
നടന്‍ ഷെയ്ന്‍ നിഗം നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നിന്ന് പൂര്‍ണമായും പിന്മാറിയതായി ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സംസാരിക്കവെ ഷെയ്ന്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന് പറഞ്ഞതും മന്ത്രി എ.കെ ബാലനുമായി നടത്തിയ കൂടിക്കാഴ്ച്ചയുമാണ് ഫെഫ്ക, അമ്മ, പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ ചൊടിപ്പിച്ചത്.
ഷെയ്ന്‍ തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. അയാള്‍ സ്വന്തം വഴിക്ക് നീങ്ങുമ്പോള്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന് എന്തുറപ്പാണ് ഞങ്ങള്‍ക്ക് നല്‍കാനാകുക എന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയത്. ഈ നിലപാട് തുടരുന്നിടത്തോളം ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് ഫെഫ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. താരസംഘടനയായ അമ്മയും ഫെഫ്കയുടെ അതേ നിലപാടിലാണെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മന്ത്രി എ.കെ ബാലനെ കണ്ടത് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാനുളള ശ്രമമായും അവര്‍ കാണുന്നു.
ഷെയിന്‍ നിഗവുമായുള്ള പ്രശ്‌നത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്തും വ്യക്തമാക്കി. നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചയാളുമായി ചര്‍ച്ച നടത്താനാകില്ലെന്നും ചര്‍ച്ച അവസാനിപ്പിച്ചത് നിരവധി ശ്രമങ്ങള്‍ക്കുശേഷമാണെന്നും രഞ്ജിത്ത് പറഞ്ഞു.