ധ്യാനാത്മകമായ ചിന്തകള്‍ക്കും മൗനത്തിനും ശേഷമുള്ള ഇടവേളകളിലെ സര്‍ഗാത്മക സപര്യയാണ് സിദ്ദിഖ് എന്ന സംവിധായകനെ വ്യത്യസ്തനാക്കുന്നത്. തന്റെ ഓരോ സിനിമയ്ക്കും ശേഷം നീണ്ട ഇടവേള എടുത്ത് വീണ്ടുമൊരു ഹിറ്റുമായെത്തുന്ന സംവിധായകന്‍. തന്റെ തന്നെ സിനിമയോട് സാമ്യം തോന്നാത്ത, ആരും പറയാത്ത, കൈകാര്യം ചെയ്യാത്ത വിഷയങ്ങള്‍ പറഞ്ഞ് വിസ്മയിപ്പിക്കുന്ന സംവിധായകന്‍. ഹിറ്റുകള്‍ മാത്രം നല്‍കുന്ന സിദ്ദിഖ് മലയാളത്തിലും തമിഴിലും മാത്രമല്ല അങ്ങ് ഹിന്ദിയില്‍വരെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകന്‍ കൂടിയാണിന്ന്. കൊച്ചിന്‍ കലാഭവനില്‍ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് പ്രശസ്ത സംവിധായകന്‍ ഫാസിലിനടുത്ത് ലാലിനൊപ്പം സിദ്ദിഖ് എത്തുന്നത്. അവിടെ നിന്ന് തുടങ്ങിയതാണ് സിദ്ദിഖിന്റെ സിനിമാ ജീവിതം. നടന്‍ ലാലിനോടൊപ്പം സിദ്ദിഖ്-ലാല്‍ എന്ന കൂട്ടുകെട്ടില്‍ സംവിധാനം ചെയ്ത സിനിമകളെല്ലാം തന്നെ വന്‍ വിജയങ്ങളായിരുന്നു. ഈ കൂട്ടുകെട്ടിലൊരുക്കിയതാണ് റാംജിറാവു സ്പീക്കിങ്ങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍. സംവിധായകന്‍ മാത്രമല്ല, കഥാകൃത്ത്, അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ മേഖലയിലും സിദ്ദിഖ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിന്റെ കഥ ഒരുക്കിയായിരുന്നു സിദ്ദിഖിന്റെ തുടക്കം. റാംജിറാവു സ്പീക്കിങ്ങാണ് ആദ്യ സംവിധാന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബ്രദറാണ് സിദ്ദിഖിന്റെ ഏറ്റവും പുതിയ ചിത്രം. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവെക്കുകയാണ് സിദ്ദിഖ്..
- സംവിധായകനെന്ന നിലയില്‍ ഓരോ സിനിമയും വ്യത്യസ്ഥമാക്കാനുള്ള ശ്രമമാണ് നടത്താറുള്ളത്. വിമര്‍ശനങ്ങളെ അതിന്റെ വഴിക്ക് വിട്ട് സിനിമയുടെ വഴിയില്‍ തന്നെയാണ് യാത്ര. എന്താണ് ലാലേട്ടനൊപ്പമുള്ള പുതിയ ജോണര്‍…?
‘വിയറ്റ്‌നാം കോളനി’ എടുക്കുമ്പോഴും ‘ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍’ എടുക്കുമ്പോഴുമുള്ള ഇമേജല്ല ഇന്നത്തെ മോഹന്‍ലാലിനുള്ളത്. അപ്പോള്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ഒരു ലാല്‍ ചിത്രം എന്നതാണ് ബിഗ് ബ്രദറില്‍ ഞാന്‍ സ്വീകരിച്ചിരിക്കുന്ന രീതി. പ്രേക്ഷകര്‍ എന്ത് കാണാനാഗ്രഹിക്കുന്നു, അതൊക്കെ ഈ സിനിമയില്‍ മോഹന്‍ലാലില്‍ നിന്നുമുണ്ടാവണം.
- ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ എന്ന ചിത്രത്തില്‍ കഥയെഴുതി തുടങ്ങി മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങള്‍. മോഹന്‍ലാല്‍ എന്ന വിസ്മയത്തെ എങ്ങനെയാണ് സാര്‍ നോക്കികാണുന്നത്..?
