ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരെ നായികയാക്കി സഹോദരന് മധു വാര്യര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലളിതം സുന്ദരം. മഞ്ജു വാര്യര്‍, ബിജു മേനോന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം മധു വാര്യരുടെ സംവിധാന അരങ്ങേറ്റം കൂടിയാണ്. എല്ലാ കുടുംബ പ്രേക്ഷകര്‍ക്കും ഒരുമിച്ചിരുന്ന് ആസ്വദിക്കാവുന്ന, നര്‍മ്മത്തില്‍ ചാലിച്ച ഒരു ചിത്രമായിരിക്കും ഇതെന്ന് സ്വിച്ചോണ്‍ ചടങ്ങില്‍ വെച്ച് സംവിധായകന് പറഞ്ഞു. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ചുറി പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സൈജുകുറുപ്പ്, ദിലീഷ് പോത്തന് എന്നിവരും അഭിനയിക്കുന്നുണ്ട്.
41 എന്ന ചിത്രത്തിന് ശേഷം ബിജു മേനോന് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ഇന്നലെകള്‍ ഇല്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് ലളിതം സുന്ദരത്തിലൂടെ മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്നത്. ദി ക്യാംപസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ മധു വാര്യര്‍ പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു. നേരറിയാന്‍ സിബി ഐ, ഭരത്ചന്ദ്രന് ഐപിഎസ്, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടിപ്പുഴയോരത്ത്, പറയാം തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ മധു വാര്യര്‍ അഭിനയിച്ചിട്ടുമുണ്ട്. നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള മധു വാര്യര്‍ സ്വലേ, മായാമോഹിനി എന്നീ ദിലീപ് ചിത്രങ്ങളുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിട്ടുണ്ട്. പ്രമോദ് മോഹന്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ പി. സുകുമാര്‍. ബിജിബാല്‍ ആണ് ഈ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഇടുക്കിയിലെ പീരുമേട്, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രീകരണം.