എപ്പോഴും ഹിറ്റുകള്‍ മാത്രം സമ്മാനിക്കുന്ന സിദ്ദിഖ് എന്ന സംവിധായകന് മോഹന്‍ലാലുമൊന്നിച്ച് ബിഗ് ബ്രദര്‍ എന്ന പുതിയ ചിത്രവുമായെത്തുകയാണ്. ഇപ്പോള്‍ മോഹന്‍ലാലിന്റെ അഭിനയത്തിലെ പ്രത്യേകതകള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന് സിദ്ധിഖ്. മോഹന്‍ലാലും എന്‍.എന്‍ പിള്ളയും ബോണ്‍ ആക്ടേര്സാണെന്നാണ് സംവിധായകന് പറയുന്നത്. ആദ്യം വരുന്ന അഭിനയം പിന്നെ വരില്ല എന്നത് ബോണ്‍ ആക്ടേര്സിനുള്ളൊരു പ്രത്യേകതയാണ്. അത് താന്‍ കണ്ടിട്ടുള്ളത് മോഹന്‍ലാലിനും എന്‍.എന്‍ പിള്ളയിലുമാണെന്ന് സിദ്ധിഖ് വ്യക്തമാക്കുന്നു.അതുകൊണ്ട് ഇവരെ റിഹേഴ്സല്‍ എടുപ്പിക്കില്ലെന്നും പറയുന്നു.
സിദ്ധിഖിന്റെ വാക്കുകള്‍..
”പിള്ള സാറിനെ ഞങ്ങളൊരിക്കലും അഭിനയം പഠിപ്പിക്കുകയായിരുന്നില്ല. ക്യാരക്ടര്‍ പറഞ്ഞ് കൊടുത്തിട്ട് സാര്‍ എങ്ങനെ ചെയ്യുന്നുവോ, അതനുസരിച്ച് ഞങ്ങള്‍ ക്യാമറ വെയ്ക്കുകയായിരുന്നു. അദ്ദേഹം ഒരു ബോണ്‍ ആക്ടറാണ്. അദ്ദേഹത്തിന് ഒരു പ്രാവശ്യം വരുന്ന അഭിനയം രണ്ടാമത്തെ തവണ ചെയ്യുമ്പോള്‍ വരില്ല. ആദ്യം വന്ന റിഹേഴ്സലില്‍ നല്ലതായിരുന്നു എന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറയുമ്പോള്‍ അത് ഇനി വരില്ലെന്നാണ് മറുപടി. അന്ന് നമുക്കത് അത്ഭുതമായി തോന്നിയിരുന്നു. കാരണം മനസ്സില്‍ ഫിക്സ് ചെയ്തിട്ട് ചെയ്യുകയാണെന്നാണ് വിചാരിച്ചത്. ബോണ്‍ ആക്ടേര്സിനുള്ളൊരു പ്രോബ്ലമാണ് ആദ്യം വരുന്ന അഭിനയം പിന്നെ അവര്‍ക്ക് വരില്ല എന്നത്. അത് ഞാന്‍ കണ്ടിട്ടുള്ളത് പിള്ള സാറിനും മോഹന്‍ലാലിനുമാണ്. അതുകൊണ്ട് ഇവരെ റിഹേഴ്സല്‍ എടുപ്പിക്കില്ല. ആദ്യ ടേക്ക് പെര്‍ഫെക്ടായിരിക്കും. മറ്റാരെങ്കിലും തെറ്റിച്ചിട്ട് രണ്ടാമത്തെ തവണ ടേക്ക് പോവുമ്പോള്‍ ആദ്യത്തേത് വരില്ലെന്ന് നമുക്കറിയാം. ഇവരൊന്നും മനസ്സില്‍ വെച്ചിട്ട് ചെയ്യുന്നതല്ല, അതില്‍ ഇന്‍വോള്‍വായി ചെയ്യുന്നതാണ്”.