വിവാദങ്ങളുടെ കാര്‍മേഘമടങ്ങും മുന്‍പേ തിയേറ്ററിലെത്തിയ മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തിയോ എന്നത് സംശയകരമാണ്. ഒരു ചരിത്ര സിനിമയെന്ന് പറയുമ്പോള്‍ ചരിത്രത്തിലൂന്നി നിന്നുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആസ്വാദനമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. രണ്ട് നാട്ടുരാജ്യങ്ങള്‍ തമ്മില്‍ മൂന്നര പതിറ്റാണ്ടോളം നീണ്ട് നിന്ന ചതിയുടേയും കുടിപ്പകയുടേയും ചരിത്രം ഇന്നിന്റെ മണ്ണില്‍ നിന്ന് പറയുമ്പോള്‍ അത്രമാത്രം പ്രതീക്ഷകളുമുണ്ടാകും. ചരിത്ര പശ്ചാതലത്തോട് നീതി പുലര്‍ത്തിയ തിരക്കഥയാണെങ്കിലും അത് ദൃശ്യപരമായി ഒjനുഭവമാക്കുമ്പോള്‍ സ്വീകരിക്കേണ്ട സൂക്ഷ്മതയൊന്നും തന്നെ മെയ്ക്കിംഗില്‍ കണ്ടില്ല.
ചരിത്രാന്വേഷണങ്ങളില്‍ നിന്നുള്ള മികച്ച തിരക്കഥകളിലൊന്നാണ് മാമാങ്കത്തിന്റേത്. അതേ സമയം ആ തിരക്കഥയുടെ രംഗാവിഷ്‌കാരമാകട്ടെ പലപ്പോഴും ഇഴച്ചിലായി മാറി. തിരക്കഥയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഇപ്പോഴും കോടതിയില്‍ വാദം നടക്കുന്നതിനാല്‍ ആ കാര്യങ്ങളെ മാറ്റി നിര്‍ത്താം. ഒരു കാലഘട്ടം പുനരാവിഷ്‌കരിക്കുമ്പോള്‍ അത് വലിയ വെല്ലുവിളിയാണ്. കൂറ്റന്‍ സെറ്റുകള്‍, ആള്‍ക്കൂട്ട ചിത്രീകരണം, ഇതിന്റെയെല്ലാം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താന്‍ പറിറിയില്ലെന്നാണ് തോന്നിയത്. മികച്ച തിരക്കഥയും, കാസ്റ്റിംഗും ഉണ്ടായിട്ടും ഏകോപനമില്ലായ്മ തന്നെയാണ് ചാവേറുകളുടെ പോരാട്ടത്തെ മൂര്‍ച്ചയില്ലാതാക്കിയത്. ചരിത്ര പശ്ചാതലത്തിനൊപ്പം, കുരുന്നിനേയും കൂട്ടിയുള്ള വൈകാരികമായ ചാവേറിന്റെ യാത്ര പുറപ്പെടല്‍, മമ്മൂട്ടിയുടെ പെണ്‍ വേഷവും, നൃത്ത രംഗവും എന്നിവയുമാണ് ആദ്യ പകുതിയില്‍ മനസ്സില്‍ നില്‍ക്കുന്ന രംഗങ്ങള്‍.
ഒട്ടേറെ ചരിത്ര പുരുഷന്‍മാരെ അവതരിപ്പിച്ച മമ്മൂട്ടിയുടെ മറ്റ് കഥാപാത്രങ്ങളുമായി മാമാങ്കത്തിലെ കുറുപ്പച്ചനെ താരതമ്യപ്പെടുത്താനാവില്ല. ഉണ്ണി മുകുന്ദന്‍, കനിഹ, അനുശ്രീ, ഇനിയ, തരുണ്‍ അറോറ, സിദ്ദിഖ്, സുദേവ് നായര്‍, മണികണ്ഠന്‍ തുടങ്ങീ താരങ്ങളെല്ലാം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ച വെച്ചത്. അതേ സമയം വന്‍താര നിരയുണ്ടായിട്ടും പലപ്പോഴും ചിത്രത്തെ പിടിച്ചുയര്‍ത്താന്‍ കഴിയാത്ത ഘട്ടങ്ങളിലെല്ലാം മാസ്റ്റര്‍ അച്യുതനാണ് താരമായത്. മെയ്‌വഴ്ക്കം കൊണ്ട് മാത്രമല്ല, കണ്ണീലെ തീവ്രതയാലും ഇനിയും ഒരുപാട് കഥാപാത്രങ്ങളിലേക്ക് പകര്‍ന്നാടാന്‍ തനിയ്ക്ക് കഴിയുമെന്ന് അച്യുതന്റെ ഓരോ ചലനങ്ങളും വിളിച്ചു പറയുന്നുണ്ട്.
ചരിത്ര സിനിമയ്ക്ക് പിന്‍ബലമാകേണ്ട പശ്ചാതല സംഗീതം, ആക്ഷന്‍ കൊറിയോഗ്രാഫി, ഗ്രാഫിക്‌സ്, ക്യാമറ എന്നിവയെല്ലാം ശരാശരി നിലാവരം മാത്രമാണ് പുലര്‍ത്തിയത്. ഒരു നല്ല കഥാപരിസരവും, അതിനനുകൂലമായ ഭൗതിക സാഹചര്യവും മാത്രം പോര കൃത്യമായ ഏകോപനം കൂടെയുണ്ടെങ്കിലേ ഒരു ചരിത്ര സിനിമ അതേ ആവേശത്തോടെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ കഴിയൂ എന്നതാണ് മാമാങ്കം ഓര്‍മ്മിപ്പിക്കുന്നത്. അതേ സമയം ചിത്രം നല്‍കുന്ന സന്ദേശം മികച്ചതാണ്. വേരുകളുള്ള ഒരാള്‍ക്ക് ഒരിയ്ക്കലും ചാവേറാകാനാകില്ല, കൂടപിറപ്പുകളെ ചാവേറുകളാക്കുന്ന ഒരു യുദ്ധത്തിനും ഇനി പ്രസക്തിയില്ലെന്ന് ഓര്‍മ്മിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. ചരിത്രത്തില്‍ നിന്ന് തുടങ്ങി മാമാങ്കത്തിന്റെ വര്‍ത്തമാന അവശേഷിപ്പുകളില്‍ ചെന്ന് അവസാനിക്കുന്ന ചിത്രം ഡോക്യുമെന്ററി സ്വഭാവത്തിലേക്ക് മാറുന്നുണ്ട്. നമ്മുടെ മണ്ണില്‍ പുതഞ്ഞ് കിടന്നിരുന്ന അധികാരത്തിന്റേയും, അടിമത്വത്തിന്റെയും, ചതിയുടേയും. കുടിപ്പകയുടേയും നാളുകളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലെന്ന രീതിയില്‍ ചരിത്രാന്വേഷികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും സമീപിക്കാവുന്ന ചിത്രം കൂടെയാണ് മാമാങ്കം.