ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് മലയാളത്തില്‍ നിന്ന് ‘ഉയരെ’

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരിക്കാനൊരുങ്ങി മലയാളത്തില്‍ നിന്ന് ‘ഉയരെ’യും. മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍വതിയായിരുന്നു പ്രധാന കഥാപാത്രമായെത്തിയത്. നവാഗത സംവിധായകന്‍ ഒരുക്കിയ ചിത്രത്തിനുള്ള പുരസ്‌കാരത്തിനാണ് ഉയരെ പരിഗണിക്കപ്പെടുക. ഇന്ത്യയില്‍ നിന്ന് ഹെല്ലാരോ എന്ന സിനിമയും മത്സരത്തിനുണ്ട്.

അല്‍ജേറിയന്‍ സിനിമ എണ്‍ബൌ ലെയ്‌ല, കൊറിയന്‍ സിനിമ റൊമാംഗ്, റൊമാനിയന്‍ സിനിമ മോണ്‍സ്‌റ്റേഴ്‌സ്, യുഎസ് സിനിമ മൈ നേയിം ഈസ് സാറ, ക്ലീയോ എന്നീ സിനിമകളാണ് ഈ വിഭാഗത്തില്‍ മത്സരിക്കുക. നവാഗത പുരസ്‌കാരം രജത മയൂരവും പ്രശസ്തിപത്രവും 10,000,00 രൂപയുടെ ക്യാഷ് അവാര്‍ഡും ഉള്‍പ്പെടുന്നതാണ്. ചലച്ചിത്രോത്സവം അടുത്തമാസം 20 മുതല്‍ 28 വരെയാണ് നടക്കുക.