മലയാള സിനിമ വളരുകയാണ്. അതില്‍ ലാലിന്റെതായ വളര്‍ച്ച ഒരുപിടി മുന്നിലാണ്. ഏത് കാലഘട്ടമായാലും അതില്‍ നിന്ന് കുറച്ച്കൂടി മുന്നിലാണ് ലാല്‍ എപ്പോഴും, കാലത്തിന് മുന്നേ സഞ്ചരിക്കുന്ന താരം എന്ന് വിളിക്കാം. ഈ കഴിവ് ലാലിന് ദൈവസിദ്ധമായിട്ട് കിട്ടിയതാണ്, പ്രത്യേകിച്ചും അഭിനയത്തിന്റെ കാര്യത്തില്‍. അതാത് ‘കാലത്തില്‍ നില്‍ക്കുക’ എന്നത് വളരെ എളുപ്പമാണ്. ‘കാലത്തിനപ്പുറത്തേയ്ക്ക് നില്‍ക്കുക’ എന്നത് നമ്മളെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതുകൊണ്ടാണ് ഇവരെ മെഗാസ്റ്റാര്‍, സൂപ്പര്‍സ്റ്റാര്‍ എന്നെല്ലാം വിളിക്കുന്നത്. എംജി ആറിന്റെ പഴയകാല സിനിമകള്‍ നോക്കിയാല്‍ ഇന്നത്തെ സിനിമകളുടെ സ്‌റ്റൈല്‍പോലെ ഒരു ലാഗുമില്ലാതെയാണ് ഒരുക്കിയിരുന്നത്. അന്ന് വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു എംജിആറിന്റെ ചിത്രങ്ങള്‍ എന്നതിനാല്‍ അന്നത് ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല. പക്ഷെ എംജിആര്‍ ആ കാലഘട്ടത്തില്‍ അത് ചെയ്തിട്ടുണ്ട്. ഇന്നു നോക്കുമ്പോള്‍ ഈ കാലഘട്ടത്തില്‍ അങ്ങനെയാണ് സിനിമ. ഇവര്‍ കാലത്തിനുമപ്പുറം സഞ്ചരിക്കുന്ന അപൂര്‍വ്വ പ്രതിഭകളാണ്. അത്‌കൊണ്ടാണ് ഇവരെ ജനം ഏറ്റെടുക്കുന്നത്.
- ചിത്രത്തിലെ താരങ്ങള്‍..
പെര്‍ഫെക്ട് കാസ്റ്റിംഗാണെങ്കില്‍ ഒരു സിനിമയുടെ അറുപത് ശതമാനം ജോലികള്‍ കഴിഞ്ഞപോലെയാണ്. ഒരു സിനിമയുടെ വിജയത്തിന്റെ അടിസ്ഥാന ഘടകം കഥയാണ്. ആ കഥയ്ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ആര്‍ട്ടിസ്റ്റുകളെ കിട്ടിക്കഴിഞ്ഞാല്‍ നമ്മള്‍ വളരെ റിലാക്‌സ്ഡാവും… ബിഗ് ബ്രദറില്‍ വളരെ മികച്ച കാസ്റ്റിംഗാണ് ഉണ്ടായിട്ടുള്ളത്…
- ബിസിനസ്സ് ഒരിക്കലും തനിക്കിണങ്ങില്ലെന്ന് വിശ്വസിച്ച സാര്‍ പ്രൊഡക്ഷനിലും വിജയം കണ്ടെത്തി…?
