‘ഞാന്‍ മേനോനല്ല, കൂലിപ്പണിക്കാരനാ’..ബിനീഷിന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

','

' ); } ?>

കോളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്നത്. സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്. പാലക്കാട് മെഡിക്കല്‍ കോളജിലാണ് സംഭവമുണ്ടായത്. പൊതുവേദിയില്‍ വെച്ച് ബിനീഷ് ബാസ്റ്റിന്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

ബിനീഷിന്റെ വാക്കുകള്‍..

‘എന്നെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളാണ് ഇവിടെയുള്ളതെന്ന് എനിക്കറിയാം. എന്റെ ജീവിതത്തിലെ ഏറ്റവും ഇന്‍സല്‍ട്ടഡായ ദിവസമാണ് ഇന്ന്. എനിക്ക് 35 വയസ്സായി, എന്നെ ഗസ്റ്റായി വിളിച്ചിട്ട് വന്നതാണ്. ചെയര്‍മാന്‍ എന്നെ വിളിച്ചിട്ട് വന്നതാണ്. എന്റെ സ്വന്തം വണ്ടിയില്‍ വന്നതാണ്. ശരിക്കും ഒരു മണിക്കൂര്‍ മുന്നേ നിങ്ങളുടെ ചെയര്‍മാന്‍ എന്റെ റൂമില്‍ വന്ന് പറഞ്ഞ്. വേറെ ഗസ്റ്റായിട്ടുള്ളത് അനില്‍ ഏട്ടനാണുള്ളതെന്ന്. അനിലേട്ടന് സാധാരണക്കാരനായ എന്നെ ഗസ്റ്റായി വിളിച്ചത് ഇഷ്ടമായിട്ടില്ല, അവനോട് ഇങ്ങോട്ട് വരരുത്, അവനുണ്ടെങ്കില്‍ സ്‌റ്റേജിലേക്ക് കയറില്ല, അവന്‍ എന്റെ പടത്തില്‍ ചാന്‍സ് ചോദിച്ച ആളാണെന്ന്.

ഞാന്‍ മേനോനല്ല, ദേശീയ അവാര്‍ഡ് വാങ്ങിയിട്ടില്ല, എന്റെ ലൈഫിലെ ഏറ്റവും സങ്കടമുള്ള ദിവസമാണ്. ഇങ്ങനൊന്നും ഒരു വ്യക്തിയോടും കാണിക്കാന്‍ പാടില്ല. ഒരു കൂലിപ്പണിക്കാരനാ. ടൈല്‍സ് പണിക്കാരനാണ്, പത്തമ്പത് പടങ്ങള്‍ ചെയ്തിട്ട്, വിജയ് സാറുടെ തെറിയിലൂടെ ഇത്തിരി സ്ഥാനകയറ്റം കിട്ടിയ ആളാണ്. ആദ്യമായിട്ടല്ല കോളജ് ഡേയ്ക്ക് പോകുന്നത്. 220 ഓളം കോളേജുകളില്‍ ഗസ്റ്റായി പോയിട്ടുണ്ട്. ഇന്ന് എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ദിവസമാണ്. ഞാന്‍ വിദ്യാഭ്യാസമില്ലാത്തവനായത് കൊണ്ട് എഴുതി കൊണ്ടുവന്നിട്ടുണ്ട്, അത് വായിക്കാം.

മതമല്ല മതമല്ല പ്രശ്‌നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏത് മതക്കാരനാണെന്നല്ല പ്രശ്‌നം എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്. ഞാനും മനുഷ്യനാണ്’ എന്നാണ് ബിനീഷിന്റെ വാക്കുകള്‍.

അനില്‍ രാധാകൃഷ്ണ മേനോന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് പോയിട്ടില്ലെന്നും ബിനീഷ് വ്യക്തമാക്കുന്നു. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞിട്ടാണ് അണിയറപ്രവര്‍ത്തകര്‍ എന്നെ വിളിച്ചത്. 40 ദിവസത്തോളം ആ ചിത്രത്തിന് വേണ്ടി ഞാന്‍ പോയിരുന്നു. എന്നാല്‍ സിനിമ വന്നപ്പോള്‍ സെക്കന്‍ഡുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ സങ്കടമില്ല. സിനിമ അങ്ങനെയാണ്. പക്ഷേ ഒരു മൂന്നാംകിട നടനായി എനിക്കൊപ്പം വേദിയില്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത് വല്ലാതെ വേദനയായി.. കണ്ണുനിറഞ്ഞുപോയി. ഞങ്ങള്‍ എന്നും കൂലികളായി നടന്നാമതിയെന്നാണോ എന്നും ബിനീഷ് ചോദിക്കുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിനീഷിനെ തടയാന്‍ പ്രിന്‍സിപ്പാള്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇവരെയെല്ലാം തട്ടിമാറ്റിയാണ് ബിനീഷ് സ്‌റ്റേജില്‍ കയറി പ്രതിഷേധിച്ചത്. വാര്‍ത്തകള്‍ പുറത്തുവന്നതോടെ അനില്‍ രാധാകൃഷ്ണ മേനോനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.