ഗിന്നസാണ് ബേസിലിന്റെ സ്വപ്നം

മഴവില്‍ മനോരമ ചാനലിലെ റിയാലിറ്റി ഷോ ആയ വെറുതെ അല്ല ഭാര്യയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് ബേസില്‍ തോമസ്. വെറുതെ അല്ല ഭാര്യ സീസണ്‍ ഒന്നിലെ വിജയിയായിരുന്നു ബേസില്‍ തോമസും ഭാര്യ സുമയും. ബിസിനസ്സുകാരനായ ബേസില്‍ പാചക രംഗത്തും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഡാ തടിയാ, 72 മോഡല്‍, ത്രീ ഡോട്സ്സ്, റിംഗ് മാസ്റ്റര്‍, നീന, ഷെര്‍ലക്ക് ടോംസ്, ഒരു പഴയ ബോംബ് കഥ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങി പതിനേഴോളം ചിത്രങ്ങളില്‍ അഭിനയിച്ച ബേസില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്..

  • എന്താണ് പുതിയ വിശേഷങ്ങള്‍?

എന്റെ പുതിയ വിശേഷങ്ങള്‍ എന്റെ മൂന്ന് സിനിമകളാണ്. പേര് അനൗണ്‍സ് ചെയ്തിട്ടില്ല. ആ സിനിമയ്ക്ക് വേണ്ടി കുറച്ച് വര്‍ക്കൗട്ട് ചെയ്ത്‌കൊണ്ടിരിക്കുകയാണ്. കൂടാതെ ഞാന്‍ പാട്ടില്‍ ഒരു അഭ്യാസം നടത്തി നോക്കുകയാണ്.സംഗീതം പഠിക്കല്‍. വളരെ ചെറുപ്പത്തില്‍ കുറച്ച് പഠിച്ചിരുന്നു ഇപ്പോള്‍ വീണ്ടും പഠിക്കാനായിട്ട് ചേര്‍ന്നിട്ടുണ്ട്.

  • എത്ര സിനിമകള്‍ ഇതുവരെ ചെയ്തു കഴിഞ്ഞു ?

എന്റെ ആദ്യത്തെ സിനിമ ആഷിഖ് അബു സംവിധാനം ചെയ്ത ഡാ തടിയാ ആണ്. എന്നെ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് ഡാ തടിയാ എന്ന്. അത്‌പോലെതന്നെ എന്റെ ആദ്യ ചിത്രത്തിനും ആ പേര് വന്നു. പിന്നെ 72 മോഡല്‍, ത്രീ ഡോട്സ്സ്, റിംഗ് മാസ്റ്റര്‍, നീന, ഷെര്‍ലക്ക് ടോംസ്, ഒരു പഴയ ബോംബ് കഥ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, പിന്നെ ഇട്ടിമാണി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

  • വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലേക്ക് എങ്ങനെയാണ് എത്തുന്നത് ?

