇപ്പോള്‍ അടച്ചിരിക്കുകയാണ്. കഷ്ടപ്പെടുന്ന മനുഷ്യരുടെ വിശപ്പിലാണ് ദൈവം ഇപ്പോഴുള്ളതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നെ സംബന്ധിച്ച്, ദൈവത്തിന് കൊടുത്താല്‍ അത് പൊതുജനത്തില്‍ എത്തില്ല. പക്ഷേ, ജനത്തിന് നല്കിയാല് അത് ദൈവസന്നിധിയില്‍ എത്തും. കാരണം എല്ലാവരിലും ദൈവമുണ്ട്. ദൈവം എന്നെ വീട്ടിലിരിക്കാന്‍ അനുവദിച്ചിരിക്കുകയാണ്, പക്ഷേ ഇത് യഥാര്‍ത്ഥത്തില്‍ ചില കടമകള്‍ നിറവേറ്റാനുള്ള സമയമാണ്. അതിനാല്‍ എന്നാല്‍ കഴിയാവുന്നതെല്ലാം പൊതുജനത്തിനും സര്‍ക്കാരിനുമായി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു”, എന്നാണ് ദുരിതാശ്വാസ സഹായം നല്‍കികൊണ്ട് ലേറന്‍സ് ട്വിറ്ററില്‍ കുറിച്ചത്.