ഇപ്പോഴും ബിസിനസ്സ് എനിക്ക് ഇണങ്ങില്ല എന്നുതന്നെയാണ് തോന്നുന്നത്. ഞാനിട്ട ബഡ്ജറ്റ് ഞാന്‍ തന്നെ ലംഘിക്കുന്നത്‌കൊണ്ട് എനിക്ക് പ്രശ്‌നമില്ല. പകരം വേറൊരു പ്രൊഡ്യൂസര്‍ ആണെങ്കില്‍ പൈസ നഷ്ടപ്പെടുമ്പോള്‍ മുഖം കറുക്കും. അതുകൊണ്ട് തന്നെയാണ് ഞാന്‍ പ്രൊഡക്ഷനിലേക്ക് തിരിഞ്ഞത്. ഈ സിനിമ തുടങ്ങുന്ന സമയത്ത് ഞങ്ങള്‍ 28 കോടിയാണ് ബഡ്ജറ്റ് ഇട്ടത്. ഇന്ന് ഈ സിനിമ വന്നു നില്‍ക്കുന്നത് 32 കോടിയിലാണ്. നാല് കോടി രൂപയാണ് കൂടിയത്. പുറമേ നിന്നുള്ളൊരു പ്രൊഡ്യൂസറായിരുന്നുവെങ്കില്‍ അവിടെയൊരു ക്ലാഷ് വന്നേനെ… ബിസിനസ്സുകാരന് എപ്പോഴും ലാഭത്തിലായിരിക്കും കണ്ണ്. പക്ഷെ ആ ലാഭത്തില്‍ ഞാന്‍ കണ്ണുവെക്കാറില്ല. ഞാനെപ്പോഴും ഫൈനല്‍ പ്രൊഡക്ടിന്റെ നന്മയ്ക്ക് വേണ്ടിയിട്ട് എന്ത് വേണൊ അത് ചെലവാക്കും. ലാഭ നഷ്ടങ്ങളും ഇഷ്ടാനിഷ്ടങ്ങളും പ്രേക്ഷകരാണ് തീരുമാനിക്കുക. അവര്‍ സ്വീകരിച്ചാല്‍ ഇതെല്ലാം നമുക്ക് കവര്‍ ചെയ്യാവുന്നതേയുളളു.
- മലയാളികള്‍ പൊതുവേ റിയലിസ്റ്റിക് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന സമയത്താണ് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ പോലുള്ള ഫാന്റസി ചിത്രം എടുത്തത്. ചിത്രം നില്‍ക്കുമെന്നുള്ള തോന്നല്‍ ഉണ്ടായിരുന്നോ..?
അത് നില്‍ക്കുമെന്നുള്ള തോന്നലല്ല, എപ്പോഴും വ്യത്യസ്ഥതയ്ക്ക് വേണ്ടിയുളള അന്വേഷണത്തിലാണ് അത് ചെയ്യുന്നത്. പതിവ് രീതിയില്‍ നിന്ന് മാറി ചിന്തിക്കുക… മാറി ചിന്തിക്കുമ്പോഴാണ് നമ്മുടെ സിനിമകള്‍ക്കൊരു മാറ്റം മറ്റുള്ളവര്‍ കാണുക. അല്ലെങ്കില്‍ ഈ ഒഴുക്കിന്റെ കൂടെ പോകുന്ന അനേകം സിനിമകളില്‍ ഒരു സിനിമയായി ഇതും മുങ്ങിപ്പോകും. ഇന്നും എന്റെ ആദ്യകാല സിനിമകള്‍ ടിവിയില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നു എന്നു പറയുന്നത് ഈ ഒരു മാറി സഞ്ചരിക്കല്‍കൊണ്ടാണ്. ദു:ഖ പര്യവസായിയായ കഥയുടെ അവസാനമാണ് മരണം നമ്മള്‍ കാണിക്കാറ്. ഈ മരണം തമാശയ്ക്ക് വേണ്ടി ഉപയോഗിച്ചത് ആദ്യമായിട്ടാണ്. പക്ഷെ അന്നത്തെ പ്രേക്ഷകന്‍ അത് ഉള്‍ക്കൊണ്ടില്ല. ആദ്യത്തെ സ്‌ക്രിപ്റ്റിന്റെ ബാലാരിഷ്ടതയും അതിനകത്ത് ഉണ്ടായിരുന്നു. നാടോടിക്കാറ്റിന്റെ ത്രെഡും അത്‌പോലെയാണ്. ആ കാലഘട്ടത്തില്‍ അങ്ങനെയൊരു കഥ ആരും ചിന്തിച്ചിട്ടില്ല. എപ്പോഴും നമ്മള്‍ നിലവിലുള്ള സമ്പ്രദായങ്ങളില്‍ നിന്നുമാറി ചിന്തിക്കുക. ആ മാറ്റത്തിനുവേണ്ടി എന്നും ഞാന്‍ ശ്രമിക്കുന്നുണ്ട്. ഇനി വരാന്‍ പോകുന്ന സിനിമകളിലും മാറ്റം വരും. അതിനാലാണ് ഞാന്‍ സമയമെടുക്കുന്നത്.
- ‘റാംജി റാവു സ്പീക്കിംഗ്’ എന്ന ചിത്രത്തിലെ തമാശകള്‍ ഇപ്പോഴും ഹിറ്റാണ്. ആ തമാശകളുടെ മര്‍മ്മം പ്ലാന്‍ ചെയ്തതായിരുന്നോ അല്ലെങ്കില്‍ ആര്‍ട്ടിസ്റ്റുകള്‍ സാഹചര്യമനുസരിച്ച് ചെയ്തതായിരുന്നോ…?