അതൊരു വലിയ കഥയാണ്. കല്ല്യാണം കഴിഞ്ഞ് ഞാന്‍ ജോലി രാജിവെച്ച് ബിസിനസ്സ് ആരംഭിച്ചു. ഒരു ട്രീറ്റ്‌മെന്റുമായി ബന്ധപ്പെട്ട് കുറേ നാള്‍ അവിടുന്ന് മാറി നില്‍ക്കണ്ട ഒരു സാഹചര്യം വന്നു. അപ്പോള്‍ എന്റെ ബിസിനസ്സ് പൊളിഞ്ഞു. ഒരു നൂറ് രൂപ പോലും എടുക്കാനില്ലാത്ത ഒരു സമയമുണ്ടായിരുന്നു എനിക്ക്. ആ ഒരു സമയത്ത് ഞാന്‍ അടിമാലിയിലെ എന്റെ ലാബില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു അമ്പലത്തില്‍ നിന്ന് പിരിവുകാര്‍ വന്നു. എന്റെ കൈയ്യില്‍ അവര്‍ക്ക് കൊടുക്കാന്‍ കാശുണ്ടായിരുന്നില്ല. ഞാന്‍ ഓടി ടോയ്‌ലറ്റില്‍ കയറി. സാധാരണ ഞാന്‍ ന്യൂസ് പേപ്പര്‍ വായിക്കാറില്ല. ആരെങ്കിലും വാര്‍ത്തകള്‍ പറഞ്ഞ് കേള്‍ക്കുന്നതാണ് എനിക്ക് ഇഷ്ടം. പക്ഷെ അന്നു ഞാന്‍ ഒരു മനോരമ പേപ്പറും കൈയ്യില്‍ പിടിച്ചായിരുന്നു ടോയ്‌ലറ്റിലേക്ക് ഓടിയത്. കാരണം ഇവര്‍ പോകുന്നത് വരെ വെറുതേ ഇരിക്കണമല്ലൊ. അങ്ങനെയിരുന്ന് വായിച്ചപ്പോഴാണ് വെറുതേ അല്ല ഭാര്യയുടെ പരസ്യം കണ്ടത്. അതില്‍ കാണുന്ന നമ്പറിലേക്ക് താല്‍പ്പര്യമുണ്ടെന്ന് ഞാന്‍ മെസ്സേജ് അയച്ചു. കുറച്ച് കഴിഞ്ഞ് ബയോഡാറ്റ അയക്കാനായിട്ട് അവര്‍ തിരിച്ച് മെസേജ് അയച്ചു. പിരിവുകാര്‍ പോയപ്പോള്‍ ഞാന്‍ പുറത്തിറങ്ങി ബയോഡാറ്റ അയച്ചു. അങ്ങനെ സെലക്ട് ചെയ്തു. ഓഡീഷനായിട്ട് ഞാനും വൈഫും പോയി. ഇന്‍ര്‍വ്യൂവില്‍ പാസായി. കടമ്പകളെല്ലാം കടന്ന് ഫൈനലിലെത്തി. വിന്നറായി. പണ്ട് സിനിമ എന്ന മോഹം ഉപേക്ഷിച്ച ഞാന്‍ ചാനലിലേക്ക് വന്നപ്പോള്‍ വീണ്ടും സിനിമയോടുള്ള മോഹം വന്നു. ഒരു ദിവസം രാത്രി ഒന്നരയ്ക്ക് എനിക്ക് ഒരു ഫോണ്‍കോള്‍ വന്നു. അത് ആഷിക് അബുവായിരുന്നു. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷമായിരുന്നു അത്. ദൈവത്തിന്റെ അനുഗ്രഹംകൊണ്ട് പതിനേഴ് സിനിമകള്‍ ഇത് വരെ ചെയ്തു. കുറേ ഹിറ്റ്‌മേക്കേര്‍സിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. ഇനിയെന്റെ സ്വപ്‌നം കമല്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കണമെന്നുള്ളതാണ്. സാര്‍ ഒരുതവണ വിളിച്ചിരുന്നു എനിക്ക് പറ്റിയില്ല. ഇനിയുള്ള രണ്ട് സിനിമ പുതിയ ഡയറക്ടേര്‍സിന്റെ കൂടെയുള്ളതാണ്.

  • പൊതുവേ തടിയുള്ളവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് സമൂഹത്തിന്റെ ഒരു കാഴ്ച്ചപ്പാട്. അത് തെറ്റാണെന്ന് ബേസില്‍ തെളിയിച്ചു. എന്ത് തോന്നുന്നു?

