മോഹന്‍ലാല്‍ ബറോസ് തുടങ്ങി…

ബറോസ് എന്ന മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. ഈ സിനിമയില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുവെന്ന് അറിയിച്ച് പ്രതാപ് പോത്തനാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പ്രതാപ് ഇതിനെ കുറിച്ചുള്ള സന്തോഷം പങ്കുവെച്ചത്.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. വാസ്‌കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. മോഹന്‍ലാലാണ് ബറോസ് എന്ന നിധിസൂക്ഷിപ്പുകാരനായി എത്തുന്നത്. വാസ്‌കോ ഡ ഗാമയുടെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ട് ഒരു കുട്ടി എത്തുന്നു. ബറോസും കുട്ടിയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ മുഖ്യ പ്രമേയം. ഗാമയുടെ കാലത്തെ കടല്‍ മാര്‍ഗമുള്ള വ്യാപാരം ഉള്‍പ്പെടെയുള്ള ചരിത്രവും സിനിമയില്‍ ചര്‍ച്ചയാകും. ജിജോ പുന്നൂസ് ആണ് കഥയും തിരക്കഥയും ഒരുക്കിയത്. കെ.യു മോഹനനനാണ് സിനിമയുടെ ഛായാഗ്രാഹകന്‍. ഗോവ, പോര്‍ച്ചുഗല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം. ത്രി ഡി ചിത്രമായാണ് ബറോസ് എത്തുക.