സ്‌ക്രിപ്റ്റിലുള്ള തമാശകള്‍ തന്നെയാണ് ഉപയോഗിച്ചത്. വളരെ ചെറിയ മാറ്റങ്ങളേ സെറ്റില്‍ നടത്താറുള്ളു. അതെന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നതെന്നുവെച്ചാല്‍ ഞാന്‍ ഒരു എഴുത്തുകാരനല്ല, ഞാനൊരു സ്റ്റേജ് ആക്ടറായിരുന്നു… അപ്പോള്‍ ഒരു സിനിമയ്ക്ക് കഥയെഴുതിക്കഴിഞ്ഞാല്‍ ഡയലോഗ് എഴുതാന്‍ തുടങ്ങുമ്പോള്‍ മിക്കവാറും അതിലെ എല്ലാ കഥാപാത്രങ്ങളായും ഞാന്‍ മാറും. അപ്പോള്‍ എനിക്ക് ആ ഡയലോഗിന്റെ സ്വഭാവം എനിക്ക് മനസ്സിലാവും. ആ സ്വഭാവത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ആ കഥാപാത്രം പറയാവുന്ന ഡയലോഗ് മനസ്സില്‍ വരും. ‘മാന്നാര്‍ മത്തായി’യില്‍ മത്തായി ചേട്ടന്റെ കഥാപാത്രത്തിന്റെ പ്രത്യേകത എന്തിനും തര്‍ക്കുത്തരം പറയുന്ന സ്വഭാവമാണ് എന്നതാണ്. അത്‌കൊണ്ടാണ് ”മത്തായി ചേട്ടന്‍ ഉണ്ടോ..?” എന്ന് ചോദിക്കുമ്പോള്‍ അയാള്‍ ”ഉണ്ടില്ല, ഉണ്ണാന്‍ പോകുകയാണ്…ഉണ്ണണോ..” എന്ന് ആ കഥാപാത്രം പറയുന്നത്. ആളുകള്‍ ചിരിച്ചത് അയാളുടെ ക്യാരക്ടറിന്റെ പ്രത്യേകതകൂടി കണ്ടിട്ടാണ്. അല്ലാതെ വളരെ സീരിയസ്സായിട്ടുള്ള കഥാപാത്രം പെട്ടെന്ന് അങ്ങനെ പറഞ്ഞാല്‍ വര്‍ക്കൗട്ടാവില്ല. ആ ക്യാരക്ടറായിട്ട് ഞാന്‍ മാറുകയും അതിലൂടെ സഞ്ചരിക്കുകയും ചെയ്യുമ്പോഴാണ് നാച്ചുറലായിട്ട് ആ ഡയലോഗ് വരുന്നത്. അതിനാല്‍ തന്നെ ഞാന്‍ എഴുതുന്നത് മിക്കവാറും വാതിലടച്ച് ഒറ്റയ്ക്കായിരിക്കും. കാരണം ഡയലോഗ് നമ്മള്‍ പറഞ്ഞിട്ടൊ അഭിനയിച്ചിട്ടൊ ആവും എഴുതുന്നത്. ആര്‍ട്ടിസ്റ്റുകള്‍ വന്ന് അത് പെര്‍ഫോം ചെയ്യുമ്പോള്‍ അവര്‍ക്ക് വളരെ എളുപ്പമായിരിക്കും. അവര്‍ക്ക് വേണ്ടി കറക്ടായിട്ട് ഉണ്ടാക്കിവച്ചിരിക്കുന്നത്‌പോലെ ഉണ്ടാവും.
- ത്രില്ലര്‍ ചേരുവകള്‍ അന്നത്തക്കാലത്ത് റിസ്‌ക്ക് കൂടെയായിരുന്നു. റാംജിറാവു പോലെയുള്ള സിനിമ വണ്‍ലൈനായിട്ട് കേട്ടാല്‍ യുക്തിയുമായിട്ട് ബന്ധമുണ്ടോ…?