അതിന് ഞാന്‍ എന്റെ നാട്ടുകാരോടും കൂട്ടുകാരോടും നന്ദി പറയുന്നു. ഡാ തടിയാ എന്നായിരുന്നു എന്നെ എല്ലാവരും വിളിച്ചിരുന്നത്. അന്നൊക്കെ എന്നെ തടിയാ എന്നു വിളിച്ചാല്‍ എനിക്ക് അടിക്കാന്‍ പറ്റിയ കേസാണെങ്കില്‍ ഞാന്‍ അവരെ അടിക്കുമായിരുന്നു. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ ഇവരെക്കാള്‍ കൂടുതല്‍ വിദ്യകള്‍ പഠിക്കണമെന്ന് എനിക്ക് വാശിയായി. ജയനും നസീറും അഭിനയിച്ച പിച്ചാത്തി കുട്ടപ്പന്‍ എന്നൊരു സിനിമ കണ്ടിട്ട് ഞാനും എന്റെ അനിയനും കൂടെ അത് വീട്ടില്‍ നിന്ന് അഭിനയിച്ചു. ചിത്രത്തില്‍ ഒരു കത്തിയെടുത്ത് കുത്തുന്ന സീനെല്ലാം ഉണ്ട്. അത്‌പോലെ വീട്ടില്‍ നിന്ന് അഭിനയിക്കുമ്പോള്‍ ഞാന്‍ ആ കത്തിയെടുത്ത് കുത്തുന്ന സീന്‍ കാണിക്കാന്‍ ഒറിജിനല്‍ കത്തിയെടുത്ത് അഭിനയിച്ചു. കുത്താന്‍ പോവുന്ന സീന്‍ കാണിക്കുമ്പോഴാണ് അപ്പന്‍ കയറിവരുന്നത്. അന്ന് അപ്പന്‍ എന്നെ കെട്ടിയിട്ട് തല്ലി. അതോടെ സിനിമാ മോഹം അവിടെവെച്ച് സ്‌റ്റോപ്പ് ചെയ്തു. പിന്നെ അവിടുന്ന് ഞാന്‍ കളരി പഠിക്കാന്‍ പോയി. എല്ലാത്തിലും ആക്ടീവായി. ഇപ്പോള്‍ തടിയാ എന്നു പറഞ്ഞാല്‍ എനിക്ക് രസമാണ്. കാരണം തടിയാണെന്നു പറഞ്ഞ് ഞാനൊരു കയറ്റം കയറുമ്പോള്‍ പറയുന്നവര്‍ക്ക് അതൊരു രസമായിരിക്കും. കളരിയാണ് എനിക്ക് എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഗട്ട്‌സ് തന്നത്. കളരി പഠിച്ചുകഴിഞ്ഞാല്‍ നമുക്ക് ആരുടേയും മുന്നില്‍ തോല്‍ക്കേണ്ടി വരില്ല. മാനസ്സികമായും ശാരീരികമായും നമ്മള്‍ നല്ല കരുത്തരായിരിക്കും. എല്ലാ കുട്ടികളും എന്തെങ്കിലുമൊരു മാര്‍ഷല്‍ ആര്‍ട്‌സ് ചെറുപ്പത്തില്‍ പഠിക്കുന്നത് നല്ലതാണ്.

  • അഭിനയത്തിനോടൊപ്പം ബിസിനസ്സും എങ്ങനെയാണ് ഒന്നിച്ച്‌കൊണ്ട് പോകുന്നത്?

ഇപ്പോള്‍ ഞാനൊരു ബിസിനസ്സുകാരനാണ്. മെഡിക്കല്‍ ഇന്‍ഡസ്ട്രി നമ്മളെ നല്ലൊരു പേഴ്‌സണാക്കി മാറ്റും. ആ ട്രെയിനിംഗിലൂടെ ബിസിനസ്സിന്റെ പാഠങ്ങള്‍ ഞാന്‍ അവിടെ നിന്നു പഠിച്ചു. കല്ല്യാണം കഴിഞ്ഞ് ബിസിനസ്സ് സ്വന്തമായി സ്റ്റാര്‍ട്ട് ചെയ്തു. അത് ഇടയ്ക്ക് പരാജയപ്പെട്ടപ്പോള്‍ ഒരു ബിസിനസ്സ് എന്തുകൊണ്ട് പരാജയപ്പെടും എന്ന പാഠവും ഞാന്‍ പഠിച്ചു. കുക്കറി ഷോ ചെയ്ത് തുടങ്ങിയപ്പോള്‍ ഞാന്‍ കാറ്ററിംഗ് ബിസിനസ്സ് ആരംഭിച്ചു. എന്റെ ജീവിതത്തില്‍ ഓരോ ദിവസം നടത്തേണ്ട ബിസിനസ്സ് കാര്യങ്ങള്‍ക്കെല്ലാം ഞാനൊരു ഓഡര്‍ കൊടുത്തിട്ടുണ്ട്. എന്നെ ജനങ്ങളെല്ലാം അറിയും. എന്റെതായ രീതിയില്‍ ഞാന്‍ എന്നെ മാര്‍ക്കറ്റ് ചെയ്യും. എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ എന്റെ സ്റ്റാഫും പാര്‍ട്ണര്‍മാരുമെല്ലാം ഉണ്ട്. അങ്ങനെ വളരെ നന്നായിട്ട് എന്റെ ബിസിനസ്സ് മുന്നോട്ട് പോകുന്നുണ്ട്. ഇപ്പോള്‍ ബിസിനസ്സ് അപ്‌ഡേഷന്റെ പുറകേയാണ് ഞാന്‍.

  • കുക്കറിയേക്കുറിച്ച് ?

ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മളെല്ലാവരും ഭക്ഷണത്തെ ഇഷ്ടപ്പടുന്നവരാണ്. ഭക്ഷണത്തോടുള്ള ആഗ്രഹം എനിക്ക് കുഞ്ഞുനാള്‍ മുതലേ ഉണ്ടായിരുന്നു. പുതിയൊരു ഭക്ഷണത്തെക്കുറിച്ച് കേട്ടുകഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ഞാനിരുന്നു അതിന്റെ റെസിപ്പി പഠിക്കുമായിരുന്നു. എന്നിട്ട് അത് പരീക്ഷിച്ച് നോക്കും. പുതിയ ടേസ്റ്റിനോടുള്ള ആഗ്രഹവും അത് ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് കൊടുക്കണമെന്ന ആഗ്രഹവുമുണ്ടെങ്കില്‍ ആരും ഷെഫാവും.

  • പുതിയ ശ്രമങ്ങള്‍ എന്തെല്ലാമാണ്?

ചെറുപ്പം മുതല്‍ എന്നെ മറ്റുള്ളവര്‍ കളിയാക്കിയത്‌കൊണ്ട് തന്നെ അവരുടെ മുന്നില്‍ ആളാവാന്‍ വേണ്ടി എന്തും ചെയ്യാന്‍ മനസ്സുളളവനായിരുന്നു ഞാന്‍. ചമ്രം പടിയിട്ടിരിക്കലാണ് തടിയന്‍മാരുടെ ഒരു വലിയ വിഷയം. അങ്ങനെയിരുന്നാണ് ഞാന്‍ സംഗീതം പഠിച്ച് തുടങ്ങിയത്. ആദ്യം ഞാന്‍ പാട്ടുപഠിക്കാന്‍ ചെന്നപ്പോള്‍ എനിക്ക് പാട്ടുപാടാന്‍ അറിയില്ല, കഴിവില്ല എന്നു പറഞ്ഞ് എനിക്ക് ആ അവസരം കിട്ടിയില്ല. അങ്ങനെ എനിക്ക് വാശിയായി. പള്ളിയില്‍ ക്വയര്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ഭിത്തിയില്‍ ഏറ്റവും പുറകില്‍ ചാരിയിരുന്നു ഉറക്കെ പാടും. ആരും കേള്‍ക്കില്ലല്ലോ..വിന്‍സന്റ് മാഷ് ആണ് എന്നെ ആദ്യമായി സംഗീതം പഠിപ്പിച്ചത്. കുറച്ച് നാള്‍ കഴിഞ്ഞ് ജോലിയൊക്കെ കിട്ടിയപ്പോള്‍ അത് നിന്നുപോയി. ഇപ്പോള്‍ എനിക്ക് വീണ്ടും ആഗ്രഹം വന്നു തുടങ്ങി. അപ്പോള്‍ പുല്ലാങ്കുഴല്‍ പഠിച്ചു തുടങ്ങി. വോക്കല്‍ മ്യൂസിക്ക് വീണ്ടും ഞാന്‍ പഠിച്ചതിന്റെ പിന്‍തുടര്‍ച്ചയായിട്ട് പഠിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. സംഗീതം ഒരു ലഹരിയാണ്. ഒരവസരത്തില്‍ ഞാന്‍ നിങ്ങളുടെ മുന്‍പില്‍ പാട്ടുപാടാന്‍ വരുമായിരിക്കും.

  • ഗിന്നസ്സ് റെക്കോര്‍ഡിന് ശ്രമിയ്ക്കുന്നു എന്ന് കേട്ടു. എന്താണ് ശ്രമം?

അതിന്റെ സമയമായിട്ടില്ല എന്നാണ് എന്റെ മനസ്സ് പറയുന്നത്. അത്‌കൊണ്ട് ഞാന്‍ എന്താണ് പ്ലാന്‍ എന്നു പറയുന്നില്ല. ദൈവം അനുവദിച്ചാല്‍ ഒരു പ്രത്യേക രീതിയില്‍ ഒരു ഗിന്നസ്സ് റക്കോര്‍ഡിന് ശ്രമിക്കും. തടിയൊക്കെയുള്ള ഒരാളല്ലെ..തടികൂട്ടി ഗിന്നസ് റെക്കോര്‍ഡ് നേടുക അല്ലെങ്കില്‍ തടിവെച്ച് എന്തെങ്കിലും ചെയ്ത് ഗിന്നസ് റെക്കോര്‍ഡ് നേടുക എന്നതാണ് ആഗ്രഹം. ഡാ തടിയാ എന്നു വിളിച്ചവരേക്കാളും ഒരുപടി മുകളില്‍ നില്‍ക്കാന്‍ വേണ്ടി ഒരു ഗിന്നസ് റെക്കോര്‍ഡ് നേടാനാണ് എന്റെ ആഗ്രഹം. നടക്കുമെന്നൊന്നും പറയുന്നില്ല. സ്വപ്‌നം കാണുന്നതിന് ടാക്‌സൊന്നുമില്ലല്ലൊ…എന്റെ സ്വപ്‌നമാണത്.

  • ഈ തടിയുംവെച്ചിട്ട് എങ്ങനെയാണ് വെള്ളത്തിലെ അഭ്യാസങ്ങള്‍ നടത്തുന്നത്?

എന്റെ കളരി പഠിപ്പിച്ച സാര്‍ എന്നെ ആ കാലത്ത് ജലശയനം എന്ന വിദ്യയെക്കുറിച്ച് തിയറി പറഞ്ഞ് തന്നു. ഞാന്‍ സഗീതം പഠിക്കുന്ന കാലത്ത് പ്രാക്ടീസ് ചെയ്യാനായിട്ട് വെള്ളത്തിലിറങ്ങി നില്‍ക്കുമായിരുന്നു. അതെന്താണെന്നുവെച്ചാല്‍ നാലരയ്ക്ക് എഴുന്നേറ്റ് വീട്ടിലിരുന്ന് പാട്ടുപാടിയാല്‍ എല്ലാവരും എന്നെ വഴക്ക് പറയും. അപ്പോള്‍ ആകെയുള്ള മാര്‍ഗ്ഗം കുളത്തില്‍ പോയി പാടുക എന്നതാണ്. അപ്പോള്‍ ചെറിയ മീന്‍ വന്ന് എന്റെ കാലില്‍ തൊടുമ്പോള്‍ എനിക്ക് ഇക്കിളിയാവുമായിരുന്നതിനാല്‍ ഞാനിങ്ങനെ വെള്ളത്തില്‍ നിന്ന് പൊങ്ങുമായിരുന്നു. മാഷ് പറഞ്ഞ തിയറി എന്റെ തലയിലുണ്ട്. അങ്ങനെ ശ്രമിച്ച് ശ്രമിച്ച് അഞ്ച് മിനുറ്റോളം വെള്ളത്തില്‍ ഞാന്‍ പൊങ്ങിക്കിടന്നു. ഇത് സാറിന്റെയടുത്ത് പറഞ്ഞപ്പോള്‍ സാര്‍ ഈ വിദ്യയുടെ ബാക്കി കാര്യങ്ങള്‍ കൂടെ പറഞ്ഞു തന്നു. അത്‌പോലെ പ്രാക്ടീസ് ചെയ്തു. ഇപ്പോള്‍ എനിക്ക് എത്രനേരം വേണമെങ്കിലും വെള്ളത്തില്‍ കിടക്കാന്‍ ബുദ്ധിമുട്ടില്ല. വെള്ളത്തില്‍ കിടന്ന് ഉറങ്ങാറുമുണ്ട്. ബെഡ്ഡില്‍ കിടക്കുന്നതിനേക്കാള്‍ സുഖമാണ് വെള്ളത്തില്‍ കിടക്കാന്‍.