അത് സ്വാഭാവികമാണ്. നിലവിലുള്ള സമ്പ്രദായങ്ങളെ പിന്‍പറ്റിപോകുന്നവര്‍ക്കാണ് അത്തരം കണ്‍ഫ്യൂഷന്‍ ഉണ്ടാവുക. റാംജി റാവുവിന്റെ പ്രിവ്യു സമയത്ത് ആ സിനിമയുടെ വിതരണക്കാര്‍ക്ക് ചിത്രം ഇഷ്ടപ്പെട്ടില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം ഇത് നിലവിലുള്ള രീതിയിലുള്ള സിനിമയല്ല. നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളെ അടിസ്ഥാനമാക്കിയാണ് ഏത് സിനിമ ഓടും എന്ന് അവര്‍ തീരുമാനിക്കുന്നത്… പക്ഷെ ഒരേപോലെയുള്ള സിനിമകളെ മലയാളി ഒരിക്കലും അംഗീകരിക്കില്ല. മറ്റേത് ഭാഷക്കാരും അത് അംഗീകരിക്കും. പക്ഷെ മലയാളി ഒറിജിനലിനെ മാത്രമേ എന്നും സ്വീകരിക്കുകയുള്ളുവെന്നത് മലയാളിയുടെ പ്രത്യേകതയാണ്. എപ്പോഴും മാറി ചിന്തിക്കുന്നിടത്ത് നിന്നാണ് അത്തരം റിസ്‌ക്കുകളൊക്കെ ചെയ്യുന്നത്. ഇതൊരു പുതിയ രീതിയാണെന്ന് അന്ന് നമുക്ക് അറിയില്ലായിരുന്നു. നമ്മള്‍ നമ്മുടെതായ രീതിയില്‍ ചെയ്ത് വന്നപ്പോഴാണ് ആളുകള്‍ പകച്ചുപോയത്. ഇംപാക്ട് കിട്ടാന്‍ വേണ്ടി ചെയ്തതാണ്. ഒന്നിനും ഒരു നിശ്ചിത നിയമമില്ല, എന്തും മാറാം. സിനിമ ഒരു വലിയ സംഭവത്തിന്റെ ഒരു ചെറിയ ക്യാപ്‌സൂളാണ്. അതില്‍ ആവശ്യമായിട്ട് പറയേണ്ട കാര്യങ്ങള്‍ മാത്രം പറയുക. അല്ലാതെ അനാവശ്യമായ കഥാപാത്രങ്ങള്‍ സിനിമയ്ക്കുണ്ടാവാതിരിക്കുക. കഥാപാത്രത്തിന് സിനിമയുടെ കഥയില്‍ എന്തെല്ലാം കോണ്‍ട്രിബ്യൂട്ട് ചെയ്യാനുണ്ട് എന്നെല്ലാമാണ് അന്ന് ചിന്തിച്ചിരുന്നത്. ഒരുപാട് ഇംഗ്ലീഷ് സിനിമകളും മലയാള സിനിമകളും കാണുമ്പോള്‍ മനസ്സില്‍ സംശയങ്ങള്‍ വരുമായിരുന്നു. ഒരു ക്രിയേറ്ററായി മാറുകയാണെന്ന് അറിഞ്ഞുകൊണ്ടൊന്നും ചെയ്തതല്ല. നാടോടിക്കാറ്റിന്റെ കഥയുമായി ഞങ്ങള്‍ വര്‍ഷങ്ങളോളം നടന്നിട്ട് ആരും എടുത്തില്ല. ”സിനിമയാക്കാന്‍ കൊള്ളില്ലെ.. ഇതൊക്കെ വല്ല മിമിക്രിയ്ക്കും എടുത്തോളൂ..” എന്നായിരുന്നു മറുപടി. നിലവിലുള്ള സമ്പ്രദായങ്ങളില്‍ നിന്ന് മാറി ചിന്തിക്കുമ്പോള്‍ റിസ്‌ക്കുണ്ട്. എന്നാല്‍ ആ റിസ്‌ക്കിനെ മറികടന്നാല്‍ അതൊരു വലിയ വിജയമാവുകയും, പുതിയൊരു രീതിയ്ക്ക് തുടക്കമാവുകയും ചെയ്യുന്നു. ഇതിനെയാണ് ട്രെന്‍ഡ് സെറ്റര്‍ എന്ന്പറയുന്നത്.
- സര്‍ക്കാര്‍ ജോലി ഉണ്ടായിട്ടും തന്റെ ലക്ഷ്യം സിനിമയാണെന്ന് ഉറപ്പിക്കുന്നത് എപ്പോഴാണ്…?