  • പ്രൊഡക്ഷന്‍ മേഖലയൊക്കെ ചിന്തിച്ച് തുടങ്ങിയോ?

അത്രയൊന്നും ചിന്തിക്കാറായില്ല. കൊച്ചുപിള്ളേരെയൊക്കെ എടുത്തു നടക്കാമെന്നല്ലാതെ വലിയൊരാളെ എടുത്തുനടക്കാനുള്ള കപ്പാസിറ്റി എനിക്കായില്ല. പക്ഷെ ദൈവം കൂടെയുണ്ടെങ്കില്‍ ഇതൊന്നും എന്നെ സംബന്ധിച്ച് അസാധ്യമല്ല എന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനെയൊരു അവസ്ഥ ഉണ്ടെങ്കില്‍ ദൈവം എന്റെ മനസ്സില്‍ തോന്നിക്കും. തീര്‍ച്ചായായിട്ടും അപ്പോള്‍ അത് ചെയ്യും.

  • അഭിനയമല്ലാതെ മറ്റു ക്രിയേറ്റീവായിട്ടുള്ള കാര്യങ്ങള്‍..എന്തെങ്കിലും?

ഓരോ കഥകളൊക്കെ ഞാന്‍ ഉണ്ടാക്കി പറയാറുണ്ട്. സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ കഥാ രചനയ്‌ക്കൊക്കെ നില്‍ക്കുമായിരുന്നു. എന്റെ മകന് ഒരുപാട് കഥകള്‍ ഉണ്ടാക്കി പറഞ്ഞ് കൊടുക്കുമായിരുന്നു.

  • ഫാമിലി സപ്പോര്‍ട്ട്?

എന്റെ അപ്പച്ചന്‍ എം.ജി തോമസ്. ഒരു അധ്യാപകനായിരുന്നു. അമ്മച്ചി ഹൗസ് വൈഫായിരുന്നു. അനിയന്‍ ബിനു, പെങ്ങള്‍ ബീന എന്നിവരാണ്. വൈഫ് സുമ. എല്ലാവരും അറിയും. മകന്‍ എല്‍ദോ. ഞങ്ങള്‍ കുഞ്ഞുണ്ണി എന്നാണ് വിളിക്കാറ്. ഇതാണ് എന്റെ കുടുംബം. എന്റെ കുടുംബം എനിക്ക് വളരെ സപ്പോര്‍ട്ടാണ്. മകനും വൈഫുമെല്ലാം എനിക്ക് കട്ട സപ്പോര്‍ട്ടാണ്. അത്‌കൊണ്ടാണ് എനിക്കിതൊക്കെ ചെയ്യാന്‍ പറ്റുന്നത്. വെറുതേയല്ലാത്തൊരു ഭാര്യയെ കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.