എപ്പോഴും നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ നമ്മളോട് തന്നെ സംസാരിക്കുന്നൊരു ഞാനുണ്ടല്ലൊ. ആ ഞാന്‍ തൃപ്തനാവുന്നത് വരെ ഞാന്‍ അസ്വസ്ഥനായിരിക്കും. പക്ഷെ പുറത്തുകാണുന്ന ഞാന്‍ എല്ലാ സ്ഥലത്തും കംഫര്‍ട്ടായിരിക്കും. എന്റെ ഉള്ളിലുള്ള സംഘര്‍ഷങ്ങളൊന്നും ഞാന്‍ പുറത്തുകാണിക്കാറില്ല. എന്താണൊ ചെയ്യേണ്ടിയിരുന്നത് അത് ഞാന്‍ പെര്‍ഫെക്ടായിട്ട് ചെയ്തിരുന്നു. ഒരിക്കല്‍പോലും ‘ഇതെന്റെ ജോലിയല്ല’ എന്നു വിചാരിച്ച് ഞാനവിടെ മടിയോട്കൂടിയല്ല പ്രവര്‍ത്തിച്ചത്. പക്ഷെ എന്റെ മനസ്സ് എപ്പോഴും പറയുമായിരുന്നു ‘നിന്റെ സ്ഥലം ഇതല്ല. ഇതല്ല..’ എന്ന്. അപ്പോഴും ഞാന്‍ പറയും ‘വെയ്്റ്റ് ചെയ്യൂ… ഞാനിവിടുന്ന് പോകും, അതിനുള്ള സമയം വരട്ടെ’യെന്ന്. എന്നെ പിടിച്ച് കല്ല്യാണം കഴിപ്പിക്കുമ്പോള്‍പോലും എനിക്കറിയാം ഞാന്‍ ഉടനെ ഈ ജോലി കളയുമെന്ന്. പക്ഷെ, അത് വീട്ടുകാര്‍ക്കറിയില്ലായിരുന്നു. അന്ന് ദാരിദ്ര്യത്തില്‍ നിന്ന് എന്റെ കുടംബത്തെ രക്ഷിക്കാന്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ സഹായമാണ് സ്‌ക്കൂളിലുള്ള ആ ജോലി. അതിനെ ഞാനൊരിക്കലും നിസ്സാരവല്‍ക്കരിച്ച് കാണില്ല. സ്‌ക്കൂളിലെ സ്റ്റാഫും മാനേജ്‌മെന്റും ഹെഡ്മാസ്റ്ററുമെല്ലാം എന്നോട് വളരെ സ്‌നേഹത്തോടെയും സഹകരണത്തോടെയുമാണ് പെരുമാറിയത്. അവര്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നൊരു സര്‍വീസ് ഞാനവര്‍ക്ക് കൊടുത്തിട്ടുണ്ട്. ഞാന്‍ അതില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠമാണ് ‘ഏത് സ്ഥലത്താണൊ, അവിടെ നമ്മള്‍ പെര്‍ഫെക്ടായിരിക്കുക’ എന്നത്. ആ പെര്‍ഫെക്ഷന്‍ നമ്മളെ മറ്റു സ്ഥലത്തേക്കും കൊണ്ടുപോയിക്കൊള്ളും. തുടങ്ങിയ ഇടത്തല്ല നമ്മള്‍ നില്‍ക്കുന്നതെന്ന് കുറേകാലം കഴിഞ്ഞാണ് നമ്മളറിയുന്നത്. നമ്മളുടെ കൂടെ തുടങ്ങിയവര്‍ പലരും വളരെ ദൂരത്താണ് നില്‍ക്കുന്നതെന്നും നമ്മള്‍ എത്രദൂരം മുന്നോട്ട് സഞ്ചരിച്ചുവെന്നും തിരിഞ്ഞ് നോക്കുമ്പോഴാണ് മനസ്സിലാവുന്നത്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമ്പോള്‍ നമ്മളറിയാതെ തന്നെ പതുക്കെ അത് മുന്‍പോട്ട് കൊണ്ടുപോകും. അതിനുദാഹരണം പറയാം… ഫാസില്‍ സാറിന്റെ കൂടെ ‘നോക്കെത്താ ദൂരത്ത്’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ട് വര്‍ക്ക് ചെയ്യുമ്പോള്‍ ആ സിനിമയുടെ സഹസംവിധായകരുടെ ടൈറ്റിലില്‍ നോക്കിയാല്‍ ഏറ്റവും അവസാനമാണ് എന്റെ പേര്. പക്ഷെ എന്റെ ആ വര്‍ക്കിനോടുള്ള ഡെഡിക്കേഷന്‍കൊണ്ട് ഞാനറിയാതെ തന്നെ ഫാസില്‍ സാര്‍ എന്നെ മുന്നിലേയ്ക്ക് കൊണ്ടുവന്നു. കാരണം എന്നിലുള്ള ഔട്ട്പുട്ടൊ എന്റെ ഹാര്‍ഡ്‌വര്‍ക്കൊ സാറിന് മതിപ്പുളവാക്കിയിട്ടുണ്ട്. ഇതൊന്നും ഇംപ്രസീവ് ഉണ്ടാവാനായിട്ട് ചെയ്തതല്ല. പക്ഷെ എന്നെ അത് കറക്ടായിട്ടുള്ള സ്ഥലത്തേക്ക് എത്തിച്ചു. ഈ ആത്മാര്‍ത്ഥത കാരണമാണ് എനിക്കും ലാലിനും സാര്‍ ഓഫര്‍ ചെയ്യുന്നത്. പപ്പന്‍ പ്രിയപ്പെട്ട പപ്പനും, നാടോടിക്കാറ്റിനും ശേഷം ഞാനും ലാലും എഴുതിയിട്ടില്ല. ഞങ്ങള്‍ക്ക് പറ്റിയ പണിയല്ല എഴുത്തെന്ന് തീരുമാനിക്കുകയായിരുന്നു… പക്ഷെ ഫാസില്‍ സാറാണ് നിങ്ങളെഴുതിയാല്‍ ശരിയാവുമെന്നും, നിങ്ങള്‍ക്ക് നിങ്ങളുടെതായ രീതിയുണ്ടെന്നും പറഞ്ഞ് സിനിമ സംവിധാനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. അന്ന് മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു ഞങ്ങളുടെ മനസ്സില്‍ ഉള്ളത്. അതൊന്നും വേണ്ട ചെറിയ ആര്‍ട്ടിസ്റ്റുകള്‍ മതി എന്ന് സാര്‍ പറഞ്ഞു. ആദ്യം ഞങ്ങള്‍ പേടിച്ചു, അപ്പോള്‍ സാര്‍ പറഞ്ഞു നിങ്ങളെന്തിനാണ് പേടിക്കുന്നത് പൈസ ഞാനല്ലെ മുടക്കുന്നത് എന്ന്. വേണമെങ്കില്‍ നിങ്ങള്‍ രണ്ട്‌പേരും കൂടെ അഭിനയിച്ചാല്‍ മതി എന്നും പറഞ്ഞു. ഫാസില്‍ സാറിന് അത്ഭുതകരമായിട്ടൊരു സിദ്ധിയുണ്ട്. ഒരാളില്‍ നമ്മളറിയാത്ത കഴിവുകള്‍ കണ്ടെത്താനുള്ള കഴിവ്. അതാണ് ഫാസില്‍ സാര്‍ കൊണ്ടുവരുന്ന താരങ്ങളും സ്റ്റാറാവുന്നത്. അവരിലുള്ള സ്പാര്‍ക്ക് കണ്ടെത്താനുള്ള ഭയങ്കരമായ കഴിവ് സാറിനുണ്ട്. അങ്ങനെയൊരു കഴിവ് നമ്മള്‍ക്കുപോലുമില്ല. ഫാസില്‍ സാറിന്റെ സഹസംവിധായകരാവാനുള്ള ഭാഗ്യം ഞങ്ങള്‍ക്കും കിട്ടി. ആ ഭാഗ്യമാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്.
- കംഫര്‍ട്ട് സോണ്‍ ബ്രെയ്ക്ക് ചെയ്യുക എന്നു പറയുന്നത് ഒരേ സമയം വെല്ലുവിളിയാണ്. അങ്ങനെ ബ്രെയ്ക്ക് ചെയ്ത ആള്‍ക്കാരാണ് ലൈഫില്‍ വിജയം കണ്ടെത്തിയവര്‍. സംവിധായകന്‍ ലാല്‍ പോയപ്പോള്‍ പുതിയ സിനിമ ചെയ്യുമ്പോള്‍ വര്‍ക്കില്‍ വല്ലുവിളിയുണ്ടായിരുന്നോ..?
ഇല്ല. അന്ന് ഞങ്ങള്‍ രണ്ടുപേരും ഒരാളെപ്പോലെയാണ് വര്‍ക്ക് ചെയ്തത്. അത്‌കൊണ്ട് ഞങ്ങള്‍ രണ്ട്‌പേരാണ് എന്ന തോന്നലുണ്ടായിരുന്നില്ല. ഒറ്റയ്ക്കായപ്പോഴും അങ്ങനെയൊരു ഫീലിഗ് ഉണ്ടായിട്ടേയില്ല. ആ രീതിയില്‍ തന്നെയാണ് ഞാന്‍ വര്‍ക്ക് ചെയ്ത്‌കൊണ്ടിരുന്നത്. അതിനാല്‍ തന്നെ ടെന്‍ഷനോ, മിസ്സിംഗോ എനിക്ക് ഫീല്‍ ചെയ്തിട്ടില്ല.
- ലാല്‍സാര്‍ ആക്ടര്‍ ആയി. ആ ഐഡന്റിറ്റി വേറെ രൂപത്തില്‍പോയി എന്നു ഫീല്‍ചെയ്തിട്ടുണ്ടോ…
ഇല്ല, ഒരിക്കലുമില്ല. ഞാന്‍ സ്‌റ്റേജില്‍ നന്നായിട്ട് അഭിയിക്കുന്ന ആളാണെന്ന് മറ്റുള്ളവര്‍ പറയുന്നുണ്ടെങ്കിലും എന്റെ അഭിനയം എനിക്കിഷ്ടമല്ല… ഞാന്‍ ക്രിയേറ്റ് ചെയ്യുന്ന കാര്യങ്ങള്‍ വേറൊരു ആക്ടറിനെകൊണ്ട് അഭിനയിപ്പിച്ചെടുക്കാനാണ് ഇഷ്ടം. ഹരിശ്രീ അശോകനെ കലാഭവനിലേക്ക് കൊണ്ട് വന്ന സമയത്ത സ്‌റ്റേജ് ഷോയിലേക്ക് പരീക്ഷയായിട്ട് ഒരു ആര്‍ടിസ്റ്റ് വന്നില്ല. അന്ന് ഹരിശ്രീ അശോകനെ കൊണ്ടുവന്നു. ഹരിശ്രീ അശോകന് ചെയ്യാന്‍ പറ്റുന്നതൊക്കെ ഞാന്‍ ചെയ്യുന്ന റോളുകളാണ്. ആ വരാന്‍ പറ്റാത്ത ആര്‍ടിസ്റ്റ് ചെയ്യുന്ന റോളുകള്‍ അശോകന് സ്‌റ്റേജില്‍ ചെയ്യാന്‍ പറ്റില്ല. അങ്ങനെ ഞാന്‍ എന്റെ റോളുകളെല്ലാം ഹരിശ്രീ അശോകനെകൊണ്ട് ചെയ്യിപ്പിച്ചു. എനിക്കതാണ് ഇഷ്ടം. ഞാന്‍ മാസ്റ്റര്‍പീസായിട്ട് ചെയ്യുന്നത്‌പോലും അശോകനെ ഏല്‍പ്പിച്ചു. അതിന് ”നീ വെറുതേ നിന്ന് കാശ് വാങ്ങിക്കലാണല്ലൊ…?” എന്ന് പറഞ്ഞ് എല്ലാവരും വഴക്ക് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു ”അല്ല, ഞാന്‍ ചെയ്ത്‌കൊണ്ടിരിക്കുന്നത് എന്താണെന്ന് എനിക്ക് പുറത്തുവന്നുനിന്ന് കാണണം. മറ്റൊരാള് ചെയ്യുമ്പോഴല്ലെ എനിക്കത് മനസ്സിലാവുകയുള്ളൂ..” എന്ന്. ഞാന്‍ ചെയ്ത കാര്യങ്ങളൊക്കെ അശോകന്‍ ഭംഗിയായിട്ട് ചെയ്യുമായിരുന്നു. ഹരിശ്രീയിലേക്ക് വന്നപ്പോഴും ഞാനെന്റെ മിക്ക റോളുകളും അശോകനാണ് കൊടുത്തുകൊണ്ടിരുന്നത്. അതിന്റെ പ്രധാന കാര്യം എന്റെ അഭിനയം എനിക്കിഷ്ടമല്ല എന്നതാണ്.